Connect with us

Eranakulam

കൊച്ചി മെട്രോ: റീടെന്‍ഡറിലൂടെ ലാഭിച്ചത് 173 കോടി രൂപ

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ കോച്ചുകള്‍ ലഭ്യമാക്കുന്നതിനുള്ള കരാര്‍ ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമിന്. ഇന്നലെ നടന്ന റീടെന്‍ഡറില്‍ ഒരു കോച്ചിന് 8.44 കോടി രൂപയാണ് അല്‍സ്റ്റോം ക്വാട്ട് ചെയ്തത്. ഹ്യുണ്ടായ് ക്വോട്ട് ചെയ്തത് കോച്ചൊന്നിന് 10.75 കോടി രൂപ. 2.32 കോടിയുടെ വ്യത്യാസം. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചക്കകം ടെന്‍ഡര്‍ ഉറപ്പിക്കുമെന്ന് ഡി എം ആര്‍ സി അറിയിച്ചു.
കോഴിക്കോട്, തിരുവനന്തപുരം മോണോറെയില്‍ കരാര്‍ കനേഡിയന്‍ കമ്പനിയായ ബൊംബാര്‍ഡിയര്‍ക്ക് നല്‍കും. ഒരു കമ്പനി മാത്രമാണ് ടെന്‍ഡര്‍ നല്‍കിയത്. തീരുമാനം അംഗീകാരത്തിനായി മോണോറെയില്‍ ബോര്‍ഡിന് സമര്‍പ്പിക്കും.
കൊച്ചി മെട്രോക്ക് ആദ്യ ഘട്ടത്തില്‍ വേണ്ടത് 75 കോച്ചുകളാണ്. 2.9 മീറ്റര്‍ വീതിയും 65 മീറ്റര്‍ നീളവുമാണ് കോച്ചുകള്‍ക്കുണ്ടാകുക. മൂന്ന് കോച്ചുകള്‍ അടങ്ങുന്ന കൊച്ചി മെട്രോ റേക്കില്‍ പരമാവധി 136 പേര്‍ക്ക് ഇരിക്കാനും 839 പേര്‍ക്ക് നില്‍ക്കാനുമടക്കം 975 യാത്രക്കാരെ കൊണ്ടുപോകാം. 25 റേക്കുകള്‍ക്ക് 70 മീറ്റര്‍ നീളമുണ്ടാകും. കോച്ചുകള്‍ എയര്‍ കണ്ടീഷനാകും. 700 കോടിയാണ് ഇവയുടെ ചെലവ്. റീടെന്‍ഡറിലൂടെ 173 കോടിയാണ് കൊച്ചി മെട്രോക്ക് ലാഭിക്കാനായത്. ആദ്യ ടെന്‍ഡറില്‍ ഹ്യുണ്ടായ് റോട്ടം മാത്രമാണ് പങ്കെടുത്തിരുന്നത്. ഇവര്‍ക്ക് ടെന്‍ഡര്‍ ഉറപ്പിച്ചു നല്‍കാന്‍ ഡി എം ആര്‍ സിയില്‍ നിന്നടക്കം ശക്തമായ സമ്മര്‍ദമുണ്ടായെങ്കിലും കെ എം ആര്‍ എല്‍ ഉറച്ച നിലപാടെടുത്തതിനെ തുടര്‍ന്നാണ് റീടെന്‍ഡര്‍ നടത്തിയത്. ഹ്യുണ്ടായ് റോട്ടം ക്വാട്ട് ചെയ്തതിലും കുറഞ്ഞ തുകയാണ് റീടെന്‍ഡറില്‍ അവര്‍ ക്വാട്ട് ചെയ്തതെന്നാണ് സൂചന.
ആദ്യം ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ നാല് കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഒരു കമ്പനിക്കു വേണ്ടി ഡി എം ആര്‍ സി വ്യവസ്ഥകളില്‍ മാറ്റം വരുത്തിയെന്ന് ആരോപിച്ച് മറ്റു മൂന്ന് കമ്പനികളും ചേര്‍ന്നു കേന്ദ്ര നഗര വികസന മന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു. ഒരു കമ്പനി മാത്രം പങ്കെടുത്ത ടെന്‍ഡറുമായി മുന്നോട്ടു പോയാലുണ്ടാകാവുന്ന നിയമ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ആദ്യ ടെന്‍ഡര്‍ റദ്ദ് ചെയ്യാന്‍ കെ എം ആര്‍ എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കെ എം ആര്‍ എല്ലിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശമുണ്ടായെങ്കിലും മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എടുത്ത ഉറച്ച നിലപാടാണ് കുറഞ്ഞ തുകക്ക് കോച്ചുകളുടെ കരാര്‍ ഉറപ്പിച്ചു കിട്ടാന്‍ വഴിയൊരുക്കിയത്. ഡി എം ആര്‍ സി നടപ്പാക്കുന്ന മെട്രോ റെയില്‍ പദ്ധതികളില്‍ കോച്ച് നിര്‍മാണ കരാറുകള്‍ ഹ്യുണ്ടായ് റോട്ടം ഏകപക്ഷീയമായി നേടിയെടുക്കുകയാണ് പതിവ്. ബംഗളൂരു മെട്രോ റെയിലിന്റെ കോച്ച് നിര്‍മാണ കരാര്‍ ഹ്യുണ്ടായ് റോട്ടം നേടിയത് കോച്ച് ഒന്നിന് 11.53 കോടി നിരക്കിലായിരുന്നു. ജയ്പൂരില്‍ 12 കോടിയും ഡല്‍ഹിയില്‍ 11.15 കോടിയും ക്വാട്ട് ചെയ്താണ് റോട്ടം കരാര്‍ നേടിയത്. ഡി എം ആര്‍ സിയില്ലാത്ത ചെന്നൈയില്‍ മാത്രമാണ് 8.8 കോടി രൂപ എന്ന കുറഞ്ഞ നിരക്കില്‍ കരാര്‍ ഉറപ്പിച്ചിട്ടുള്ളത്. കെ എം ആര്‍ എല്ലിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയവര്‍ക്കുള്ള മറുപടിയാണ് റീടെന്‍ഡറെന്ന് കെ എം ആര്‍ എല്‍ വൃത്തങ്ങള്‍ പറഞ്ഞു. മെട്രോയുടെ സിഗ്‌നലിങ്ങിനുള്ള ടെന്‍ഡര്‍ തീരുമാനിച്ചിട്ടില്ല. അഞ്ച് കമ്പനികളാണ് സിഗ്‌നലിങ്ങില്‍ താത്പര്യം പ്രകടിപ്പിച്ചത്. ഇതിന്റെ പരിശോധന നടന്നുവരികയാണ്.

Latest