Connect with us

Kerala

മഴ: ഒരാഴ്ച സൗജന്യ റേഷന്‍, രണ്ട് ലക്ഷം രൂപ ധനസഹായം

Published

|

Last Updated

തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മലബാറില്‍ പലയിടത്തും മധ്യ കേരളത്തിലെ മലയോര മേഖലയിലും മഴ തുടരുന്നു. അടുത്ത 48 മണിക്കൂര്‍ കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാലവര്‍ഷ കെടുതികളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 53 ആയി. ജൂണ്‍ മുതല്‍ ഇതുവരെ 71 പേര്‍ മരിച്ചിട്ടുണ്ട്.

മഴക്കെടുതില്‍ മരിച്ചവരുടെ അടുത്ത ബന്ധുവിന് രണ്ട് ലക്ഷം രൂപ സഹയാധനമായി നല്‍കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ ഒഴാഴ്ചത്തേക്ക് സൗജന്യ റേഷന്‍ നല്‍കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. മഴക്കെടുതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഒന്നര ലക്ഷം രൂപക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് അമ്പതിനായിരം രൂപയും ചേര്‍ത്താണ് രണ്ട് ലക്ഷം രൂപ നല്‍കുന്നത്. വീട്ടില്‍ വെള്ളം കയറിയവര്‍, വീട് വെള്ളത്താല്‍ ചുറ്റപ്പെട്ടവര്‍ എന്നിവര്‍ക്കാണ് സൗജന്യ റേഷന്‍.
സംസ്ഥാനത്ത് ഇതുവരെ 51 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇവിടങ്ങളിലായി 8,651 പേരാണ് താമസിക്കുന്നത്. ദുരിതാശ്വാസ ക്യമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണത്തിനായി പ്രതിദിനം അനുവദിക്കുന്ന തുക എഴുപത് രൂപയായി വര്‍ധിപ്പിക്കാനും തീരുമാനമായി. നേരത്തെ ഇത് 35 രൂപയായിരുന്നു. വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും അനുവദിക്കും. വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നത് 75,000 രൂപയാണ്. ശേഷിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നല്‍കും. വീട് ഭാഗികമായി തകര്‍ന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കും.
മഴ തുടരുന്നതിനാല്‍ പ്രധാന സംഭരണികളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 42.64 ശതമാനം വെള്ളമുണ്ട്. ശബരിഗിരിയില്‍ 44.46 ശതമാനം വെള്ളമാണുള്ളത്. ഇടമലയാറില്‍- 58, ഷോളയാറില്‍- 55 ശതമാനം വീതമാണ് ജലനിരപ്പ്. നിലവില്‍ സംസ്ഥാനത്താകെയുള്ള സംഭരണികളില്‍ 49 ശതമാനം ജലം ഉണ്ട്. 2012 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണിത്. ഇന്നലെ മാത്രം 84 മില്യന്‍ യൂനിറ്റ് ഉത്പാദിപ്പിക്കാനുള്ള ജലം സംഭരണികളിലേക്ക് ഒഴുകിയെത്തി. ഇതോടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പശ്ചിമ ബംഗാള്‍ തീരത്തിനടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദ മേഖലയും പടിഞ്ഞാറന്‍ തീരത്തെ മണ്‍സൂണ്‍ പാത്തിയുമാണ് മഴ ശക്തമായി തുടരാന്‍ ഇടയാക്കിയത്. വെള്ളിയാഴ്ച വരെ വ്യാപകമായ മഴ ലഭിക്കുമെന്നും ശേഷം കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.