Connect with us

National

വര്‍ഗീയ കലാപങ്ങള്‍ ആസൂത്രിതമെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

rahul gandhiന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ വര്‍ഗീയ ലഹളകള്‍ മുന്‍കൂട്ടി തയാറാക്കിയതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. പാവപ്പെട്ടവരെ വേര്‍തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. യഥാര്‍ഥ ശത്രുവായ അസമത്വം, പട്ടിണി, തൊഴിലില്ലായ്മ എന്നിവ മറച്ചുവെച്ച് സഹോദരന്‍മാരെ തമ്മിലടിപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ രാജ്യത്തുടനീളം നടത്തിവരുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ ലഹളകള്‍ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്ന് കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ പ്രതിപക്ഷ എം പിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് രാഹുലായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രതികരണം.
സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും രാജ്യത്ത് ഒരു വ്യക്തിയുടെ ശബ്ദം മാത്രം കേട്ടാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാറിനെന്നും നേരത്തെ രാഹുല്‍ ആരോപിച്ചിരുന്നു.
അതേസമയം രാഹുലിന്റെ ആരോപണങ്ങള്‍ക്ക് ബി ജെ പിയും തിരിച്ചടിച്ചു. ബി ജെ പിയെ കടന്നാക്രമിക്കുന്ന രാഹുലിന്റെ ശൈലി പ്രയോജനശൂന്യമായ ചിന്തയാണ്. കാരണം സാമുദായിക രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വക്താക്കള്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് പരിസ്ഥിതി സഹ മന്ത്രി പ്രകാശ് ജാവദേകര്‍ ആരോപിച്ചു.
മതേതരത്വം പറഞ്ഞുള്ള രാഹുലിന്റെ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാകുമെന്ന് ബി ജെ പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ജനങ്ങള്‍ അവരെ നിരാകരിച്ചത് ഇപ്പോഴും കോണ്‍ഗ്രസ് മനസ്സിലാക്കിയിട്ടില്ല. സ്വന്തം പാര്‍ട്ടിയെ രാഷ്ട്രീയമായി ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് രാഹുല്‍ നടത്തേണ്ടതെന്നും നഖ്‌വി ഉപദേശിച്ചു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ചേര്‍ന്ന് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് ബേങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് മറ്റൊരു ബി ജെ പി നേതാവായ സിദ്ധാര്‍ഥ്‌നാഥ് സിംഗ് ആരോപിച്ചു.

 

Latest