Connect with us

Articles

ഖാന്‍ -ഖാദിരി കൊടുങ്കാറ്റില്‍ നവാസ് വീഴുമോ ?

Published

|

Last Updated

ബാലറ്റ് പെട്ടിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പാക് ചരിത്രത്തിലാദ്യമായി നിശ്ചിത കാലാവധിയായ അഞ്ച് വര്‍ഷം തികച്ചത് ഇക്കഴിഞ്ഞ തവണ മാത്രമാണ്. അതിന് മുമ്പെല്ലാം തുടര്‍ച്ചകള്‍ നഷ്ടപ്പെടുകയായിരുന്നു. പലപ്പോഴും രാഷ്ട്ര നേതാക്കള്‍ കൊല്ലപ്പെട്ടു. ചിലപ്പോള്‍ തടവിലാക്കപ്പെട്ടു. സൈനിക അട്ടിമറികള്‍ നടന്നു. അട്ടിമറിച്ച സൈനിക ജനറല്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പടച്ചുണ്ടാക്കി വ്യാജ ജനാധിപത്യ കുപ്പായമണിഞ്ഞു. എല്ലാ കുത്തിത്തിരിപ്പുകളിലും അമേരിക്കയടക്കമുള്ള വന്‍ ശക്തികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ഇത്തരം സംഭവപരമ്പരകളുടെ ആകെത്തുകയായി മുഹമ്മദാലി ജിന്നയുടെ സ്വപ്‌ന ഭൂമിക്ക് പരാജിത രാഷ്ട്രമെന്ന പേര് ചാര്‍ത്തിക്കിട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഉയര്‍ത്തിയ പ്രതീക്ഷ വളരെ വലുതായിരുന്നു. ഗീലാനിയുടെ തേതൃത്വത്തിലുള്ള പി പി പി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധികള്‍ക്കും നേതൃമാറ്റമടക്കമുള്ള പൊട്ടിത്തെറികള്‍ക്കുമിടയില്‍ നിലംപൊത്താതെ നിന്നു. ആരെയും അറിയിക്കാതെ രായ്ക്കുരാമാനം കടന്നു കയറി ഉസാമ ബിന്‍ ലാദനെ കൊന്ന് കടലില്‍ തള്ളിയത് ഈ കാലയളവിലായിരുന്നു. എല്ലാം സൈന്യമറിഞ്ഞുവെന്ന് സിവിലിയന്‍ നേതൃത്വവും തിരിച്ച് സൈന്യവും ആരോപണപ്രത്യാരോപണങ്ങള്‍ അഴിച്ചുവിട്ടു. അട്ടിമറി നടക്കാന്‍ ഇത്രയൊക്കെ മതിയായിരുന്നു. എന്നാല്‍ ആസിഫലി സര്‍ദാരിയും കൂട്ടരും വീഴാതെ പിടിച്ചു നിന്നു. ഒടുവില്‍ തിരഞ്ഞെടുപ്പ് നടന്നു. പാക്കിസ്ഥാന്റെ ചരിത്രം വെച്ച് നോക്കുമ്പോള്‍ സമാധാനപരമെന്ന് വിശേഷിപ്പിക്കാവുന്ന തിരഞ്ഞെടുപ്പ്. തരംഗങ്ങളൊന്നുമുണ്ടായില്ല. പി പി പിയെ ജനം പാഠം പഠിപ്പിച്ചു. ജനറല്‍ പര്‍വേസ് മുശര്‍റഫിന്റെ മുഷ്‌കിന് മുന്നില്‍ അധികാരം വിട്ടൊഴിഞ്ഞ് നാടുവിട്ട നവാസ് ശരീഫിനെ തിരിച്ചു വിളിച്ചു. വന്‍ ജനാവലിയെ ആകര്‍ഷിച്ച മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനെ തന്റെ ചുറ്റും കൂടിയ ജനങ്ങള്‍ പോളിംഗ് ബൂത്തിലെ സ്വകാര്യതയില്‍ കൈയൊഴിഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള എല്ലാ മതാധിഷ്ഠിത തീവ്രവാദ ഗ്രുപ്പുകളും നിലംപരിശായി. ജനം വിജയിച്ച തിരഞ്ഞെടുപ്പെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. സി ഐ എ മെനയുന്ന കുതന്ത്രങ്ങള്‍ പരീക്ഷിക്കാനുള്ള ഗിനിപ്പന്നി രാഷ്ട്രത്തില്‍ നിന്ന് യഥാര്‍ഥ പരമാധികാരത്തിലേക്ക് പാക്കിസ്ഥാന്‍ മെല്ലെ നടക്കുകയാണെന്ന പ്രതീക്ഷ സൃഷ്ടിക്കാന്‍ നവാസ് ശരീഫ് സര്‍ക്കാറിന് തുടക്കത്തില്‍ സാധിച്ചു. തോറ്റവര്‍ കലാപവുമായി ഇറങ്ങുകയെന്ന പതിവ് പരിപാടി ഇത്തവണയില്ലെന്നും പാക്കിസ്ഥാനെ കുറിച്ച് ഉത്കണ്ഠപ്പെടുന്നവര്‍ സമാധാനിച്ചു.
ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. ഈ രാഷ്ട്രം ഒരിക്കല്‍ കൂടി രാഷ്ട്രീയ അസ്ഥിരതയിലേക്ക് നീങ്ങുകയാണ്. കാനേഡിയന്‍ പൗരത്വം കൂടിയുള്ള സൂഫി പണ്ഡിതന്‍ ത്വാഹിറുല്‍ ഖാദിരിയുടെ അനുയായികളും ഇമ്രാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ലിമെന്റ് വളയാനുള്ള പുറപ്പാടിലാണ്. ആസാദി ചൗക്കില്‍ തമ്പടിച്ചിരിക്കുകയാണ് അവര്‍. പാര്‍ലിമെന്റ് സമ്മേളനം നടക്കുന്ന സമയമാണിപ്പോള്‍. എം പിമാരെയെയും പ്രധാനമന്ത്രിയെയും പാര്‍ലിമെന്റില്‍ ബന്ദികളാക്കുമെന്ന് ഖാദിരി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടക്ക് സൈനിക നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം പ്രക്ഷോഭത്തിലുള്ള ഗ്രൂപ്പുകളുമായി പ്രധാനമന്ത്രി നവാസ് ശരീഫ് ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി രാജിവെച്ച് നിഷ്പക്ഷ കാവല്‍ മന്ത്രിസഭക്ക് കീഴില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കണമെന്ന ആവശ്യത്തില്‍ ഇമ്രാന്‍ ഖാനും ഖാദിരിയുടെ പ്രതിനിധികളും ഉറച്ചു നിന്നു. ശരീഫാകട്ടെ തന്റെ പ്രധാനമന്ത്രിപദത്തിന് ദേശീയ അസംബ്ലിയുടെ പുനരൈക്യദാര്‍ഢ്യം ഒരു പ്രമേയത്തിലൂടെ നേടിയെടുത്തു. അതോടെ ചര്‍ച്ച പൊളിഞ്ഞു. ദേശീയ അസംബ്ലിയില്‍ തന്റെ പാര്‍ട്ടിയുടെ മുഴുവന്‍ എം പിമാരെയും ഇമ്രാന്‍ ഖാന്‍ രാജിവെപ്പിച്ചിരിക്കുകയാണ്. 35 എം പിമാര്‍ രാജിവെക്കുന്നത് സാങ്കേതികമായി സര്‍ക്കാറിന് ഭീഷണിയല്ല. എന്നാല്‍ മൂന്നാമത്തെ വലിയ കക്ഷിയിലെ ഒരംഗം പോലുമില്ലാത്ത പാര്‍ലിമെന്റില്‍ സ്വസ്ഥമായിരിക്കാന്‍ നവാസ് ശരീഫിന് സാധിക്കില്ല. ഈ എം പിമാരെ തിരഞ്ഞെടുത്തവരും പുതിയ സാഹചര്യത്തില്‍ ഇമ്രാന്‍ ഖാനെയും ഖാദിരിയെയും പിന്തുണക്കുന്ന പതിനായിരങ്ങളും പുറത്തുണ്ട്. അവര്‍ ഏത് നിമിഷവും ബാരിക്കേഡുകള്‍ തകര്‍ത്ത് ഇരച്ചു വരും. പ്രത്യക്ഷത്തില്‍ അണി ചേരുന്നവരേക്കാള്‍ പതിന്‍മടങ്ങ് മാനസികമായി ഐക്യപ്പെടുന്നതോടെ സര്‍ക്കാറിന്റെ നില പരുങ്ങലിലാകും. പതിവുപോലെ രണ്ട് ശക്തികളിലാണ് നവാസ് ശരീഫിന്റെ പ്രതീക്ഷ- സൈന്യത്തിലും അമേരിക്കയിലും. രണ്ട് വാതിലിലും മുട്ടി കാത്തിരിപ്പാണ് അദ്ദേഹം.
ബൂത്ത് പിടിത്തത്തിലൂടെയും വ്യാപകമായ കള്ളവോട്ടിലൂടെയുമാണ് നവാസ് ശരീഫ് അധികാരത്തിലെത്തിയതെന്ന് ഖാനും ഖാദിരിയും ആരോപിക്കുന്നു. അതുകൊണ്ട് പുതിയ തിരഞ്ഞെടുപ്പ് നടക്കണം. സര്‍വകക്ഷി കാവല്‍ സര്‍ക്കാര്‍ വേണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിരിച്ചു വിട്ട് പുതിയത് രൂപവത്കരിക്കണം. പിന്നെ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം, അന്താരാഷ്ട്ര കരാറുകള്‍ പുനഃപരിശോധിക്കല്‍, താലിബാനുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വിടല്‍ തുടങ്ങിയ അനുബന്ധ ആവശ്യങ്ങളും അവര്‍ മുന്നോട്ട് വെക്കുന്നു. വലിയ പ്രതീക്ഷാഭാരവുമായാണ് നവാസ് അധികാരത്തിലേറിയത്. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച പി പി പി സര്‍ക്കാര്‍ പോയി പി എം എല്‍ (എന്‍) സര്‍ക്കാര്‍ വരുമ്പോള്‍ സമൂലമായ മാറ്റം ജനം പ്രതീക്ഷിച്ചു. എന്നാല്‍ രൂക്ഷമായ വിലക്കയറ്റമാണ് രാജ്യത്ത് നടമാടുന്നത്. ജനജീവിതം ദുസ്സഹമാണ്. വിപണിയില്‍ പല വസ്തുക്കളും കിട്ടാനേയില്ല. ഐ എം എഫ് അടക്കമുള്ള വിദേശ ഏജന്‍സികളുടെ ഉത്തരവിന് വഴങ്ങി വിപണിയില്‍ നിന്ന് സര്‍ക്കാര്‍ വിട്ട് നില്‍ക്കുന്നു. സര്‍വക്ഷേമ പദ്ധതികളും നിശ്ചലമാണ്. എന്തിന് കൂടുതല്‍ പറയണം. ഇന്ത്യയിലെ സ്ഥിതി തന്നെ. അഴിമതിയുടെ തലം കുറച്ചു കൂടി വിശാലവും അഗാധവുമാണ് എന്നതും തീവ്രവാദ ആക്രമണങ്ങളും മാത്രമാണ് വ്യത്യാസം. അങ്ങനെയാകാതെ തരമില്ല. ഇന്ത്യയും പാക്കിസ്ഥാനും ഒരമ്മ പെറ്റ, ഇപ്പോള്‍ ഒരു അന്താരാഷ്ട്ര രക്ഷിതാവ് പോറ്റുന്ന രാജ്യങ്ങളാണല്ലോ.
ക്രിക്കറ്റും രാഷ്ട്രീയവും ഇടകലര്‍ന്ന ജനപ്രിയ ഫോര്‍മുലയുമായി വന്ന നവ രാഷ്ട്രീയ പരീക്ഷണമാണ് ഇമ്രാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കറുത്ത കുതിരയാകുമെന്ന് പ്രവചിക്കപ്പെട്ട പാര്‍ട്ടി. പക്ഷേ വലിയ ചലനമുണ്ടാക്കാനായില്ല. ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയില്‍ മാത്രമാണ് ഇമ്രാന് സാന്നിധ്യമറിയിക്കാനായത്. അദ്ദേഹത്തിന്റെ പി ടി ഐ പലയിടങ്ങളിലും പി പി പി വോട്ടുകളാണ് പിടിച്ചത്. അതുവഴി പി എം എല്‍ എന്നിന്റെ വിജയത്തിന് പരോക്ഷ സഹായമായി മാറുകയായിരുന്നു ഇന്‍സാഫ്. അതിന്റെ ഇച്ഛാഭംഗം ഇമ്രാന്‍ ഖാനില്‍ ശക്തമാണ്. തന്റെ ജനസമ്മതി ശരിയായി ഉപയോഗിക്കാന്‍ സാധിച്ചില്ലെന്ന നഷ്ടബോധം അദ്ദേഹത്തിനുണ്ട്. ഇപ്പോള്‍ ഭരണവിരുദ്ധ വികാരം നട്ടുച്ച പരുവത്തില്‍ കത്തി നില്‍ക്കുമ്പോള്‍ തന്നെ തന്റെ പ്രധാനമന്ത്രി കുപ്പായം ഉണക്കാനിടുന്നത് അതുകൊണ്ടാണ്. ഇളകി നില്‍ക്കുകയാണ്, ഒന്ന് കുലുക്കി നോക്കാമെന്നതാണ് അദ്ദേഹത്തിന്റെ ലൈന്‍.
അത്യന്തം ദുരൂഹമാണ് ത്വാഹിറുല്‍ ഖാദിരിയുടെ കാര്യം. സൂഫി ആത്മീയ നേതാവായാണ് അറിയപ്പെടുന്നത്. എന്നാല്‍ രാഷ്ട്രീയ നേതാവുമാണ്. 1989ല്‍ സ്ഥാപിതമായ പാക്കിസ്ഥാന്‍ അവാമി തഹ്‌രീക് ആണ് പാര്‍ട്ടി. ഇടക്ക് ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മിന്‍ഹാജുല്‍ ഖുര്‍ആന്‍ ഇന്റര്‍നാഷനല്‍ രൂപവത്കരിച്ച് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെ എം പി സ്ഥാനം ഉപേക്ഷിച്ചു. മിന്‍ഹാജ് യു എന്നിന്റെ അംഗീകാരമുള്ള സംഘടനയാണ്. സൂഫിധാരയിലാണ് അദ്ദേഹം നിലകൊള്ളുന്നതെങ്കിലും ശിയാ ഗ്രൂപ്പുകളുമായി രാഷ്ട്രീയ നീക്കുപോക്കിന് ശ്രമിച്ച ചരിത്രമുണ്ട്. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന നേതാവാണ്. നവാസ് ശരീഫിന്റെ കടുത്ത വിമര്‍ശകനും. ഇന്റര്‍നാഷനല്‍ കോണ്‍സ്റ്റിറ്റിയൂഷനില്‍ പ്രൊഫസറാണ്. ഇന്ത്യയിലടക്കം അനുയായികളുള്ള ഖാദിരി ഇപ്പോള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ഇമ്രാന്‍ ഖാനേക്കാള്‍ മുഴക്കമുള്ളതും ലക്ഷ്യാധിഷ്ഠിതവുമാണ്. കറാച്ചിയില്‍ വന്നിറങ്ങിയ തന്നെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതും പോലീസ് നടപടിയില്‍ തന്റെ അനുയായികള്‍ കൊല്ലപ്പെട്ടതുമെല്ലാം കൃത്യമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. പ്രാദേശിക സ്ഥാപനങ്ങളിലേക്ക് ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നതടക്കമുള്ള മുദ്രാവാക്യങ്ങള്‍ അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രവിശ്യാ ആസ്ഥാനങ്ങളിലേക്ക് കൂടി പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് ഖാദിരി- ഖാന്‍ സഖ്യത്തിന്റെ തീരുമാനം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ സൈന്യം എടുക്കുന്ന നിലപാടാണ് പാക്കിസ്ഥാന്റെ ഭാവി നിര്‍ണയിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സൈനിക നേതൃത്വം നേരിട്ടുള്ള ഇടപെടല്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മനസ്സിലാകുന്നത്. മാധ്യസ്ഥ്യത്തിന്റെ റോള്‍ മാത്രമാണ് അവര്‍ തത്കാലം എടുക്കുക. താലിബാനോടുള്ള ചര്‍ച്ചയിലും അത് പൊളിഞ്ഞപ്പോള്‍ തുടരുന്ന അടിച്ചമര്‍ത്തല്‍ നടപടികളിലും സൈന്യം ശക്തമായ പിന്തുണയാണ് സര്‍ക്കാറിന് നല്‍കിയത്. നീതിന്യായ വിഭാഗം എക്കാലത്തേയും വലിയ ശക്തി സംഭരിച്ച ഘട്ടമാണിത്. സര്‍ക്കാറുമായി ഏറ്റുമുട്ടുന്ന പഴയ കാലം അസ്തമിച്ചിരിക്കുന്നു. താരതമ്യേന ജനാധിപത്യപരമായ തീരുമാനങ്ങളാണ് കോടതിയില്‍ നിന്ന് വരുന്നത്. ആത്യന്തികമായി അമേരിക്ക ഇപ്പോഴത്തെ പ്രശ്‌നത്തില്‍ സര്‍ക്കാറിനോടൊപ്പം നില്‍ക്കാനാണ് സാധ്യത. മാധ്യസ്ഥ്യത്തിന് ഇരുപക്ഷവും സമീപിച്ചിട്ടുണ്ടെങ്കിലും ഇടപെടാനില്ലെന്നാണ് അവര്‍ പുറത്ത് പറഞ്ഞിട്ടുള്ളത്. എന്നാല്‍ നവാസ് തുടരട്ടെയെന്ന നിലപാടിലാണ് അമേരിക്കന്‍ നേതൃത്വമെന്ന് ഉറപ്പാണ്. ഈ വസ്തുതകള്‍ മുഴുവന്‍ കണക്കിലെടുക്കുമ്പോള്‍ പാക്കിസ്ഥാനില്‍ വലിയ അത്യാഹിതങ്ങളൊന്നും സംഭവിക്കില്ലെന്ന് വിലയിരുത്താനാകും.
പക്ഷേ നവാസ് ശരീഫ് ആഭ്യന്തരമായി കൈക്കൊള്ളുന്ന നിലപാടുകള്‍ അനുസരിച്ചിരിക്കും അദ്ദേഹത്തിന്റെ ഭാവി. പ്രക്ഷോഭക്കാര്‍ക്ക് മുന്നില്‍ ചര്‍ച്ചയുടെ വാതിലുകള്‍ തുറന്നിടുക മാത്രമേ വഴിയുള്ളൂ. കമ്പോളസാമ്പത്തിക മൂല്യങ്ങളില്‍ അമിതമായി വിശ്വാസമര്‍പ്പിക്കുന്നയാളാണ് ഈ ഉരുക്കു വ്യവസായി. പാക് സമ്പന്നരുടെ താത്പര്യങ്ങള്‍ക്ക് സ്വയമൊരു കോര്‍പറേറ്റ് പ്രമുഖനായ നവാസ് മുന്തിയ പരിഗണന നല്‍കി വരികയാണ്. ഉദാരവത്കരണ- സ്വകാര്യവത്കരണ നടപടികള്‍ പൊടിപൊടിക്കുന്നു. ഐ എം എഫിന്റെയും ലോകബേങ്കിന്റെയും സഹായങ്ങള്‍ക്കായി ഘടനാപരമായ നിരവധി മാറ്റങ്ങള്‍ക്ക് നവാസ് ഭരണകൂടം തയ്യാറായിരിക്കുന്നു. ഈ നയത്തിന്റെ ഉപോത്പന്നങ്ങളാണ് വിലക്കയറ്റവും വളര്‍ച്ചാ മുരടിപ്പുമെന്ന് സമ്മതിക്കാന്‍ “പഞ്ചാബ് സിംഹം” തയ്യാറാകണം. ഇന്ത്യയുമായി ഹൃദ്യമായ ബന്ധത്തിന് മുന്‍കൈയെടുത്ത നവാസ് ശരീഫ് ഇപ്പോള്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി ഇന്ത്യാവിരുദ്ധ വികാരം കത്തിക്കുന്ന തിരക്കിലാണെന്ന ആക്ഷേപം ശക്തമാണ്. അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് ബന്ധം വഷളാക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നുവെന്നത് വസ്തുതതയാണ്. സെക്രട്ടറിതല ചര്‍ച്ചകള്‍ റദ്ദാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍ എരിതീയില്‍ എണ്ണ ഒഴിക്കുകയും ചെയ്യുന്നു.
ഈ സംഭവവികാസങ്ങള്‍ മുഴുവന്‍ കൂട്ടിവായിക്കുമ്പോള്‍ ബാഹ്യ ഇടപെടലിന്റെ ഇരകളാണ് ഇരുരാജ്യങ്ങളുമെന്ന് വ്യക്തമാകും. അതുകൊണ്ട് ത്വാഹിറുല്‍ ഖാദിരിയെയോ ഇമ്രാന്‍ ഖാനെയോ വിശ്വാസത്തിലെടുക്കാന്‍ ചരിത്ര ബോധം അനുവദിക്കുന്നില്ല. അരാജകത്വം നിറഞ്ഞ പാക്കിസ്ഥാന്‍, പാക് ജനസാമാന്യത്തിന്റെയോ നേര്‍ബുദ്ധിയുള്ള അയല്‍ക്കാരുടെയോ ഹിതമല്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest