Connect with us

International

'ഗാസ അന്താരാഷ്ട്ര കോടതിയില്‍ എത്തുന്നത് തടയണം'

Published

|

Last Updated

കൈറോ: ഗാസ മുനമ്പിലെ ആക്രമണങ്ങള്‍ അന്താരാഷ്ട്ര കോടതിയില്‍ എത്തുന്നത് തടയണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളോട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഐപകിന്റെ അതിഥികളായി ഇസ്‌റാഈല്‍ സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് അംഗങ്ങളോടാണ് നെതന്യാഹു ഈ ആവശ്യം ഉന്നയിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, തങ്ങളുടെ ആവശ്യങ്ങള്‍ ഇസ്‌റാഈല്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്ന് അവസാനിക്കുന്ന താത്കാലിക വെടിനിര്‍ത്തല്‍ പുതുക്കാന്‍ തയ്യാറല്ലെന്ന് ഹമാസ് നേതാവ് അറിയിച്ചു. യഥാര്‍ഥ ലക്ഷ്യം കാണാനാകാതെ വെടിനിര്‍ത്തല്‍ പുതുക്കാന്‍ സാധിക്കില്ലെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ റസ്‌വാന്‍ പറഞ്ഞു. അടുത്ത 72 മണിക്കൂര്‍ നേരത്തേക്ക് കൂടി നിരുപാധികം വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ഇസ്‌റാഈല്‍ സര്‍ക്കാര്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍ ഇസ്‌റാഈല്‍ സേന നടത്തിയ അന്താരാഷ്ട്ര യുദ്ധക്കുറ്റങ്ങള്‍ ഐ സി സിയില്‍ എത്തുന്നതിനെ തടയാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് നെതന്യാഹു അഭ്യര്‍ഥിച്ചു. ഇസ്‌റാഈലല്ല മറിച്ച് ഹമാസാണ് യുദ്ധക്കുറ്റങ്ങള്‍ ചെയ്തതെന്നാണ് ലോകം കരുതുന്നതെന്നും കോണ്‍ഗ്രസ് അംഗങ്ങളോട് നെതന്യാഹു പറഞ്ഞു.
അതേസമയം, ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്‌റാഈലിനെയും ഹമാസിനെയും എത്തിക്കുന്നത് ക്ലേശകരമാണെന്ന് ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ പറഞ്ഞു. നാല് ആഴ്ച ഗാസയില്‍ നടത്തിയ ക്രൂര ആക്രമണങ്ങളെ കഴിഞ്ഞ ദിവസം നെതന്യാഹു ന്യായീകരിച്ചിരുന്നു. ഗാസയിലെ ദുരിതത്തിന് കാരണം ഹമാസാണെന്നും വെസ്റ്റ് ജറുസലമില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ അഗാധമായി ഖേദിക്കുന്നു. ഗാസന്‍ ജനതയല്ല തങ്ങളുടെ ശത്രു, ഹമാസാണ്. നെതന്യാഹു പറഞ്ഞു. ഹമാസ് ആക്രമണത്തിനുള്ള അനിവാര്യ മറുപടിയാണ് ആയിരക്കണക്കിന് സാധാരണക്കാരെയും കുട്ടികളെയും കൊന്നുള്ള ഇസ്‌റാഈലിന്റെ ആക്രമണമെന്ന തരത്തിലാണ് നെതന്യാഹുവിന്റെ ന്യായീകരണം.
ലോകത്തെ നാണിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന തരത്തിലാണ് ഗാസയിലെ ആള്‍നാശമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞ ഉടനെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. യു എന്‍ കേന്ദ്രങ്ങളിലുണ്ടായ ആക്രമണവും മറ്റ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സംശയിക്കപ്പെടുന്ന കാര്യങ്ങളും എത്രയും വേഗം അന്വേഷിക്കണമെന്നും ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest