Connect with us

National

സുപ്രീംകോടതി വിധി: തമിഴ്‌നാട്ടില്‍ 3000 വിചാരണ തടവുകാര്‍ പുറത്തേക്ക്

Published

|

Last Updated

ചെന്നൈ: ശിക്ഷാ കാലാവധിയുടെ പകുതി പിന്നിട്ട വിചാരണ തടവുകാരെ വിട്ടയക്കണമെന്ന കോടതി വിധി തുണയായി തമിഴ്‌നാട്ടില്‍ 3000 വിചാരണ തടവുകാര്‍ മോചിതരായി. ചുമത്തപ്പെട്ട കുറ്റത്തിന് ലഭിക്കാവുന്ന ശിക്ഷയുടെ പകുതിയോ അതിലധികമോ അനുഭവിച്ച വിചാരണ തടവുകാരെ വിട്ടയക്കണമെന്നായിരുന്ന കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ സുപ്രധാന വിധി. ജില്ലാ ജഡ്ജിമാരുടെ നേതൃത്വത്തില്‍ ഇതിനായി ജയിലുകളില്‍ അദാലത്ത് നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

തമിഴ്‌നാട്ടിലെ എട്ട് സെന്‍ട്രല്‍ ജയിലുകളിലും 89 സബ്ജയിലുകളിലും 11 വനിതാ സബ് ജയിലുകളിലും 11 ജുവനൈല്‍ ഹോമുകളിലും മജിസ്‌ട്രേറ്റുമാര്‍ അദാലത്തുകള്‍ നടത്തി. ചെന്നൈ പുഴാല്‍ സെന്‍ട്രല്‍ ജയിലിലെ 831 വിചാരണ തടവുകാരാണ് മോചിതരായത്. പാളയംകോട്ട സെന്‍ട്രല്‍ ജയിലില്‍ നിന്ന് 174 തടവുകാരും മധുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് 53 തടവുകാരും ട്രിച്ച് സെന്‍ട്രല്‍ ജയിലില്‍ നിന്ന് 48 തടവുകാരും വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 39 തടവുകാരുമാണ് മോചിതരായത്.

തടവുകാരുടെ മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ 2000 മുതല്‍ തമിഴ്‌നാട്ടില്‍ ജയില്‍ അദാലത്തുകള്‍ സംഘടിപ്പിക്കാറുണ്ട്. സുപ്രീംകോടതി വിധി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നതാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.

Latest