Connect with us

Articles

ഒരു സൂപ്പര്‍മാന്‍ കുട്ടികളോട് സംസാരിക്കുന്നു

Published

|

Last Updated

അധ്യാപക ദിനത്തില്‍ രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചത് വന്‍ വിവാദമായിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങള്‍ ആദ്യം മുതല്‍ തന്നെ അവരവരുടെ എതിര്‍പ്പുകള്‍ വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സാധാരണ ഗതിയില്‍, ഒരു പ്രധാനമന്ത്രി രാജ്യത്തെ വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ തയ്യാറായാല്‍ അത് സ്വാഗതം ചെയ്യപ്പെടുകയാണ് പതിവ്. എന്നാല്‍, ഇവിടെ നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയാണ് പ്രശ്‌നം. രണ്ടാമത്, അക്കാര്യം ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ച ജനാധിപത്യവിരുദ്ധ രീതികള്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കുകയും ചെയ്തു.
അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യേണ്ടത് അധ്യാപകരെയോ വിദ്യാര്‍ഥികളെയോ? അധ്യാപകരെക്കാള്‍ വലിയ അധ്യാപകനാണ് താന്‍ എന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാര്‍ഥികളെ മുഴുവന്‍ തന്റെ പ്രസംഗം കേള്‍പ്പിക്കണമെന്ന് തീരുമാനിച്ചതെന്തിന്? ആരാണത് ആവശ്യപ്പെട്ടത്? ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് നിന്ന് അങ്ങനെയൊരു ആവശ്യം ഉണ്ടായില്ലല്ലോ? എന്തിനേറെ, മാനവവിഭവ വികസന വകുപ്പ് മന്ത്രാലയം പോലും അങ്ങനെ ആവശ്യപ്പെട്ടില്ല. തീരുമാനിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. അതു തന്നെ ജനാധിപത്യവിരുദ്ധമായ രീതിയിലും.
പ്രധാനമന്ത്രിയോട് ഓര്‍മിപ്പിക്കാന്‍ ഒരു കാര്യമുണ്ട്; ഇന്ത്യ ഒരു ഫെഡറല്‍ സ്റ്റേറ്റാണ്. വിദ്യാഭ്യാസമാകട്ടെ കേന്ദ്ര ലിസ്റ്റിലുള്ള സബ്ജക്ടുമല്ല. ഇന്ത്യ പോലെ ബൃഹത്തായ ഒരു ദേശത്ത് ഒരു കാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകളും മാനദണ്ഡങ്ങളുമുണ്ട്. ഫെഡറലിസത്തെ ചവിട്ടിമെതിച്ചുകൊണ്ട് സ്വന്തം രാഷ്ട്രീയ മേധാശക്തി ആരുടെയെങ്കിലും മേല്‍ പ്രയോഗിക്കാമെന്ന് വിചാരിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. അതുകൊണ്ടാണ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, നരേന്ദ്ര മോദിയുടെ പ്രസംഗം സംസ്ഥാനത്ത് കേള്‍പ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്; തമിഴ്‌നാടും ആന്ധ്രപ്രദേശും എതിര്‍പ്പുമായി രംഗത്തു വന്നത്. എന്തിനേറെ, ഹിന്ദി ബെല്‍റ്റില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ കല്‍പ്പന പാലിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്‌കൂള്‍ അധികൃതര്‍ എടുത്തുകൊണ്ടിരിക്കുന്നു.
ഇത്തവണത്തെ അധ്യാപക ദിനത്തെ “ഗുരുഉത്സവ്” ആക്കി മാറ്റിയിരിക്കുന്നു കേന്ദ്ര സര്‍ക്കാര്‍. എന്തിനേയും ആഘോഷമാക്കി മാറ്റുന്ന പ്രവണത നല്ലതോയെന്നു കൂടി ആലോചിക്കുക. അധ്യാപനത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുകയാണ് വേണ്ടത്, അല്ലാതെ അധ്യാപക ദിനത്തെ ന്യൂ ജനറേഷന്‍ പാര്‍ട്ടിയാക്കി അധഃപതിപ്പിക്കുന്ന രീതി ചോദ്യം ചെയ്യപ്പെടണമെന്ന് തോന്നുന്നു. അതൊക്കെ നില്‍ക്കട്ടെ, പ്രധാനമന്ത്രി ഇത്ര ധൃതിപ്പെട്ട് വിദ്യാര്‍ഥികളുടെ മേല്‍ ഒരു പ്രസംഗം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെന്താണ്?
പ്രധാനമന്ത്രി നരേന്ദ്ര മോദി സംശയത്തിന്റെ നിഴലില്‍ നിന്ന് മോചിതനായിട്ടുള്ള ഒരാളല്ല. ഇന്ത്യയില്‍ ഹിന്ദു വര്‍ഗീയ വികാരം ആളിക്കത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ എന്ന ആരോപണം ഇപ്പോഴും അദ്ദേഹം നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ, അദ്ദേഹം നല്‍കുന്ന സന്ദേശം അപകടകരമായി മാറുമെന്ന വിചാരം സമൂഹത്തിനുണ്ട്. അത് മാറ്റിയെടുക്കാന്‍ മോദി ഒരുപാട് ദൂരം, ജനാധിപത്യത്തിന്റെ പാതയില്‍ സഞ്ചരിക്കേണ്ടിവരും. 31 ശതമാനത്തിന്റെ വോട്ട് നേടി അധികാരത്തില്‍ വന്നുവെന്നതു കൊണ്ടു മാത്രം ഒരു ജനതയുടെ മുഴുവന്‍ പ്രതിനിധിയാകുന്നില്ലെന്നു കൂടി ഓര്‍ക്കുക. ജനാഭിലാഷങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന നയങ്ങള്‍ നടപ്പാക്കുമ്പോള്‍ മാത്രമേ, ജനങ്ങള്‍ക്ക് പ്രധാനമന്ത്രി സ്വീകാര്യനാകൂ. പത്ത് വര്‍ഷം ഭരിച്ചിട്ടും ഡോ. മന്‍മോഹന്‍ സിംഗിന് ജനങ്ങളുടെ പ്രധാനമന്ത്രിയാകാന്‍ കഴിയാതെ പോയത് എന്തുകൊണ്ട് എന്ന് ആലോചിച്ചാല്‍ അതിനുള്ള ഉത്തരം കിട്ടും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശ്‌നങ്ങളില്‍ ഒന്ന് അദ്ദേഹം “സൂപ്പര്‍ ഹീറോ” ചമയാന്‍ ശ്രമിക്കുന്നു എന്നതാണ്. എല്ലാ അധികാരങ്ങളും തന്നിലേക്കു കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്നത് അപകട സൈറണ്‍ മുഴക്കല്‍ തന്നെയാണ്. ലോകത്തെ ഫാസിസ്റ്റ് ഭരണാധികാരികളുടെ ഭരണശൈലിയാണത്. എല്ലാം തന്റെ കാല്‍ച്ചുവട്ടിലേക്കു കൊണ്ടുവരിക എന്ന സമീപനം ഫാസിസമാണ്. സങ്കുചിതമായ രാഷ്ട്രീയ അജന്‍ഡകളാണ് ആധുനിക ഭരണാധികാരികളെ തെറ്റുകളിലേക്കു നയിക്കുന്നത്. രാജ്യമാകമാനം വര്‍ഗീയവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍, വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ശ്രമിക്കുമ്പോള്‍, ചരിത്രഗവേഷണ കൗണ്‍സിലിനെ പോലും നരേന്ദ്ര മോദി സര്‍ക്കാര്‍ പൊളിച്ചെഴുതുമ്പോള്‍ സംഭവിക്കാന്‍ പോകുന്ന ദേശീയ വിപത്ത് എന്തെന്ന് കൂടുതല്‍ വ്യക്തമാക്കപ്പെടുകയാണ്.
അതുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുമ്പോള്‍, അതിലെന്തെല്ലാം സന്മാര്‍ഗ പാഠങ്ങള്‍ ഉള്‍പ്പെട്ടാലും അതിലൂടെ സംപ്രേക്ഷണം ചെയ്യുന്ന “ഇമേജ്” വിദ്യാര്‍ഥികള്‍ക്ക് നല്ല സന്ദേശം നല്‍കില്ല. രാജ്യത്ത്, ഇന്നേവരെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലാത്ത കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടുകയാണിതിലൂടെ.
ഇതാ ഒരു സൂപ്പര്‍മാന്‍ എന്ന സന്ദേശമാണ് ഒന്നുമറിയാത്ത കുട്ടികള്‍ക്കു കിട്ടുന്നതെങ്കില്‍ ഭാവിയില്‍ അത് ഒരു വ്യക്തിയുടെ രാഷ്ട്രീയ മേധാവിത്വ സംസ്ഥാപനത്തിനുള്ള വഴിയൊരുക്കലാകും എന്ന കാര്യം പ്രബുദ്ധരായ മനുഷ്യര്‍ക്ക് വിസ്മരിക്കാനാകില്ല. വിശേഷിച്ചും ഹിറ്റ്‌ലറും മുസ്സോളിനിയും നമ്മുടെ മുന്നില്‍ കനത്ത ചരിത്ര പാഠങ്ങളായി നില്‍ക്കുമ്പോള്‍.
രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ച കേരളത്തിലെ ഡി പി ഐയും വിമര്‍ശനം അര്‍ഹിക്കുന്നു. എല്ലാ സ്‌കൂളുകളിലും പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കാണിക്കാന്‍ അതിവിപുലമായ ഏര്‍പ്പാടുകളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പ് എടുത്തത്. അതിനു വേണ്ടിയുള്ള സര്‍ക്കുലറും പുറപ്പെടുവിച്ചു. എതിര്‍പ്പുകള്‍ വ്യാപകമായപ്പോള്‍, “നിര്‍ബന്ധമില്ല” എന്ന നിലപാട് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സ്വീകരിച്ച് തടി തപ്പി. പക്ഷേ, സര്‍ക്കുലര്‍ പിന്‍വലിച്ചില്ല. അത് പിന്‍വലിച്ച് മോദിയുടെ പ്രസംഗം അടിച്ചേല്‍പ്പിക്കാന്‍ എടുത്ത തീരുമാനത്തില്‍ ഖേദം അറിയിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് ധാര്‍മിക ബാധ്യതയുണ്ട്. രാജാവിനെക്കാള്‍ വലിയ രാജഭക്തന്മാര്‍ രാജ്യത്തിന് ആവശ്യമുണ്ടോ?

 

Latest