Connect with us

International

വെടി നിര്‍ത്തലിന് സമ്മതം: ഉക്രൈന്‍; പ്രതീക്ഷയുള്ളതായി റഷ്യ

Published

|

Last Updated

യുലാന്‍ ബാറ്റൊര്‍ : ഉക്രൈനും റഷ്യന്‍ അനുകൂല വിമതരുമായി വെള്ളിയാഴ്ചയോടെ സമാധാന കരാറിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. ഇരു വിഭാഗത്തോടും പടിഞ്ഞാറന്‍ ഉക്രൈനിലെ സൈനിക നടപടി നിര്‍ത്തിവെക്കാന്‍ പറഞ്ഞ പുടിന്‍ തന്റെ കാഴ്ച്ചപ്പാടുകളും ഉക്രൈന്‍ പ്രസിഡന്റിന്റെ കാഴ്ച്ചപ്പാടുകളും വളരെ അടുത്തുനില്‍ക്കുന്നതായും കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തലിന് ഫോണിലൂടെ തങ്ങള്‍ സമ്മതിച്ചതായി ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പ്രൊഷെന്‍കോ നേരത്തെ പറഞ്ഞിരുന്നു. നാറ്റോ അംഗരാജ്യങ്ങള്‍ക്കൊപ്പം തങ്ങളും ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും വാഗ്ദാനം ചെയ്തിരുന്നു. വ്യാഴാഴ്ച വെയ്ല്‍സില്‍ തുടങ്ങുന്ന നാറ്റോ ഉച്ചകോടിയില്‍ ഉക്രൈന്‍ വിമതര്‍ക്കെതിരെ പെട്ടന്നുള്ള സൈനിക നീക്കം നടത്താനുള്ള പദ്ധതിയില്‍ നിന്ന് പിന്നാക്കം പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഡൊണസ്‌കിന് സമീപം ഉക്രൈന്‍ സേനയുടെ പതിയിരുന്നുള്ള ആക്രമണത്തില്‍ റഷ്യക്കാരനായ ഫോട്ടോ ജേണലിസ്റ്റ് ആന്‍ഡ്രി സ്റ്റെനിന്‍ കൊല്ലപ്പെട്ടതായി റഷ്യ സ്ഥിരീകരിച്ചു. സമാധാന പദ്ധതികള്‍ക്കായി ഏഴിന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നതായി മംഗോളിയന്‍ തലസ്ഥാനമായ യുലാന്‍ ബാറ്റൊറില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പുടിന്‍ പറഞ്ഞു. ഉക്രൈന്‍ സൈന്യവും വിമതരും സജീവമായ ആക്രമണ പദ്ധതികളില്‍നിന്ന് പിന്‍മാറണം, ജനവാസ കേന്ദ്രങ്ങളില്‍നിന്നും സൈന്യം അകലം പാലിക്കണം, വെടിനിര്‍ത്തലിന് അന്താരാഷ്ട്രാ നിരീക്ഷണം വേണം തുടങ്ങിയ നിര്‍ദേശങ്ങളാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മുന്നോട്ട് വെച്ചത്.

Latest