Connect with us

Techno

സാംസംഗ് ഗാലക്‌സി നോട്ട് 4 പുറത്തിറക്കി

Published

|

Last Updated

ബെര്‍ലിന്‍: ഫാബ്‌ലറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗാലക്‌സി നോട്ട് 4 സാംസംഗ് പുറത്തിറക്കി. ഇതോടൊപ്പം ഗാലക്‌സി നോട്ട് എഡ്ജ് എന്ന മറ്റൊരു മോഡലും സാംസംഗ് പുറത്തിറക്കിയിട്ടുണ്ട്. ബെര്‍ലിനില്‍ നടക്കുന്ന ഐ എഫ് എ 2014 ടെക് എക്‌സ്‌പോയിലാണ് സാംസംഗ് ഈ മോഡലുകള്‍ പുറത്തിറക്കിയത്.

സാംസംഗിന്റെ ഫാബ്‌ലറ്റ് ശ്രേണിയിലെ ഏറ്റവും മികച്ച മോഡലാണ് ഗാലക്‌സി നോട്ട് 4. ഇടത്ത് നിന്ന് വലത്തോട്ട് വളഞ്ഞ 5.7 ഇഞ്ച് ഡിസ്‌പ്ലേയാണ് നോട്ട് 4ന് ഉള്ളത്. വളഞ്ഞ സ്‌ക്രീനോട് കൂടി സാംസംഗ് തങ്ങളുടെ പ്രധാന ഫോണ്‍ ശ്രേണിയില്‍ പുറത്തിറക്കുന്ന ആദ്യ മോഡലാണ് നോട്ട് 4. ഗാലക്‌സി റൗണ്ട് 2013ല്‍ പുറത്തിറക്കിയിരുന്നെങ്കിലും ദക്ഷിണ കൊറിയക്ക് പുറത്ത് ഈ മോഡല്‍ ലഭ്യമായിരുന്നില്ല.

നോട്ട് 4ല്‍ ഡിസ്‌പ്ലേ റെസലൂഷന്‍ ക്യൂ എച്ച് ഡി(1440*2560 പിക്‌സല്‍) ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 3220 എം എ എച്ച് ബാറ്ററി പവറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെക്‌നോളജി ഉപയോഗിച്ചിട്ടുള്ളതിനാല്‍ 30 മിനിറ്റ് കൊണ്ട് ബാറ്ററി പൂജ്യത്തില്‍ 50 ശതമാനത്തിലെത്തും.

നോട്ട് 4ന്റെ ഇന്ത്യന്‍ മോഡലില്‍ ഒക്ടാ കോര്‍ പ്രൊസസറാണ് ഉള്ളത്. 3 ജി ബി റാം, 32 ജി ബി മെമ്മറി, 64 ജി ബി മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാവുന്നതാണ്. 16 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും 3.7 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് നോട്ട് 4നുള്ളത്.

ഗാലക്‌സി എസ്5ല്‍ ഉള്ള ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍ എന്നിവയും അധികമായി ബാരോ മീറ്റര്‍, ഹാള്‍ സെന്‍സര്‍ എന്നിവയും നോട്ട് 4ല്‍ കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സൈഡ് ഡിസ്‌പ്ലേയുള്ള ലോകത്തെ ആദ്യ സ്മാര്‍ട് ഫോണ്‍ ആണ് ഗാലക്‌സി നോട്ട് എഡ്ജ്. ഫാബ്‌ലറ്റിന്റെ വലത്തേ അറ്റത്തേക്ക് ചരിഞ്ഞ് ഒരു രേഖപോലെയാണ് ഡിസ്‌പ്ലേയുള്ളത്. 5.6 ഇഞ്ച് ഡിസ്‌പ്ലേ, 3000 എം എ എച്ച് ബാറ്ററി കപാസിറ്റി, ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെക്‌നോളജി എന്നിവയും ഇതിലുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ ഇരു ഫാബ്‌ലറ്റുകളും ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് കമ്പനി അധികൃതര്‍ പറയുന്നുണ്ടെങ്കിലും വില സംബന്ധിച്ച യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.

Latest