Connect with us

National

കൊളീജിയത്തിന് പകരം എന്ത്? സര്‍ക്കാറിന് കടുത്ത ആശയക്കുഴപ്പം

Published

|

Last Updated

ന്യൂഡല്‍ഹി: ന്യായാധിപരെ തിരഞ്ഞെടുക്കാനുള്ള കൊളീജിയം സംവിധാനം മാറ്റുമ്പോള്‍ പകരം എന്ത് വേണമെന്നതില്‍ സര്‍ക്കാറിന് ആശയക്കുഴപ്പം. പുതിയ ബില്‍ വഴി തിരഞ്ഞെടുപ്പ് സംവിധാനം പരിഷ്‌കരിക്കാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ വിവിധ സാധ്യതകള്‍ നിലനില്‍ക്കുകയാണ്. അധ്യക്ഷനും അംഗങ്ങള്‍ക്കും നിശ്ചിത കാലം നിശ്ചയിച്ച് നല്‍കുന്ന സ്ഥിരം സംവിധാനം ആയിരിക്കണം ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷന്‍ (ജെ എ സി)എന്നതാണ് ഒരു സാധ്യത. യു പി എ സര്‍ക്കാര്‍ മുന്നോട്ട് വെച്ച ബില്ലില്‍ പറയുന്നത് പോലെ കമ്മീഷന്‍ എക്‌സ് ഓഫീഷ്യോ സമിതിയായാല്‍ മതിയെന്നതാണ് രണ്ടാമത്തെ സാധ്യത. നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതിനാല്‍ നിയമ വകുപ്പ് ഈ രണ്ട് സാധ്യതകളും വിശദമായി പഠിക്കുകയാണ്.
ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷ(ജെ എ സി)ന്റെ അധ്യക്ഷന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കുമെന്നും രണ്ട് മുതിര്‍ന്ന ജഡ്ജിമാരും രണ്ട് പ്രമുഖ വ്യക്തികളും നിയമ മന്ത്രിയും അംഗങ്ങളായിരിക്കുമെന്നുമാണ് യു പി എ സര്‍ക്കാറിന്റെ ബില്ലില്‍ പറയുന്നത്. നീതിന്യായ സെക്രട്ടറി ആയിരിക്കും കണ്‍വീനര്‍. രണ്ട് പ്രമുഖ വ്യക്തികളെ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ചേര്‍ന്ന പാനല്‍ നിര്‍ദേശിക്കും. ഇപ്പോള്‍ വഹിക്കുന്ന പദവിയിലിരിക്കുന്നിടത്തോളം കാലം മാത്രമേ എക്‌സ്ഒഫീഷ്യാ സംവിധാനത്തില്‍ ഒരാള്‍ ജെ എ സിയില്‍ അംഗമായിരിക്കൂ.
കഴിഞ്ഞ സര്‍ക്കാറിന് പാസ്സാക്കാന്‍ സാധിക്കാതിരുന്ന ബില്ലില്‍ സമൂലമായ മാറ്റത്തിന് എന്‍ ഡി എ സര്‍ക്കാര്‍ മുതിരാനിടയില്ല. അന്ന് പ്രതിപക്ഷത്തായിരുന്ന എന്‍ ഡി എയും ഭരണകക്ഷിയായ കോണ്‍ഗ്രസും ഒരു പോലെ മുന്നോട്ട് വെച്ച ആശങ്ക ജെ എ സിയുടെ ഘടനയില്‍ അതാത് കാലത്ത് വരുന്ന സര്‍ക്കാറുകള്‍ മാറ്റം വരുത്തുന്ന സ്ഥിതിയുണ്ടായേക്കാമെന്നാണ്. എന്നാല്‍ ഇത് പരിഹരിക്കാന്‍ ജെ എ സിക്ക് ഭരണഘടനാ പദവി നല്‍കണം. അതിന് മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയുള്ള ഭരണഘടനാ ഭേദഗതി വേണം. ഈ ഘട്ടത്തിലേക്ക് നീങ്ങാന്‍ എന്‍ ഡി എക്ക് ഇപ്പോള്‍ താത്പര്യമില്ലെന്നാണ് അറിയുന്നത്.
എന്നാല്‍ നിര്‍ദിഷ്ട പാനലിന്റെ ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തും. ജെ എ സിയിലെ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നതായിരിക്കും അതില്‍ പ്രധാനം. നീതിന്യായ വിഭാഗത്തിന് സമിതിയില്‍ മേല്‍ക്കൈ ഉണ്ടാകാന്‍ വേണ്ടിയാണത്രേ ഇത്. 2003ല്‍ അന്നത്തെ എന്‍ ഡി എ സര്‍ക്കാര്‍ കൊളീജിയം സംവിധാനം മാറ്റാന്‍ ശ്രമിച്ചിരുന്നു, പക്ഷേ ഫലം കണ്ടില്ല. അന്ന് അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു നിയമമന്ത്രി. ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന സംവിധാനം തുടങ്ങിയത് 1993ലാണ്. അതിന് മുമ്പ് സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയോഗിച്ചിരുന്നത് സര്‍ക്കാറായിരുന്നു. 1993ല്‍ ഈ സമ്പ്രദായം മാറ്റണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. അതാണ് കൊളീജിയം സമ്പ്രദായം നിലവില്‍ വരുന്നതിലേക്ക് നയിച്ചത്.

Latest