Connect with us

Kozhikode

സായുധയുദ്ധം നടത്തുന്ന ഗ്രൂപ്പുകളെ പിന്തുണക്കുന്നത് ഇസ്‌ലാമില്‍ നിഷിദ്ധം- കാന്തപുരം

Published

|

Last Updated

kanthapuram 2

കോഴിക്കോട്: ഐ എസ് ഐ എസ് പോലുള്ള മിലിട്ടന്റ് സ്വഭാവം പുലര്ത്തുന്ന സംഘടനകളെ ഏതെങ്കിലും വിധത്തില്‍ പിന്തുണക്കുന്നത് ഇസ്ലാമിക വിശ്വാസ പ്രകാരം നിഷിദ്ധമാണ് എന്നും അവരുടെ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയല്‍ വിശ്വാസികളുടെ ബാധ്യതയാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്ക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. ഐ എസ് ഐ എസ്സും അവര്‍ സ്വയം പ്രഖ്യാപിച്ച ഇസ്ലാമിക രാഷ്ട്രവും ഇസ്ലാമിനെയോ മുസ്ലിംകളെയോ ഒരര്‍ത്ഥത്തിലും പ്രതിനിധീകരിക്കുന്നില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണെന്നും ഇറാഖിലെയും സിറിയയിലെയും ജനങ്ങള്‍ക്കെതിരെയുള്ള അവരുടെ അതിക്രമങ്ങള്‍ ഇസ്ലാമിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഐ എസ് ഐ എസ്സിനെ അവര്‍ നടത്തുന്ന പാശ്ചാത്യ വിരുദ്ധ ഇസ്ലാമിക വ്യാഖ്യാനങ്ങളുടെ പേരില്‍ പിന്തുണക്കുന്നവരുണ്ട്. ഇവരുടെ പാശ്ചാത്യ വിരുദ്ധ നയനിലപാടുകള്‍ മുസ്ലിം ലോകത്ത് സ്വന്തം താല്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള കുറുക്കുവഴി മാത്രമാണ്. കേരളത്തിലെ ഏതാനും നഴ്‌സുമാരോട് നല്ല രീതിയില്‍ പെരുമാറി എന്നത് എടുത്തുകാട്ടിയല്ല ഒരു മിലിറ്റന്റ് സംഘടനയോടുള്ള നയനിലപാടുകള്‍ സ്വീകരിക്കേണ്ടത്. അവര്‍ ആത്യന്തികമായി മനുഷ്യരാശിയോട് നീതി പുലര്‍ത്തുന്നുണ്ടോ എന്നതാണ് പ്രധാനം. അല്ലാതെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആഘോഷിക്കുകയല്ല വേണ്ടത്.

കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ രൂപം കൊണ്ട ഇസ്ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനങ്ങളാണ് ഇത്തരം പല സംഘടനകളുടെയും പിറവിക്കുപിന്നിലെ ചാലക ശക്തി. രാഷ്ട്രീയ ഇസ്ലാം മുസ്ലിംകള്‍ക്ക് എന്താണ് നല്കിയത് എന്നതിനെ കുറിച്ചു പുനരാലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മുസ്ലിംകളുടെ സാമൂഹിക ജീവിതത്തെ പ്രശ്‌നകലുഷിതമാക്കാനും ഇസ്ലാമിനെ പൊതു മധ്യത്തില്‍ അപമാനിക്കാനും മാത്രമേ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.മറ്റു മതങ്ങളും സമൂഹങ്ങളുമായുള്ള മുസ്ലിംകളുടെ സമാധാന പരമായ സഹവര്‍ത്തിത്തിന്റെ ചരിത്രം ഇല്ലാതാക്കാനാണ് ഈ സംഘടനകള്‍ സൂഫീ ദര്‍ഗകളും മറ്റു ചരിത്ര സ്മാരകങ്ങളും തകര്‍ക്കുന്നത് കാന്തപുരം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest