Connect with us

International

വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 1,000 ഏക്കര്‍ ഭൂമി പിടിച്ചെടുത്തു

Published

|

Last Updated

ജറുസലം: ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനായി വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 1,000 ഏക്കര്‍ ഭൂമി പിടിച്ചെടുത്തു. ബത്‌ലഹേമിനടുത്തുള്ള ജൂത കൂടിയേറ്റ കേന്ദ്രത്തോട് ചേര്‍ന്നുള്ള പ്രദേശമാണ് ഫലസ്തീനില്‍ നിന്ന് ഇസ്‌റാഈല്‍ അനധികൃതമായി കൈയേറിയത്. ഇവിടെ നടക്കുന്ന കുടിയേറ്റ നിര്‍മാണം തടയണമെന്ന് ഫലസ്തീന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ഇസ്‌റാഈലിന്റെ ഈ നടപടി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇസ്‌റാഈല്‍ നടത്തുന്ന ഏറ്റവും വലിയ അധിനിവേശമാണ് ഇതെന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കുന്ന ഇസ്‌റാഈലില്‍ നിന്നുള്ള സംഘടന പീസ് നൗ പറഞ്ഞു. ഈ പ്രദേശത്തിന്റെ ഭൂപടം തന്നെ ഇപ്പോഴത്തെ കൈയേറ്റം മാറ്റിവരക്കുമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ പ്രദേശത്ത് നിന്ന് മൂന്ന് ഇസ്‌റാഈല്‍ കൗമാരക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെയാണ് ഈ വിപുലീകരണം നടത്തുന്നതെന്ന് ഇസ്‌റാഈല്‍ വാദിക്കുന്നു. ഇവിടെ കുടിയേറിപ്പാര്‍ത്ത ജൂതര്‍ക്കുള്ള നഷ്ടപരിഹാരമാണ് ഇതെന്നും ഫലസ്തീനികള്‍ക്കുള്ള ശിക്ഷയായി ഇതിനെ കാണണമെന്നും ഇസ്‌റാഈല്‍ പറയുന്നു. കൈയേറ്റം സ്ഥിരപ്പെട്ടതോടെ ഇതിനെ സ്റ്റേറ്റ് ലാന്‍ഡ് ആയി ഇസ്‌റാഈല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഇവിടെ ജൂത കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള നടപടികളും ഇസ്‌റാഈല്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇസ്‌റാഈലിന്റെ ഈ നടപടിയെ ഫലസ്തീന്‍ അധികൃതര്‍ ശക്തമായി വിമര്‍ശിച്ചു. കൈയേറ്റം നടത്തിയ പ്രദേശത്തിന്റെ അടുത്ത നഗരമായ സുരിഫിലെ മേയര്‍ അഹ്മദ് ലാഫി, ഇപ്പോള്‍ ഇസ്‌റാഈല്‍ കൈയേറ്റം നടത്തിയ ഭൂമി ഫലസ്തീന്‍ കുടുംബങ്ങളുടേതാണെന്ന് ചൂണ്ടിക്കാട്ടി. കുടിയൊഴിഞ്ഞുപോകാന്‍ നിര്‍ദേശിക്കുന്ന പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ ഇവിടങ്ങളില്‍ പതിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. 50 ദിവസം നീണ്ടുനിന്ന കിരാതമായ ആക്രമണങ്ങള്‍ക്ക് ശേഷം ഫലസ്തീനില്‍ നടത്തുന്ന കൈയേറ്റങ്ങള്‍ ഇസ്‌റാഈല്‍ തുടരുകയാണ്. ഇസ്‌റാഈല്‍ ഭൂമി ഏറ്റെടുത്ത് നടത്തിയ പ്രഖ്യാപനം നിയമവിരുദ്ധമാണെന്നും ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂവെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദീന വ്യക്തമാക്കി. നടപടിയില്‍ നിന്ന് പിന്മാറണമെന്ന് ഇസ്‌റാഈലിനോട് അമേരിക്ക ആവശ്യപ്പെട്ടു. ഈ നീക്കം പ്രദേശത്തെ സമാധാനം വീണ്ടും തകര്‍ക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

---- facebook comment plugin here -----

Latest