Connect with us

National

കാശ്മീരില്‍ തീവ്രവാദികള്‍ക്ക് നുഴഞ്ഞു കയറാനുള്ള ടണല്‍ കണ്ടെത്തി

Published

|

Last Updated

ജമ്മു: കാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാര്‍ നിര്‍മ്മിച്ച 150 മീറ്ററിലധികം നീളം വരുന്ന ടണല്‍ കണ്ടെത്തി. ജമ്മുവിലെ സംഘര്‍ഷ ബാധിത മേഖലയായ പല്ലന്‍വാല സെക്ടറിലെ ചക്‌ല പോസ്റ്റിന് സമീപത്താണ് ടണല്‍ കണ്ടെത്തിയത്. തീവ്രവാദികള്‍ പാക്അധീന കാശ്മീരില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചതെന്ന് പ്രതിരോധ വകുപ്പ് വക്താക്കള്‍ അറിയിച്ചു. രണ്ടര അടി വീതും മൂന്നര അടി ഉയരവുമുള്ളതാണ് ടണല്‍.

ടണല്‍ കണ്ടെത്തിയ സ്ഥലത്ത് ഈ വര്‍ഷം ജൂലൈ 22ന് ആയുധമേന്തിയ തീവ്രവാദികളുമായി ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടിയിരുന്നു. ഒരു തീവ്രവാദിയും ഒരു സൈനികനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2008ലും ഇതേ സ്ഥലത്ത് സമാനമായ രീതിയില്‍ ടണല്‍ കണ്ടെത്തിയിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്ക് കടക്കുന്നതിനും ആയുധങ്ങളും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള സാധനങ്ങളും കടത്താനുമാണ് ടണല്‍ നിര്‍മിച്ചതെന്നാണ് സൂചന. പുതിയ ടണല്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.