Connect with us

Kerala

അഗ്രോ മീറ്റിന് കൊച്ചി വേദിയാകും

Published

|

Last Updated

മലപ്പുറം: കൃഷിയെയും ഭക്ഷ്യ സംരക്ഷണത്തെയും കുറിച്ചുള്ള ആഗോള സമ്മേളനത്തിന് കൊച്ചി വേദിയാകും. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ വരുന്ന നവംബര്‍ ആറ്, ഏഴ് തീയതികളില്‍ കൊച്ചി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അഗ്രോ മീറ്റ്-2014 എന്ന പേരില്‍ ആഗോള സമ്മേളനം സംഘടിപ്പിക്കുക.
ആഗോള ജൈവ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് വളര്‍ന്നുവരുന്ന ഇന്ത്യന്‍ ജൈവ വിപണിയില്‍ പങ്കാളികളാകുന്നതിനും മുതല്‍ മുടക്കുന്നതിനും തങ്ങളുടെ ജൈവ ഉത്പന്നങ്ങളെ നിലവാരമുള്ള വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനും അഗ്രോ മീറ്റ് വഴിയൊരുക്കും. കൃഷിക്കാരെയും സര്‍ക്കാരിനെയും വ്യവസായത്തേയും ഏകോപിപ്പിക്കുന്ന ഗ്ലോബല്‍ അഗ്രോ മീറ്റ് കാര്‍ഷിക മേഖലയില്‍ കൂട്ടുപ്രവര്‍ത്തനത്തിനുള്ള അരങ്ങൊരുക്കും. കാര്‍ഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യകള്‍ സാംശീകരിക്കുന്നതിനും നവീന കൃഷി രീതികള്‍ പരിചയപ്പെടുന്നതിനും ഭാവിയില്‍ ഈ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഈ മേള സഹായകരമാകും.
കാര്‍ഷിക മേഖലയില്‍ ഉയര്‍ന്ന് വരുന്ന പുതിയ വെല്ലുവിളികളെ കുറിച്ച് ചര്‍ച്ചചെയ്യുന്നതിനും വിപണികളെ കാര്യക്ഷമമായി ബന്ധിപ്പിക്കുന്നതിന് പുതിയ നയരേഖകള്‍ രൂപവത്കരിക്കുന്നതിനും സമ്മേളനം സാക്ഷ്യം വഹിക്കും. വൈവിധ്യമാര്‍ന്ന പ്രകൃതി വിഭവങ്ങളും ഊര്‍ജ്ജസ്വലമായ ഉപഭോക്തൃ വിപണിയും കൊണ്ട് സമ്പന്നമായ കേരളം കൃഷി, മൃഗപരിപാലനം, അഗ്രോ പ്രൊസസ്സിംഗ്, ഫിഷറീസ് എന്നീ മേഖലകളില്‍ പുതിയ കുതിച്ച് ചാട്ടത്തിനാണ് അഗ്രോ മീറ്റിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തെ ഒരു ഹൈടെക് സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ എല്ലാ പഞ്ചായത്തുകളിലും ഗ്രീന്‍ ഹൗസുകളുടെ നിര്‍മാണം, അത്യുത്പാദന ശേഷിയുള്ള വിത്തുകളുടെ നിര്‍മാണ കേന്ദ്രങ്ങള്‍, ഫലപ്രദമായ സാങ്കേതിക വിനിമയത്തിനുള്ള കേന്ദ്രങ്ങള്‍ എന്നിവ ഇപ്പോള്‍ തന്നെ നടപ്പിലാക്കി വരുന്നുണ്ട്. ആഗോള കൃഷി സമ്മേളനത്തിലൂടെ കേരളത്തിന്റെ ജൈവ ഉത്പന്നങ്ങളെ ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതിന് അവസരമൊരുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

---- facebook comment plugin here -----

Latest