Connect with us

Kerala

'അഡിക്ടഡ് ടു ലൈഫ്' വൈറലാകുന്നു

Published

|

Last Updated

കൊച്ചി: ലഹരിക്കെതിരെ 1.25 ലക്ഷം ലൈക്കുകളും 1.75 കോടി റീച്ചുമായി “അഡിക്ടഡ് ടു ലൈഫ്” ഫേസ്ബുക്ക് പേജ് വൈറലാകുന്നു. ലഹരിയെ “ലൈക്ക്” കൊണ്ട് മറികടക്കാന്‍ “വല”യൊരുക്കി എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ബീവറേജസ് കോര്‍പറേഷന്‍ യുവജനങ്ങള്‍ക്കിടയില്‍ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ സോഷ്യല്‍ മീഡിയ ക്യാമ്പയിനിന്റെ ഭാഗമാണ് ഈ ഫേസ്ബുക്ക് പേജ് (www.facebook.com/getaddictedtolife). ഈ മാസം ആറിന് വൈകീട്ട് 5ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ ഔദേ്യാഗിക ഫേസ്ബുക്ക് പേജില്‍ നിന്ന് ലൈക്ക് ചെയ്തുകൊണ്ട് നിലവില്‍വന്ന അഡിക്ടഡ് ടു ലൈഫ് ഫേസ് ബുക്ക് പേജ് കേവലം ഏഴ് ദിവസത്തിനുള്ളില്‍ ഒരു ലക്ഷം ലൈക്ക് നേടി. പത്ത് ദിവസം പിന്നിടുമ്പോള്‍ ലൈക്കുകളുടെ എണ്ണം 1,38,548 ആണ്.
ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ ക്യാമ്പയിന്‍ ഇത്തരത്തില്‍ ലൈക്കുകള്‍ നേടുന്നത് ആദ്യമാണെന്ന് ഐ ടി രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഫേസ്ബുക്കിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 85 ലക്ഷം പേരിലേക്ക് അഡിക്ടഡ് ടു ലൈഫ് ഫേസ്ബുക്ക് പേജ് എത്തി. വിദേശ മലയാളികളിലും ഈ ഫേസ്ബുക്ക് പേജ് തരംഗമായിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളിലും വിദേശ മലയാളികളുടെ ഇടയിലുമായി ഇതുവരെ 1.75 കോടിയാളുകളിലാണ് ഈ ഫേസ്ബുക്ക് പേജ് എത്തിയത്.
അഡിക്ടഡ് ടു ലൈഫ് ഫേസ് ബുക്ക് പേജിന്റെ കവറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കവര്‍ പുറത്തിറക്കിയ ഉടന്‍ പതിനായിരത്തോളം പേരാണ് പ്രതികരിച്ചത്. അറുപതിനായിരത്തോളം പേരാണ് ഇതുവരെ ഈ കവര്‍ ഉപയോഗിച്ചിരിക്കുന്നത്. അഡിക്ടഡ് ടു ലൈഫ് ക്യാമ്പയിനിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങളും തങ്ങളുടെ കവര്‍ മാറ്റിയതോടെ കവര്‍ പേജും സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. www.addictedtolife.in/cover എന്ന ആപ്ലിക്കേഷനിലൂടെ ആര്‍ക്കും തങ്ങളുടെ കവര്‍ ഇനിയും മാറ്റാവുന്നതാണ്.
രാഷ്ട്രീയത്തിനതീതമായുള്ള ഈ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ മോട്ടോ പ്രകാശനം നിര്‍വഹിച്ചത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ്. സ്പീക്കറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ വിവിധ കക്ഷിനേതാക്കള്‍ പങ്കെടുത്തിരുന്നു. ഇന്നസെന്റ്, ജയറാം, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ, ഭാവന, ഉണ്ണിമുകുന്ദന്‍, റിമി ടോമി, നമിത പ്രമോദ് എന്നിങ്ങനെ നിരവധി സെലിബ്രിറ്റീസ് പദ്ധതിയോട് സഹകരിക്കാന്‍ സ്വമനസ്സാല്‍ മുന്നോട്ടു വന്നിട്ടുണ്ട്.
“യുവതലമുറയെ ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനും അവരില്‍ ദിശാബോധം വളര്‍ത്തുന്നതിനുമായി ആവിഷ്‌കരിച്ചിരിക്കുന്ന അഡിക്ടഡ് ടു ലൈഫ് ക്യാമ്പയിന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായതില്‍ സന്തോഷമുണ്ട്. സംസ്ഥാനത്തെ 70% സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും 13നും 34നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരുടെ മനസ്സിലേക്കിറങ്ങാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അഡിക്ടഡ് ടു ലൈഫ് ക്യാമ്പയിനിന്റെ പ്രാരംഭ വിജയം ഞങ്ങളെ ആവേശഭരിതരാക്കിയിരിക്കുകയാണ്. അഡിക്ടഡ് ടു ലൈഫിനെയും മറ്റ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളെയും കെ എസ് ബിസി ആവിഷ്‌കരിച്ചിരിക്കുന്ന സാമൂഹികപ്രതിബദ്ധതാ പദ്ധതികളെയും കൂടുതല്‍ ശക്തിപ്പെടുത്തും”- എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു.