Connect with us

Articles

അനന്തമൂര്‍ത്തി അവശേഷിപ്പിക്കുന്നത്

Published

|

Last Updated

murthyസമകാലീന ഇന്ത്യന്‍ സാഹിത്യത്തിലെ വേറിട്ട ധീരമായ സ്വരമാണ് യു ആര്‍ അനന്തമൂര്‍ത്തിയുടെ വേര്‍പാടിലൂടെ ഇല്ലാതായത്. എഴുത്തുകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, പ്രഭാഷകന്‍, വൈസ് ചാന്‍സലര്‍, ജ്ഞാനപീഠം ജേതാവ് തുടങ്ങി അനന്തമൂര്‍ത്തിയുടെ പേരുമായി ബന്ധപ്പെടുത്തി പറയാവുന്ന അനന്തമായ സ്ഥാനമാനങ്ങള്‍ക്കപ്പുറം, മോദി യുഗത്തില്‍ അദ്ദേഹത്തെ പ്രസക്തനാക്കുന്നത് ഫാസിസത്തോടുള്ള കടുത്ത വിയോജിപ്പുകളുടെ പേരിലാണ്.

ദരിദ്ര, യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്രായത്തില്‍ തന്നെ തന്റെ ചുറ്റുപാടില്‍ കണ്ട അനീതികളെയും അനാചാരങ്ങളേയും അദ്ദേഹം പല വിധത്തില്‍ ചോദ്യം ചെയ്തു. ജാതി വ്യവസ്ഥയുടെ കാര്‍ക്കശ്യവും മനുഷ്യത്വവിരുദ്ധതയുമാണ് അനന്തമൂര്‍ത്തിയെ ഏറ്റവും കൂടുതല്‍ പ്രകോപിതനാക്കിയത്. തന്റെ നിരവധി രചനകളില്‍ കര്‍ണാടകയില്‍ നിലനില്‍ക്കുന്ന ജാതി ഭീകരതയുടെ മുഖം അദ്ദേഹം അനാവരണം ചെയ്തിട്ടുണ്ട്. ബ്രാഹ്മണ്യം ഒരു ചൂഷണോപാധിയാകുന്നതിനെ എഴുത്തിലും പ്രഭാഷണത്തിലും അദ്ദേഹം ചോദ്യം ചെയ്തു. അതുകൊണ്ടു തന്നെ ജാതീയതയും വര്‍ഗീയതയും ആദര്‍ശമായി കൊണ്ടു നടക്കുന്ന ഫാസിസ്റ്റുകളാല്‍ പല വിധത്തില്‍ അദ്ദേഹം വേട്ടയാടപ്പെട്ടു. ആധുനിക കര്‍ണാടക സാഹിത്യത്തിലെ ഈ അതുല്യ പ്രതിഭാശാലിയുടെ മരണം പോലും അവര്‍ പടക്കം പൊട്ടിച്ചും മധുര പലഹാരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. മുമ്പ് കടുത്ത വര്‍ഗീയവാദിയായ ബാല്‍ താക്കറെ മരിച്ചപ്പോള്‍ ഹര്‍ത്താല്‍ ആചരിച്ചതിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ച പെണ്‍കുട്ടിക്കെതിരെ നടപടിയെടുത്ത രാജ്യമാണിത്. അതെസമയം ജ്ഞാനപീഠ ജേതാവിനെതിരെ മനുഷ്യത്വവിരുദ്ധമായ രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരെ ഒരു നടപടിയും കൈക്കൊള്ളുവാന്‍ സാധ്യതകള്‍ കാണുന്നില്ല. കാരണം അനന്തമൂര്‍ത്തിയുടെ വിയോഗം മോദി യുഗത്തില്‍ ഭരണ വര്‍ഗത്തിന് ആശ്വാസമാണ് പകരുന്നത്.
സ്വകാര്യ ജീവിതത്തില്‍ അങ്ങേയറ്റം സൗമ്യനായിരുന്നു അനന്തമൂര്‍ത്തി. ആദര്‍ശങ്ങളുടെയും നിലപാടുകളുടെയും കാര്യത്തില്‍ ഉഗ്രമൂര്‍ത്തിയായിരുന്നു. ഇന്നത്തെ എഴുത്തുകാരിലും സാംസ്‌കാരിക പ്രവര്‍ത്തകരിലും ചോര്‍ന്നു കൊണ്ടിരിക്കുന്ന ആദര്‍ശധീരത, വര്‍ഗീയതയോടും ഭരണകൂട ഫാസിസത്തോടും സന്ധി ചെയ്യാത്ത നട്ടെല്ല്, സ്ഥാനമാനങ്ങള്‍ക്ക് മുമ്പില്‍ എല്ലാം മറന്നുപോകാത്ത കടുത്ത നിലപാടുകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളിലാകും വരുംകാലം അദ്ദേഹത്തിന്റെ സാഹിത്യ രചനകളോടൊപ്പം ഓര്‍ക്കപ്പെടുക.
സോഷ്യലിസ്റ്റ് മതേതര ഇടതുപക്ഷത്തോടൊപ്പമായിരുന്നു എന്നുമദ്ദേഹം നിലയുറപ്പിച്ചിരുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എം ജി യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായി അദ്ദേഹത്തെ നിയമിച്ചത് എഴുത്തുകാരന്‍, വിദ്യാഭ്യാസ ചിന്തകന്‍ എന്നതിനോടൊപ്പം ഇടതു സഹയാത്രികന്‍ എന്ന പരിഗണന കൊണ്ടു കൂടിയായിരുന്നു. എം ജി യൂനിവേഴ്‌സിറ്റിയിലെ നാളിതുവരെയുള്ള ഏറ്റവും മികച്ച വി സിയായിരുന്നു അദ്ദേഹം. എം ജിയെ ഒരു മികച്ച യൂനിവേഴ്‌സിറ്റിയാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പക്ഷാന്തരമില്ലാത്ത കാര്യമാണ്. എന്നാല്‍ നാളേറെ കഴിയുന്നതിന് മുമ്പ് അവിടുത്തെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തില്‍ കൈപ്പുനീരു അദ്ദേഹത്തിന് ആവോളം അനുഭവിക്കേണ്ടി വന്നു. ഇനിയുമിവിടെ തുടര്‍ന്നാല്‍ തന്റെ വ്യക്തിത്വത്തേയും രചനാ ജീവിതത്തേയും അതു തടയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് വി സി സ്ഥാനത്തുനിന്ന് പിരിഞ്ഞു പോകുകയാണ് അദ്ദേഹം ചെയ്തത്.
അടിയന്തരാവസ്ഥ കാലത്ത് അതിനെതിരെ ഏറ്റവും ധീരമായി പ്രതികരിച്ചവരുടെ കൂട്ടത്തില്‍ അനന്തമൂര്‍ത്തിയുമുണ്ടായിരുന്നു. ഏകാധിപത്യത്തിന്റെ അതിന്മേല്‍ തിരിച്ചറിയുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ജനാധിപത്യവും സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച ചൈനീസ് വിദ്യാര്‍ഥികളെ ടിയാനമെന്‍ സ്‌ക്വയറില്‍ ഫാക്ടന്‍ ടാങ്കുകള്‍ ഉപയോഗിച്ച് ചതച്ചരച്ചതിന്റെ ദൃക്‌സാക്ഷിയായിരുന്നു അനന്തമൂര്‍ത്തി. അതിനെപ്പറ്റി നാലോ അഞ്ചോ ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. എത്ര പേരെ ചതച്ചരച്ചു എന്നതായിരുന്നു മലയാള പത്രങ്ങളിലെ അക്കാലത്തെ മുഖ്യ ചര്‍ച്ച. പ്രതിവിപ്ലവകാരികളായ ഏതാനും പേരെ മാത്രമാണ് ചൈനീസ് ഗവണ്‍മെന്റ് ശിക്ഷിച്ചത് എന്ന് ഇ എം എസ് നമ്പൂതിരിപ്പാടടക്കം എഴുതുകയും പറയുകയും ചെയ്തപ്പോള്‍ “എന്റെ കണ്ണുകളെ വിശ്വസിക്കാമെങ്കില്‍ പന്ത്രണ്ടായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍ പ്രക്ഷോഭകാരികളെയാണ് അവിടെ ചതച്ചരച്ചത്” എന്നദ്ദേഹം തുറന്നെഴുതി. തന്റെ സൗഹൃദങ്ങളോ രാഷ്ട്രീയ ചേരിയോ സത്യം പറയുന്നതില്‍ നിന്നദ്ദേഹത്തെ തടഞ്ഞില്ല.
സംഘ് പരിവാറിനെതിരെ മരണം വരെ കടുത്ത നിലപാടെടുത്ത പോരാളിയായിരുന്നു അദ്ദേഹം. ബി ജെ പിയെ തോല്‍പ്പിക്കുന്നതിനുവേണ്ടി ജനതാദള്‍ സെക്കുലറിന്റെ ബാനറില്‍ ലോക്‌സഭയിലേക്കദ്ദേഹം മത്സരിച്ചിട്ടുണ്ട്. തന്റെ തിരഞ്ഞെടുപ്പ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം ബി ജെ പിയെ എതിര്‍ത്തു തോല്‍പ്പിക്കുകയാണെന്ന് അന്നദ്ദേഹം തുറന്നടിച്ചു. പിന്നീട് താന്‍ പിന്തുണച്ച ജനതാദള്‍ സെക്കുലര്‍ ബി ജെ പിയോടൊപ്പം ചേര്‍ന്നപ്പോള്‍ രാഷ്ട്രീയത്തിലെ തന്റെ സഹ പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മാപ്പ് കൊടുക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് ജനതാദള്‍ സെക്കുലറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്ത് ചെറുകിട ഭാഷകള്‍ക്കും ആദിവാസി, ദളിത് സാഹിത്യത്തിനും അനന്തമൂര്‍ത്തി ഒട്ടേറെ സഹായങ്ങള്‍ ചെയ്തു. തീര്‍ച്ചയായും തന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാകും. മതേതര എഴുത്തുകാരുടെ ഒരു ചേരി അഖിലേന്ത്യാ തലത്തില്‍ രൂപപ്പെടുത്തുക എന്നതായിരുന്നു അവസാനകാലത്തെ അദ്ദേഹത്തിന്റെ വലിയൊരാഗ്രഹം. ഒപ്പം ഫാസിസത്തിനെതിരെ അഖിലേന്ത്യാ തലത്തില്‍ ഇടതു മതേതര ജനാധിപത്യ ശക്തികളുടെ സഖ്യം രൂപപ്പെടുത്തലും ദലിത്, ആദിവാസി, സ്ത്രീ തുടങ്ങി പ്രാന്തവത്കരിക്കപ്പെട്ട മുഴുവന്‍ വിഭാഗങ്ങളുടെയും സജീവ സാന്നിധ്യം അത്തരമൊരു കൂട്ടായ്മയില്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത്, ഒരു പ്രഭാഷണത്തില്‍ മോദി ഭരിക്കുന്ന രാജ്യത്ത് താന്‍ താമസിക്കില്ല എന്നദ്ദേഹം പ്രഖ്യാപിച്ചത് ദേശീയ തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മോദിയുടെ ഇന്ത്യ ഫാസിസത്തിന്റെതായിരിക്കുമെന്നും ഒരു എഴുത്തുകാരന് സ്വച്ഛന്ദമായി അത്തരമൊരു ഇന്ത്യയില്‍ ജീവിക്കാനാകില്ല എന്നുമായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. ഇലക്ഷന്‍ കഴിഞ്ഞ് മോദി അധികാരത്തില്‍ വന്നപ്പോള്‍ കര്‍ണാടകയിലെ കാവി ഭീകരന്മാര്‍ പാക്കിസ്ഥാനിലേക്കുള്ള വിമാന ടിക്കറ്റ് (മടക്ക ടിക്കറ്റ് ഇല്ലാതെ) അയച്ചു കൊടുത്തു കൊണ്ടാണ് അതിനോട് പ്രതികരിച്ചത്. ഏറ്റവും ഒടുവില്‍ അദ്ദേഹം ആശുപത്രിയില്‍ മരണത്തോടു മല്ലടിച്ചു കിടക്കുമ്പോള്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുന്നതിനു മുമ്പുതന്നെ സോഷ്യല്‍ മീഡിയയിലൂടെ അനന്തമൂര്‍ത്തി മരിച്ചുവെന്ന് തെല്ല് സന്തോഷത്തോടെ പ്രചാരണം അടിച്ചതും ഇതേ വിഭാഗമാണ്. അനന്തമൂര്‍ത്തി മരിച്ചു. എന്ന അതീവ ദുഃഖകരമായ വാര്‍ത്ത വന്നപ്പോള്‍ ബംഗളൂരുവിലും മറ്റും സംഘ് പരിവാറുകാര്‍ അഴിഞ്ഞാടിയത് മതേതര സമൂഹത്തിനെന്നല്ല, മനുഷ്യത്വം മരവിക്കാത്ത മുഴുവന്‍ മനുഷ്യര്‍ക്കും അപമാനമാണ്. ഇന്ത്യന്‍ ഫിസിസത്തിന്റെ യാഥാര്‍ഥ മുഖം ഏത്രമേല്‍ ക്രൂരവും നിന്ദ്യവുമാണെന്ന് മതേതര സമൂഹത്തിന് ഈ സംഭവം തെളിയിച്ചു തരുന്നു. അതേസമയം, അന്ത്യംവരെ സംഘ് പരിവാറിനെതിരെ പോരുതിയ അനന്തമൂര്‍ത്തിയെ സംബന്ധിച്ചേടത്തോളം ശവ ശരീരത്തിനുമേല്‍ പുഷ്പ ചക്രങ്ങളുമായി പരിവാര്‍ പ്രതിനിധികള്‍ പോയിരുന്നെങ്കില്‍ അതേറെ അപമാനമാകുമായിരുന്നു.
ഫാസിസം ഒരിന്ത്യന്‍ യാഥാര്‍ഥ്യമായതോടെ സാംസ്‌കാരിക സാഹിത്യ മേഖലകളില്‍ ഭയവും മൗനവും തളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണുള്ളത്. വലിയ അപ്പക്കഷണങ്ങള്‍ കിട്ടിയാല്‍ അപ്പുറത്തേക്ക് ചാടാന്‍ നില്‍ക്കുന്നവരും ഇല്ലാതെയല്ല. ഇത്തരമൊരു സന്ദിഗ്ധാവസ്ഥയില്‍ അനന്തമൂര്‍ത്തി എന്ന ധിഷ്ണാശാലിയായി ധീര ഫാസിസ്റ്റ് വിരുദ്ധ പോരാളിയുടെ വിടവാങ്ങല്‍ നികത്താനാകാത്ത വിടവ് തന്നെയാണ്.

---- facebook comment plugin here -----

Latest