Connect with us

Idukki

ഇടുക്കി ഡാം 60 ശതമാനം നിറഞ്ഞു; വൈദ്യുതി പ്രതിസന്ധി ഒഴിഞ്ഞേക്കും

Published

|

Last Updated

തൊടുപുഴ: കനത്ത മഴയില്‍ ഇടുക്കി അണക്കെട്ട് 60 ശതമാനം നിറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പ് കുറവാണെങ്കിലും മഴ തുടരുന്നത് ഊര്‍ജ മേഖലക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
ഇന്നലെ മാത്രം 11.36 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി. 34.442 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഇതുമൂലം ഒഴുകിയെത്തി.
2366.33 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ലോവര്‍പെരിയാര്‍, പൊന്മുടി, കല്ലാര്‍കുട്ടി അണക്കെട്ടുകളെല്ലാം സംഭരണശേഷിയിലെത്തി നില്‍ക്കുകയാണ്. ഈ പദ്ധതികളില്‍ ഇപ്പോള്‍ പൂര്‍ണതോതില്‍ ഉത്പാദനം നടത്തുന്നുണ്ട്. സംഭരണശേഷി കവിഞ്ഞതിനാല്‍ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടിരിക്കുന്നു.
കരുതല്‍ സംഭരണിയായ ഇടുക്കിയില്‍ പരമാവധി ജലം സംഭരിക്കാനായി മൂലമറ്റം പവര്‍ഹൗസിലെ ഉത്പാദനം ഗണ്യമായി കുറച്ചിരിക്കുകയാണ്. ചെറുകിട പദ്ധതികളാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 3.685 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു മൂലമറ്റത്തെ ഇന്നലെത്തെ ഉത്പാദനം. 54.768 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം. ഇതില്‍ 34.925 ദശലക്ഷം കണ്ടെത്തിയത് പുറമെ നിന്നാണ്.

---- facebook comment plugin here -----

Latest