Connect with us

National

ടട്ര ട്രക്ക് ഇടപാട്: തേജീന്ദറിനെ അറസ്റ്റ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: 1676 ടട്ര വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയാല്‍ മുന്‍ കരസേനാ മേധാവി ജനറല്‍ വി കെ സിംഗിന് 14 കോടിരൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തിന് വിധേയനായ റിട്ട.ലഫ്. ജനറല്‍ തേജീന്ദര്‍ സിംഗിനെ ഡല്‍ഹി കോടതിയുടെ ഉത്തരവ് പ്രകാരം ഇന്നലെ അറസ്റ്റ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒക്‌ടോബര്‍ 20വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
പ്രത്യേക സി ബി ഐ ജഡ്ജി മധു ജെയിനിന്റെതാണ് ഉത്തരവ്. രേഖകളുടെ പരിശോധനക്കും കുറ്റാരോപണം സംബന്ധിച്ച് വാദം കേള്‍ക്കാനും ഒക്‌ടോബര്‍ 29ന് തേജീന്ദര്‍ സിംഗിനെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
സമന്‍സിനെ തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരായ തേജീന്ദറിന് സി ബി ഐ കുറ്റപത്രവും കേസുമായി ബന്ധപ്പെട്ട മറ്റുരേഖകളും കൈമാറി. മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി, വി കെ സിംഗ് തുടങ്ങിയവരുടെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. 1676 ടട്ര വാഹനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച ഫയല്‍ 2010 ആഗസ്റ്റ്- സെപ്തംബര്‍ കാലത്ത് മുന്‍ കരസേനാ മേധാവി വി കെ സിംഗിന് മുന്നിലായിരുന്നു. വി കെ സിംഗ് ഇപ്പോള്‍ വടക്ക് കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രിയാണ്.
ഈ വാഹനങ്ങള്‍ വാങ്ങുന്നതിന്റെ ആവശ്യകത അന്ന് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ആയിരുന്ന വി കെ സിംഗിന് ബോധ്യപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് അദ്ദേഹം ടട്ര വാഹനങ്ങള്‍ സംബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നിന്നും പുതിയ ഉപദേശം തേടിയെന്ന് സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നു.
ഇതറിഞ്ഞ തേജീന്ദര്‍ സിംഗ് 2010 സെപ്തംബര്‍ 22ന് വി കെ സിംഗിന്റെ സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ഇടപാട് സംബന്ധിച്ച് ചര്‍ച്ച നടത്തി. അതിനിടയില്‍, ഒക്‌ടോബര്‍ ആദ്യ ആഴ്ചയോടെ ടട്ര വാഹനങ്ങള്‍ വാങ്ങാനുള്ള ഫയലിന് അംഗീകാരം നല്‍കിയാല്‍ വി കെ സിംഗിന് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നു.
കൈക്കൂലി വാഗ്ദാനത്തില്‍ രോഷാകുലനായ വി കെ സിംഗ് തേജീന്ദറിനോട് ഓഫീസില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആജ്ഞാപിക്കുകയും സംഭവങ്ങളെല്ലാം അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണിയെ ധരിപ്പിക്കുകയും ചെയ്തുവെന്ന് സി ബി ഐ പറയുന്നു.

 

Latest