Connect with us

International

ഗാസയില്‍ വ്യോമാക്രമണ പരമ്പര; 11 മരണം

Published

|

Last Updated

ഗാസ സിറ്റി/ ടെല്‍ അവീവ്: ഫലസ്തീന്‍ പോരാളികളുടെ സാന്നിധ്യമുള്ള എല്ലാ സ്ഥലങ്ങളില്‍ നിന്ന് മാറാന്‍ ഗാസാ നിവാസികള്‍ക്ക് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഗാസാ സിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്ത 11 നിലകളുള്ള ഫഌറ്റ് സമുച്ചയം ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്നു. സംഭവത്തില്‍ 11 കുട്ടികളടക്കം 22 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കെട്ടിടം ഒഴിയാന്‍ മുന്നറിയിപ്പ് നല്‍കി ഒരു മിനിട്ടിനകം ആക്രമണമുണ്ടാകുകയായിരുന്നു. ഹമാസിന്റെ കേന്ദ്രമെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കെട്ടിടത്തില്‍ 32 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിനിടെ, ഇസ്‌റാഈല്‍ ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയതായി ഇറാന്‍ അവകാശപ്പെട്ടു.
ഗാസയിലുടനീളം വാണിജ്യ, താമസ കെട്ടിടങ്ങള്‍ക്ക് നേരെ വ്യോമാക്രമണ പരമ്പര തന്നെയാണ് ഇസ്‌റാഈല്‍ നടത്തിയത്. ഏഴ് നില ഓഫീസ് കെട്ടിടം തകര്‍ത്തതാണ് ഒടുവിലത്തേത്. രാവിലെ സഫീര്‍ ടവര്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നെന്ന് ഗാസ പോലീസ് അറിയിച്ചു. തൊട്ടുടനെ റാഫയിലെ വ്യാപാര സമുച്ചയത്തിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേര്‍ക്ക് നേരെയും വ്യോമാക്രമണം നടന്നു. രാവിലെ 20 സ്ഥലങ്ങളിലാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. 11 പേര്‍ കൊല്ലപ്പെട്ടു. 20 റോക്കറ്റുകള്‍ ഇസ്‌റാഈലില്‍ പതിച്ചതായി സൈന്യം അവകാശപ്പെട്ടു.
ആവശ്യമാകുന്നിടത്തോളം കാലം ഗാസയില്‍ ആക്രമണം നടത്തുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ലക്ഷ്യം കാണും വരെ ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് തുടരും. രാത്രി ഇസ്‌റാഈലിലേക്ക് ആക്രമണം നടത്തിയെന്നാരോപിച്ച് ലബനോനിനും സിറിയക്കും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇസ്‌റാഈല്‍ പൗരന്‍മാരെ ലക്ഷ്യം വെക്കുന്നവര്‍ക്ക് യാതൊരു പരിഗണനയും നല്‍കില്ല. ഏത് മേഖലയാകട്ടെ, ഏത് അതിര്‍ത്തിയാകട്ടെ. നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈജിപ്ഷ്യന്‍ തലസ്ഥാനമായ കൈറോയില്‍ വെച്ച് ശനിയാഴ്ച രാത്രി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, അറബ് ലീഗിന്റെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി.
ഗാസാ പ്രതിസന്ധി പരിഹരിക്കാന്‍ അനിശ്ചിതകാല വെടിനിര്‍ത്തല്‍ കരാര്‍ സ്വീകരിക്കാനും കൈറോയിലെ പരോക്ഷ ചര്‍ച്ച തുടരാനും ഇസ്‌റാഈലിനോടും ഫലസ്തീനിനോടും ഈജിപ്ത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗാസയിലെ ആക്രമണത്തെ സംബന്ധിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായി ചര്‍ച്ച നടത്തിയിരുന്നു.
കൈറോയിലെ പരോക്ഷ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച വീണ്ടും ആക്രമണം തുടരുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇതുവരെ 84 ഫലസ്തീനികളും ഒരു ഇസ്‌റാഈല്‍ പൗരനും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ച മൊത്തം ഫലസ്തീനികളുടെ എണ്ണം രണ്ടായിരത്തിലേറെയായിട്ടുണ്ട്.