Connect with us

Kerala

ഗവ: ജീവനക്കാര്‍ മത സാമുദായിക സംഘടനകളില്‍ അംഗമാവരുതെന്ന് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മത, സാമുദായിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവ്. മത, സാമുദായിക സംഘടനകളില്‍ ഭാരവാഹിത്വം പാടില്ലെന്നും സംഘടനകള്‍ക്ക് വേണ്ടിയോ ട്രസ്റ്റുകള്‍ക്ക് വേണ്ടിയോ പണപ്പിരിവ് നടത്തരുതെന്നും കാണിച്ച് ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തി. കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കിയത് (ജി ഒ (പി) നം. 27/2014/പി & എ ആര്‍ ഡി).
ശാസ്ത്ര സാഹിത്യ ജീവകാരുണ്യ സൊസൈറ്റികളിലോ ട്രസ്റ്റുകളിലോ സംഘടനകളിലോ ഭാരവാഹികളാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഭാരവാഹിയായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ അക്കാര്യം സര്‍ക്കാറിനെ അറിയിക്കണം. ഭാരവാഹിത്വം പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കുന്ന പക്ഷം തത്സ്ഥാനം രാജിവെക്കണം. സൊസൈറ്റിയിലോ ട്രസ്റ്റിലോ സംഘടനകളിലോ ഭാരവാഹിത്വം വഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇവയുടെ പേരില്‍ വ്യക്തികളില്‍ നിന്നോ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ പണമോ വരിസംഖ്യയോ ഏതെങ്കിലും തരത്തിലുള്ള മറ്റ് സാമ്പത്തിക സഹായമോ സ്വീകരിക്കാന്‍ പാടില്ല. നിലവിലുള്ള നിയമത്തിന് പരിമിതികളുണ്ടെന്ന തിരിച്ചറിവാണ് ഭേദഗതിയിലേക്ക് എത്തിച്ചത്. 1960ലെ സര്‍ക്കാര്‍ പെരുമാറ്റച്ചട്ടത്തിന്റെ നാല്‍പ്പതാം വകുപ്പിലാണ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഉപ വകുപ്പ് 61, 67, 71 പ്രകാരം രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകാനോ സഹായിക്കാനോ പാടില്ല. സര്‍ക്കാര്‍ അനുമതിയില്ലാതെ പൊതുജനങ്ങളില്‍ നിന്ന് പണമോ മറ്റു ധനസഹായങ്ങളോ കൈപ്പറ്റാന്‍ പാടില്ലെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്.
സാമൂഹിക, ക്ഷേമ, ശാസ്ത്ര, സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നായിരുന്നു ഇതിലുള്ള മറ്റൊരു വ്യവസ്ഥ. പക്ഷേ, ഈ പ്രവര്‍ത്തനങ്ങള്‍ പൊതുതാത്പര്യത്തിന് എതിരാണെന്നു സര്‍ക്കാര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ പിന്മാറണമെന്നും ചട്ടമുണ്ട്.
എന്നാല്‍, ജാതി, മത, സമുദായ സംഘടനകളുടെ ഔദ്യോഗിക ഭാരവാഹിത്വം വഹിക്കുന്നതിനെക്കുറിച്ച് ചട്ടത്തില്‍ ഒന്നും പറഞ്ഞിരുന്നില്ല. ഇതാണ് പിന്നീട് വ്യാപക പരാതിക്കിടയാക്കുന്ന രീതിയിലേക്കെത്തിയത്. അതിനാല്‍ പുതിയ നിയമത്തില്‍ ഈ പഴുത് അടക്കുകയാണ് ചെയ്യുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ മത, സാമൂഹിക, സന്നദ്ധ സംഘടനകളുടെ ഭാരവാഹികളാകുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുതന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ അച്ചടക്കം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സര്‍വീസ് ചടങ്ങളിലെ ഭേദഗതി.