Connect with us

Ongoing News

മനോജ് വധം: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂരിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. എ ഡി ജി പി. എസ് അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അന്വേഷണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നും രാജ്‌നാഥ് സിംഗിനെ ഉമ്മന്‍ ചാണ്ടി അറിയിച്ചു.
കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ പോലീസ് ഉന്നതതല യോഗം ചേര്‍ന്നു. സംസ്ഥാന പോലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യം, രഹസ്യാന്വേഷണം, ക്രൈം ബ്രാഞ്ച്, ഭരണ വിഭാഗം പോലീസ് മേധാവികളും ആഭ്യന്തര സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു.
സംഭവത്തെ ഗൗരവത്തില്‍ കാണുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണ സംഘത്തലവന്‍ എ ഡി ജി പി. എസ് അനന്തകൃഷ്ണന്‍ ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. കുറ്റാന്വേഷണത്തില്‍ വിദഗ്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തിന് രൂപം നല്‍കും. കതിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ട് പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. നേരത്തെ കേസില്‍ പ്രതികളായവരും അല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. ആക്രമണത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ട്. കുറ്റക്കാരെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. മനഃപൂര്‍വം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. ഡി ഐ ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷബാധിത മേഖലകളിലെല്ലാം ആവശ്യമായ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.
ടി പി ചന്ദ്രശേഖരന്‍ വധത്തോടെ രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചതാണ്. കണ്ണൂരിനെ പഴയതു പോലെ രാഷ്ട്രീയ കുരുതിക്കളമാക്കാന്‍ അനുവദിക്കില്ല. രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ട നേതാക്കള്‍ക്കെല്ലാം പോലീസ് സംരക്ഷണം നല്‍കുന്നുണ്ട്. കൊല നടന്നതിന് പിന്നാലെ സഖാക്കള്‍ക്ക് നന്ദി പറഞ്ഞ് ഉന്നത സി പി എം നേതാവിന്റെ മകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെക്കുറിച്ചും അന്വേഷിക്കും. ടി പി ചന്ദ്രശേഖരന്‍, കെ ടി ജയകൃഷ്ണന്‍ വധക്കേസുകള്‍ സി ബി ഐ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറല്ലെന്നാണ് സി ബി ഐ അറിയിച്ചത്. ഈ രണ്ട് കേസുകളും സി ബി ഐ അന്വേഷിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.