Connect with us

Gulf

വിദേശത്ത് മരണപ്പെടുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

Published

|

Last Updated

അബുദാബി: വിദേശത്ത് വെച്ച് മരണപ്പെടുന്നവരുടെ വിവരങ്ങള്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആ www.owrc.in ല്‍ ലഭ്യമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വൃത്തങ്ങള്‍ വ്യക്തമാക്കി.

യു.എ.ഇ. ഉള്‍പ്പെടെ പതിനേഴ് വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്. പുതിയ സംവിധാനത്തില്‍, ഉപയോഗിക്കുന്ന ആളിന്റെയും വിദേശത്ത് മരണപ്പെട്ട ആളിന്റെയും തിരിച്ചറിയല്‍ വിവരണങ്ങള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്താല്‍ റഫറന്‍സ് നമ്പര്‍ ലഭ്യമാകും. പിന്നീട് ഈ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരിശോധിച്ചാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാവും.

സാധാരണ മരണം നടന്നാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ വളരെ സുതാര്യമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം പറഞ്ഞു. വിദേശങ്ങളില്‍ ഇന്ത്യക്കാര്‍ മരണപ്പെട്ടാല്‍ ബന്ധുക്കള്‍ രാഷ്ട്രീയ നേതാക്കള്‍ വഴിയാണ് ഇപ്പോള്‍ വിവരങ്ങള്‍ അന്വേഷിക്കുന്നതും സമ്മര്‍ദം ചെലുത്തുന്നതും. പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടപടിക്രമങ്ങള്‍ എവിടെ വരെയായി എന്ന് കൃത്യമായി എംബസി വഴി അറിയിക്കാന്‍ സാധിക്കുമെന്ന് അംബാസഡര്‍ പറഞ്ഞു.

പ്രവാസലോകത്തെ മരണങ്ങളെ പല രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ഹൃദയാഘാതമോ ക്ഷീണമോ മൂലം താമസസ്ഥലത്ത് നിന്നുണ്ടാവുന്ന മരണം, വാഹനാപകടങ്ങള്‍, ദുരൂഹസാഹചര്യത്തിലുള്ള മരണം, സ്വാഭാവികമായി ആസ്പത്രികളില്‍ നിന്ന് നടക്കുന്നവ എന്നിങ്ങനെ പ്രവാസികള്‍ക്കിടയിലെ മരണത്തെ പലതരത്തില്‍ തിരിക്കാം. ഇവയില്‍ ആസ്പത്രിയില്‍ െവച്ച് നടക്കുന്ന സ്വാഭാവിക മരണങ്ങള്‍ അല്ലാത്തവയ്‌ക്കെല്ലാം പോലീസ് ഡോക്ടറുടെ പ്രത്യേക പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തുടര്‍ നടപടികള്‍ സാധ്യമാവുകയുള്ളൂ. പലപ്പോഴും ഈ സമയം നാട്ടിലുള്ള ബന്ധുക്കള്‍ക്ക് മൃതദേഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാവുക പ്രയാസവുമാണ്.

പുതിയ ഓണ്‍ലൈന്‍ സേവനപ്രകാരം റഫറന്‍സ് നമ്പര്‍ ലഭ്യമായാല്‍, നാട്ടിലേക്ക് മൃതദേഹം കയറ്റി അയയ്ക്കുന്നത് വരെയുള്ള എല്ലാ വിവരങ്ങളും ഇന്ത്യന്‍ എംബസി അധികൃതര്‍ മെസേജ്, മെയില്‍ സംവിധാനങ്ങളിലൂടെ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭ്യമാക്കും.
ഓണ്‍ലൈന്‍ സംവിധാനത്തില്‍ അപേക്ഷ കൃത്യമായി പൂരിപ്പിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ടോള്‍ ഫ്രീ നമ്പരായ 1800113090 ല്‍ വിളിച്ച് ഓവര്‍സീസ് വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്ററില്‍ വിവരങ്ങള്‍ തിരക്കാം.

 

---- facebook comment plugin here -----

Latest