Connect with us

International

റഷ്യക്കെതിരെ കൂടുതല്‍ ഉപരോധ നീക്കവുമായി യൂറോപ്പ്

Published

|

Last Updated

ukrainകീവ്/ മിലാന്‍/ ബ്രസ്സല്‍സ്: ഉക്രൈനില്‍ റഷ്യന്‍ സൈനികര്‍ കടന്നുകയറിയതില്‍ യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മന്ത്രിമാര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. റഷ്യക്കെതിരെ പുതിയ ഉപരോധത്തിന് നീങ്ങുകയാണ് ഇ യു. ഉക്രൈനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് മിലാനില്‍ ചേര്‍ന്ന ഇ യു വിദേശ മന്ത്രിമാരുടെ യോഗത്തിന് ശേഷം വിദേശ നയ മേധാവി കാതറിന്‍ ആഷ്ടണ്‍ പറഞ്ഞു.

ഇ യു അതിന്റെ നയങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ തയ്യാറാണെന്നും തിരിച്ചുകയറാത്ത അവസ്ഥയില്‍ പ്രതിസന്ധിയാകുന്നതിന് മുമ്പ് രാഷ്ട്രീയ പരിഹാരം വേണമെന്നും ബ്രസ്സല്‍സില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജോസ് മാനുവല്‍ ബറോസോ പറഞ്ഞു. ഇ യു നേതാക്കളുടെ ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ ബ്രസ്സല്‍സിലെത്തിയ ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോവുമായി ചര്‍ച്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് വിദേശ സൈനികരും നൂറുകണക്കിന് വിദേശ ടാങ്കുകളും നടത്തുന്ന ഭീകരപ്രവര്‍ത്തനത്തിന്റെയും സൈനിക കടന്നുകയറ്റത്തിന്റെയും ഇരയാണ് ഉക്രൈനെന്ന് പൊറോഷെങ്കോ പറഞ്ഞു. ശീത സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഉക്രൈനിന്റെതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്‍ദെ പറഞ്ഞു. ഉപരോധങ്ങള്‍ വര്‍ധിക്കുമെന്നതില്‍ സംശയം വേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വിമതര്‍ക്ക് ടാങ്കുകളും സായുധ വാഹനങ്ങളും റോക്കറ്റ് ലോഞ്ചറുകളും മറ്റ് ആയുധങ്ങളും നല്‍കുന്നത് റഷ്യ തുടരുകയാണെന്ന് നാറ്റോ പറഞ്ഞു. റഷ്യയുടെ സൈനിക സഹായത്തോടെ സ്വാതന്ത്ര്യമാണ് വിമതരുടെ ലക്ഷ്യമെന്ന പാശ്ചാത്യ നേതാക്കളുടെ പൊതു നിലപാടിന് അടിവരയിടുന്ന തരത്തിലാണ് നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്‌സ് ഫോഗ് റസ്മൂസന്‍ പ്രതികരിച്ചത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗി ലാവ്‌റോവ് പ്രതികരിച്ചു. ലുഹാന്‍സ്‌കിന് സമീപമുള്ള നൊവോസ്‌വിത്‌ലിവ്ക നഗരം റഷ്യന്‍ ടാങ്കുകള്‍ ആക്രമിച്ചതായി ഉക്രൈന്‍ സൈനിക വക്താവ് ആന്ദ്രിയ ലിസെന്‍കോ പറഞ്ഞു. ഇവിടെ നിന്ന് പിന്‍വാങ്ങാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡൊണേറ്റ്‌സ്‌ക് മേഖലയില്‍ ഇലോവൈസ്‌ക് പിടിച്ചെടുക്കാന്‍ ഉക്രൈന്‍ സൈന്യം ശ്രമിക്കുകയാണ്. ഈ നഗരം വിമതര്‍ വളഞ്ഞിരിക്കുകയാണ്.

 

---- facebook comment plugin here -----

Latest