Connect with us

National

നാല് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യം വന്‍ വിജയം സ്വന്തമാക്കിയതിനു തൊട്ടുപിന്നാലെ നടന്ന നിയമസഭാ ഉപതിരഞ്ഞെടപ്പുകളില്‍ ബി ജെ പിക്ക് തിരിച്ചടി. ബീഹാര്‍, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പതിനെട്ട് നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നാല് സംസ്ഥാനങ്ങളിലായി ഏഴ് സീറ്റുകള്‍ നേടാനേ ബി ജെ പിക്ക് സാധിച്ചുള്ളൂ. ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുനൈറ്റഡ്, ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദള്‍ എന്നീ കക്ഷികളുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ വിശാല മതേതര സഖ്യം വന്‍ വിജയം സ്വന്തമാക്കി.
ബീഹാറിലെ പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാല മതേതര സഖ്യം സ്വന്തമാക്കിയപ്പോള്‍ നാല് സീറ്റുകള്‍ നേടാനേ ബി ജെ പിക്ക് സാധിച്ചുള്ളൂ. ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ലാലു, നീതീഷ് കൂട്ടുകെട്ടില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2010ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രസ്തുത പത്ത് സീറ്റുകളില്‍ ആറെണ്ണവും നേടിയത് ബി ജെ പിയായിരുന്നു. അന്ന് ആര്‍ ജെ ഡി മൂന്ന് സീറ്റും ജെ ഡി യു ഒരു സീറ്റുമാണ് സ്വന്തമാക്കിയിരുന്നത്. ഇത്തവണ നര്‍കാഡിയഗഞ്ച്. ഹാജിപൂര്‍, ബങ്ക, മൊഹാനിയ മണ്ഡലങ്ങളിലാണ് ബി ജെ പി വിജയിച്ചത്. രാജ്‌നഗര്‍, ഛപ്ര, മുഹിയുദ്ദിന്‍നഗര്‍ എന്നീ മൂന്ന് സീറ്റുകള്‍ ആര്‍ ജെ ഡിയും ജാലെ, പര്‍ബത്ത സീറ്റുകളില്‍ ജെ ഡി യുവും വിജയം കണ്ടു. കഴിഞ്ഞ തവണ ബി ജെ പി ജയിച്ച ഭഗല്‍പൂര്‍ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് സ്വന്തമാക്കി. 243 അംഗ ബീഹാര്‍ നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണ നിലവില്‍ ജിതന്‍ റാം മന്‍ജി സര്‍ക്കാറിനുണ്ട്.
മൂന്ന് മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ ആകെയുള്ള നാല്‍പ്പത് സീറ്റില്‍ 31ഉം നേടിയാണ് ബി ജെ പി സഖ്യമാണ് സ്വന്തമാക്കിയത്. ബി ജെ പി മാത്രം 22 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. അടുത്ത വര്‍ഷം നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് ഉപതിരഞ്ഞെടുപ്പിനെ വിലയിരുത്തിയിരുന്നത്. ബീഹാറില്‍ വിശാല മതേതര സഖ്യത്തിന് വന്‍ വിജയം ലഭിച്ച സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടര്‍ന്നേക്കും.
കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടെണ്ണം കോണ്‍ഗ്രസും ഒരു സീറ്റ് ബി ജെ പിയും നേടി. ബെല്ലാരി മണ്ഡലം തിരിച്ചുപിടിച്ച കോണ്‍ഗ്രസ്, ചിക്കോഡി- സദല്‍ഗ മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. ശിക്കാരിപുര മണ്ഡലത്തിലാണ് ബി ജെ പി വിജയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് ബി ജെ പി നേതാവ് ബി ശ്രീരാമുലു രാജിവെച്ച ഒഴിവിലാണ് ബെല്ലാരിയില്‍ തിരഞ്ഞെടുപ്പ് നടന്നത്. ബി എസ് യഡിയൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്രയാണ് ശിക്കാരിപ്പുര മണ്ഡലത്തില്‍ ജയിച്ചത്. യഡിയൂരപ്പ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.
മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബി ജെ പിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ഒരു സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ബഹോരിബന്ദ് മണ്ഡലമാണ് കോണ്‍ഗ്രസ് നേടിയത്. മൂന്ന് മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് ബി ജെ പി വിജയം സ്വന്തമാക്കി. പഞ്ചാബിലെ രണ്ട് മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഓരോ സീറ്റ് കോണ്‍ഗ്രസും ബി ജെ പി സഖ്യകക്ഷിയായ ശിരോമണി അകാലിദളും നേടി. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗര്‍ പട്യാല മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. തല്‍വാന്‍ഡി സാബോ മണ്ഡലത്തില്‍ നിന്ന് എസ് എ ഡി നേതാവ് മൊഹീന്ദര്‍ സിംഗും വിജയിച്ചു. ലോക്‌സഭയിലേക്ക് പഞ്ചാബില്‍ നിന്ന് നാല് അംഗങ്ങളെ വിജയിപ്പിച്ച എ എ പിക്ക് രണ്ട് മണ്ഡലങ്ങളിലും കാര്യമായ ചലനമുണ്ടാക്കാനായില്ല.