Connect with us

National

ഇന്ത്യയും പാക്കിസ്ഥാനും ഫ്‌ളാഗ് മീറ്റിംഗ് നടത്തി

Published

|

Last Updated

ജമ്മു: അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തല്‍ ലക്ഷ്യം വെച്ച് ഇന്ത്യയും പാക്കിസ്ഥാനും ഫഌഗ് മീറ്റിംഗ് നടത്തി. അതിര്‍ത്തിയില്‍ നിരന്തരമായി പാക്കിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ലംഘനത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഇന്ത്യ പാക്കിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ബി എസ് എഫും പാക് റെയ്‌ഞ്ചേഴ്‌സും തമ്മിലുള്ള ഫഌഗ് മീറ്റിംഗ് ജമ്മുവിലെ അഖ്‌നൂര്‍ സെക്ടറിലെ പാര്‍ഗ്‌വാലില്‍ വെച്ചായിരുന്നു. അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തുന്ന നിരന്തരമായ വെടിവെപ്പിനെ കുറിച്ച് ബി എസ് എഫ് പ്രതിഷേധമറിയിച്ചു. പലപ്പോഴും സാധാരണക്കാരാണ് ഇത്തരം ആക്രമണങ്ങളില്‍ മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നത്. ആര്‍ എസ് പുര, ആര്‍നിയ, രാംഗര്‍, അഖ്‌നൂര്‍, കഞ്ചക് തുടങ്ങിയ മേഖലകളില്‍ പാക് റെയ്‌ഞ്ചേഴ്‌സ് നടത്തിയ ഷെല്ലാക്രമണങ്ങളുടെയും വെടിവെപ്പുകളുടെയും തെളിവുകളും ബി എസ് എഫ് പാക്കിസ്ഥാന് കൈമാറി. കഴിഞ്ഞ 45 ദിവസത്തിനിടെ നൂറിലധികം തവണ പാക് റെയ്‌ഞ്ചേഴ്‌സ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് കണക്ക്. ഈ കാലയളവില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെടുകയും മറ്റു 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നാല് ബി എസ് എഫ് ജവാന്‍മാര്‍ക്കും ആക്രമണങ്ങളില്‍ പരുക്കേറ്റു.
കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ഇന്ത്യ തങ്ങളുടെ ശക്തമായ പ്രതിഷേധം പാക്കിസ്ഥാനെ അറിയിക്കുകയും ചെയ്തു. രണ്ട് രാജ്യങ്ങളിലെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപറേഷന്‍സ്(ഡി ജി എം ഒ)മാര്‍ തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ലഫ്റ്റനന്റ് ജനറല്‍ പി ആര്‍ കുമാറും പാക്കിസ്ഥാനെ പ്രതിനിധാനം ചെയ്ത് മേജര്‍ ജനറല്‍ അമീര്‍ റിയാസുമാണ് ടെലിഫോണ്‍ വഴി സംഭാഷണം നടത്തിയത്. 1971ലെ യുദ്ധത്തിന് ശേഷം പാക്കിസ്ഥാന്‍ ഇന്ത്യക്ക് നേരെ ഇത്രയധികം വെടിവെപ്പ് നടത്തുന്നത് ഇപ്പോഴാണെന്ന് ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍ ഡി കെ പതാക് പറഞ്ഞു.
അതിര്‍ത്തിയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഫഌഗ് മീറ്റിംഗിന് ഇന്ത്യയും പാക്കിസ്ഥാനും നേരത്തെ സമ്മതിച്ചിരുന്നു.

Latest