Connect with us

International

ഗാസ പ്രതിസന്ധി: പുതിയ നിര്‍ദേശങ്ങള്‍ അമേരിക്കക്ക് കൈമാറും

Published

|

Last Updated

gazaഗാസ: ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് അറുതി വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പുതിയ നിര്‍ദേശങ്ങള്‍ അമേരിക്കല്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിക്ക് അടുത്ത ദിവസം കൈമാറും. ഫലസ്തീന്‍ നേതാക്കളുമായും ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളുമായും മഹ്മൂദ് അബ്ബാസ് നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ഉരുത്തിരിഞ്ഞുവന്ന നിര്‍ദേശങ്ങളാണ് ജോണ്‍ കെറിക്ക് കൈമാറുക. ഇതുവഴി നിലവിലെ ഗാസ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ഗാസയെ സൈനികവിമുക്തമാക്കുന്ന വല്ല നിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

ഹമാസിന് കീഴിലായി നടക്കുന്ന മുഴുവന്‍ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നാണ് ഇസ്‌റാഈല്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം. അതേസമയം, ഇസ്‌റാഈല്‍ ഗാസയില്‍ നടത്തുന്ന മനുഷ്യത്വരഹിത ആക്രമണങ്ങള്‍ക്ക് അറുതി വേണമെന്നും ഇവിടേക്ക് ഇസ്‌റാഈല്‍ സൃഷ്ടിക്കുന്ന മുഴുവന്‍ തടസ്സങ്ങളും നീക്കണമെന്നും ഹമാസും ശക്തമായി ആവശ്യപ്പെടുന്നു.
എത്രയും പെട്ടെന്ന് ഫലസ്തീനും ഇസ്‌റാഈലും വെടിനിര്‍ത്തല്‍ കരാറിലെത്തി പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഈജിപ്ത് നേരത്തെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതേസമയം, തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കുന്നത് വരെ ഗാസയില്‍ തങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു വീണ്ടും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ എന്താണ് ഇവരുടെ ലക്ഷ്യമെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടുമില്ല.
കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇസ്‌റാഈല്‍ ആരംഭിച്ച മനുഷ്യത്വരഹിതമായ ആക്രമണത്തില്‍ ഇതുവരെയായി രണ്ടായിരത്തിലധികം ഫലസ്തീനികള്‍ മരിച്ചു. ഇതില്‍ നിരവധി കുട്ടികളും ഉള്‍പ്പെട്ടിരുന്നു. മൊത്തം 68 ഇസ്‌റാഈല്‍ സൈനികരും കൊല്ലപ്പെട്ടു. പതിനായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു. ഫലസ്തീനികളുടെ ആയിരക്കണക്കിന് വീടുകള്‍ ഇസ്‌റാഈല്‍ ബോംബാക്രമണത്തെ തുടര്‍ന്ന് നശിച്ചിട്ടുമുണ്ട്.

Latest