Connect with us

Ongoing News

രാഷ്ട്രപതി ഭവനില്‍ മലയാളിത്തിളക്കം

Published

|

Last Updated

ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കിട നല്‍കിയ ദേശീയ കായിക പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. മലയാളികളായ ടോം ജോസഫ് (വോളിബോള്‍), ടിന്റു ലൂക്ക (അത്‌ലറ്റിക്ക്‌സ്), ഗീതു അന്ന ജോസ് (ബാസ്‌കറ്റ് ബോള്‍), , വി ദിജു (ബാഡ്മിന്റണ്‍), സജി തോമസ് (റോവിംഗ്) എന്നിവര്‍ അര്‍ജുന പുരസ്‌കാരം ഏറ്റുവാങ്ങിയത് കേരളത്തിന് അഭിമാന നിമിഷമായി.
ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് പര്യടനത്തിലായതിനാല്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ചടങ്ങില്‍ സംബന്ധിച്ചില്ല.
അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ ചന്ദ് പുരസ്‌കാര ജേതാക്കള്‍ക്ക് പ്രശസ്തി ഫലകവും അഞ്ച് ലക്ഷം രൂപ ക്യാഷ് പ്രൈസും ലഭിച്ചു.
ഇരുപത് വര്‍ഷത്തിനിടെ ഖേല്‍രത്‌ന പുരസ്‌കാരം ഇല്ലാത്ത ദേശീയ കായിക പുരസ്‌കാര നിര്‍ണയമാണ് ഇത്തവണ നടന്നത്.
അഖിലേഷ് വര്‍മ (ആര്‍ചറി), എച്ച് എന്‍ ഗിരിഷ (പാരാലിമ്പിക്‌സ്), ജയ് ഭഗവന്‍ (ബോക്‌സിംഗ്), അനിര്‍ഭാന്‍ ലാഹിരി(ഗോള്‍ഫ്), മമത പുജാരി (കബഡി), ഹീന സിധു (ഷൂട്ടിംഗ്), അനക അലങ്കാമണി (സ്‌ക്വാഷ്), രേണുബാല ചാനു (ഭാരോദ്വഹനം), സുനില്‍ റാണ (ഭാരോദ്വഹനം) എന്നിവരാണ് മറ്റ് അര്‍ജുന ജേതാക്കള്‍.
ഗുസ്തി കോച്ച് മഹാബീര്‍ പ്രസാദ്, എന്‍ ലിംഗപ്പ (അത്‌ലറ്റിക്‌സ്-ലൈഫ്‌ടൈം), ജി മനോഹരന്‍ (ബോക്‌സിംഗ്-ലൈഫ്‌ടൈം), ഗുര്‍ചരണ്‍ സിംഗ് ജോഗി (ജുഡോ-ലൈഫ് ടൈം), ജോസ് ജേക്കബ് (റോവിംഗ്-ലൈഫ്‌ടൈം) എന്നിവര്‍ക്ക് ദ്രോണാചാര്യ ലഭിച്ചു.
ധ്യാന്‍ചന്ദ് പുരസ്‌കാരം മൂന്ന് പേര്‍ക്കാണ്. ഗുര്‍മെയില്‍ സിംഗ് (ഹോക്കി), കെ പി തക്കര്‍ (നീന്തല്‍, ഡൈവിംഗ്), സീഷാന്‍ അലി (ടെന്നീസ്).

ക്രിക്കറ്റ് താരം കപില്‍ദേവ് അധ്യക്ഷനായ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. മലയാളി താരം അഞ്ജു ബോബി ജോര്‍ജ്, കുഞ്ചറാണി ദേവി എന്നിവര്‍ സമിതി അംഗങ്ങളായിരുന്നു. സര്‍ക്കാര്‍ പ്രതിനിധിയും സായിയുടെ ഡയറക്ടര്‍ ജനറല്‍ ജിജി തോംസണും സമിതിയില്‍ നിരീക്ഷകരായിരുന്നു. ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ആഗസ്റ്റ് 29 ദേശീയ കായിക ദിനമായാണ് കൊണ്ടാടപ്പെടുന്നത്. ഈ ദിവസം തന്നെയാണ് പുരസ്‌കാരം നല്‍കി വരുന്നത്.

 

Latest