Connect with us

National

പ്രതിപക്ഷ നേതൃസ്ഥാനം:കോടതി തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍

Published

|

Last Updated

sumitra-mahajanന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടിയതിന് പിറകേ തന്റെ ഭാഗം ന്യായീകരിച്ച് സ്പീക്കര്‍ സുമിത്രാ മഹാജന്‍ രംഗത്ത്. താന്‍ തൊറ്റൊന്നും ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിച്ചത് ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും അടിസ്ഥാനത്തിലാണെന്നും അവര്‍ പറഞ്ഞു. തനിക്കെതിരെ കോടതി ഒരു നീരീക്ഷണവും നടത്തിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയത് പ്രതിപക്ഷ നേതാവില്ലാതെ ലോക്പാല്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ചാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നയം അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിക്കും. സ്പീക്കര്‍ക്കെതിരെ ഒരു നിരീക്ഷണവും കോടതി നടത്തിയിട്ടില്ല- വാര്‍ത്താ ലേഖകരോട് സുമിത്രാ മഹാജന്‍ വിശദീകരിച്ചു.

44 അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃ സ്ഥാനം നല്‍കേണ്ടന്ന് തീരുമാനിച്ചത് ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും അടിസ്ഥാനത്തിലാണ്. ആകെ അംഗസംഖ്യയുടെ 10 ശതമാനം അഥവാ 55 അംഗങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടിക്ക് മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാന്‍ സാധിക്കൂ. പ്രതിപക്ഷ നേതാവ് എന്ന പദവിയില്ലെങ്കിലും പ്രതിപക്ഷത്തിന് ലോക്‌സഭയിലെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കും. 1980ലും 1984ലും ആവശ്യത്തിന് അംഗസംഖ്യയില്ലാത്തതിനാല്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. ലോക്പാല്‍ രൂപവത്കരിക്കുന്നതിനായുള്ള ഒമ്പതംഗ സമിതിയെ നിയമിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ച് കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞത്. ലോക്പാലിനെ നിയമിക്കുന്ന സമിതിയില്‍ പ്രതിപക്ഷ നേതാവ് വേണമെന്നാണ് ചട്ടം. ലോക്പാല്‍ പോലെ സുപ്രധാനമായ സംവിധാനത്തെ ഏറെക്കാലം അനിശ്ചിതത്വത്തിലാക്കുന്നതിന് സുപ്രീം കോടതി നരേന്ദ്ര മോദി സര്‍ക്കാറിനെ വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് എന്ന പദവിയെ വ്യാഖ്യാനിക്കാന്‍ സുപ്രീം കോടതി തയ്യാറാണെന്ന് ബഞ്ച് വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കം പുതിയ തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.