Connect with us

National

മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍ രാജിവെച്ചു

Published

|

Last Updated

മുംബൈ: മിസോറാമിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ രാജിവെച്ചു. ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ സ്വയം രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റിയത്. ഗുജറാത്ത് ഗവര്‍ണര്‍ ഒ പി കോഹ്‌ലിക്കാണ് മഹാരാഷ്ട്രയുടെ ചുമതല. ശനിയാഴ്ച രാത്രിയോടെയാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവന്‍ പുറപ്പെടുവിച്ചത്. ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഇന്നലെ വൈകുന്നേരം രാഷ്ട്രപതി ഭവനിലേക്ക് രാജിക്കത്ത് അയച്ചു. സഹപ്രവര്‍ത്തകരുമായും പാര്‍ട്ടി ഹൈക്കമാന്‍ഡുമായും ആലോചിച്ച ശേഷമാണ് രാജി. മഹാരാഷ്ട്ര ജനങ്ങളില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിച്ചെന്നും വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും രാജിവെച്ച ശേഷം മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശങ്കരനാരായണന്‍ പറഞ്ഞു.

ഇനി മുതല്‍ സ്വതന്ത്ര പൗരനാണ്. പ്രോട്ടോക്കോള്‍ പാലിക്കേണ്ടതില്ല. എന്ത് വിമര്‍ശവും നടത്താം. രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടും. ഗവര്‍ണര്‍ എന്ന നിലയില്‍ ഒരു നിലക്കും രാഷ്ട്രീയം കളിച്ചിട്ടില്ല. പൂര്‍ണമായും നിഷ്പക്ഷത പാലിച്ചെന്നും അദ്ദേഹം പറഞ്ഞു.
2017 വരെയായിരുന്നു ഗവര്‍ണര്‍ പദവിയില്‍ ശങ്കര നാരായണന്റെ കാലാവധി. യു പി എ സര്‍ക്കാറിന്റെ കാലത്ത് നിയമിച്ച ഗവര്‍ണര്‍മാര്‍ക്കെതിരെയെല്ലാം ബി ജെ പി അധികാരത്തിലെത്തിയപ്പോള്‍ തന്നെ നടപടി തുടങ്ങിയിരുന്നു. രാജിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പല ഗവര്‍ണര്‍മാരും നിരസിച്ചു. കെ ശങ്കരനാരായണന്‍, രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ, കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് എന്നിവരാണ് രാജിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് ഏകപക്ഷീയമായ സ്ഥലം മാറ്റം, മുന്‍കാല അഴിമതി അന്വേഷണം തുടങ്ങിയ നീക്കങ്ങളുമായി മുന്നോട്ടു പോയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് സി ബി ഐ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ നേരത്തെ രാജിവെച്ചിരുന്നു. മിസോറാം ഗവര്‍ണറായിരുന്ന വക്കം പുരുഷോത്തമന്‍ നാഗാലാന്‍ഡിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് രാജിവെച്ചിരുന്നു.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ തീര്‍ത്തും സ്വേച്ഛാധിപത്യപരമായാണ് പെരുമാറുന്നതെന്ന് ശങ്കരനാരായണനെ സ്ഥലം മാറ്റിയതിനോട് പ്രതികരിക്കവെ കോണ്‍ഗ്രസ് ആരോപിച്ചു. ഗുജറാത്ത് ഗവര്‍ണറായിരുന്ന കമലാ ബെനിവാളിനെ നേരത്തെ മിസോറാമിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് ഓഫീസ് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് ഏകാധിപത്യ നിലപാടിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു.

 

Latest