Connect with us

National

ഇന്ത്യയും ജപ്പാനും പ്രതിരോധ രംഗത്ത് സഹകരിക്കും

Published

|

Last Updated

abee, modiടോക്യോ: ഇന്ത്യയിലെ പൊതു, സ്വകാര്യ നിക്ഷേപം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ ജപ്പാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിക്ഷേപം 3,400 കോടി യു എസ് ഡോളറാക്കാന്‍ ജപ്പാന്‍ തീരുമാനിച്ചത്. എന്നാല്‍, സൈനികേതര ആണവ സഹകരണ കരാറില്‍ തീരുമാനത്തിലെത്തുന്നതില്‍ ഇരു രാജ്യങ്ങളും പരാജയപ്പെട്ടു. പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു. പ്രതിരോധ മേഖലയിലെ സാങ്കേതിക വിദ്യകള്‍ കൈമാറുന്നതിന് കൂടിക്കാഴ്ചയില്‍ ധാരണയായി.

അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് മോദി ജപ്പാനിലെത്തിയത്. സമുദ്ര മേഖലയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കുന്ന യു എസ് 2 വിമാനം ഇന്ത്യക്ക് വില്‍പ്പന നടത്തുന്നതില്‍ നടക്കുന്ന ചര്‍ച്ചകള്‍ ത്വരിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതുള്‍പ്പെടെ ഇന്ത്യ- ജപ്പാന്‍ സഹകരണം മെച്ചപ്പെടുത്തുമെന്ന് സംയുക്ത പത്രസമ്മേളനത്തില്‍ ഷിന്‍സൊ ആബെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണ് ബുള്ളറ്റ് ട്രെയിന്‍.
സൈനികേതര ആണവ സഹകരണത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിനുള്ള ചര്‍ച്ചകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആബെ അറിയിച്ചു. മോദിയുടെ സന്ദര്‍ശനത്തില്‍ സൈനികേതര ആണവ സഹകരണത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യ- യു എസ് ആണവ കരാറിനെ അടിസ്ഥാനമാക്കി ജപ്പാനുമായി കരാറുണ്ടാക്കാനാണ് ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍, ജപ്പാന് അനുകൂല നിലപാടല്ല ഉള്ളത്. അടിസ്ഥാന സൗകര്യം, കെട്ടിട നിര്‍മാണം. സ്മാര്‍ട്ട് സിറ്റി തുടങ്ങിയ വികസന പദ്ധതികള്‍ക്കാണ് ഇന്ത്യയില്‍ ജപ്പാന്‍ നിക്ഷേപം നടത്തുന്നത്. പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് ദക്ഷിണേഷ്യക്ക് പുറത്ത് നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്നത്.

Latest