Connect with us

International

കാന്തപുരത്തിനും ഖലീല്‍ തങ്ങള്‍ക്കും ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

Published

|

Last Updated

kanthapuram

ലണ്ടനില്‍ നടന്ന സ്വീകരണ സംഗമത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

ലണ്ടന്‍: വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതിന് യു കെയിലെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ക്ക് ലണ്ടനില്‍ ഒരുക്കിയ സ്വീകരണ സംഗമം യു കെയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അപൂര്‍വ കൂട്ടായ്മയായി മാറി. വൈറ്റ് ചാപ്പല്‍ വിക്കാം സ്വീറ്റില്‍ നൂറുകണക്കിന് പേര്‍ സംബന്ധിച്ച പരിപാടിയില്‍ മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ നടക്കുന്ന ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സിന്റെ ലോഗോ പ്രകാശനവും നടന്നു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ശാന്തിയുടെയും സമാധാനത്തിന്റെയും വഴിയിലുള്ള പ്രവര്‍ത്തനങ്ങളാണ് മനുഷ്യ ചരിത്രത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിമരുന്നിട്ടതെന്ന് കാന്തപുരം പറഞ്ഞു. ഐക്യവും ഒരുമയുമാണ് ആരോഗ്യമുള്ള ഏതു സമൂഹത്തിന്റെയും നട്ടെല്ല്. അതില്ലാതെയായാല്‍ കുടുംബവും സമൂഹവും രാഷ്ട്രങ്ങളുമെല്ലാം ശിഥിലമാകും. പാരസ്പര്യമില്ലായ്മയില്‍ നിന്നാണ് എല്ലാ കുഴപ്പങ്ങളും തുടങ്ങുന്നതെന്നും അദ്ദേഹം ഉണര്‍ത്തി. സമാധാനം കളിയാടുന്ന ലോകത്തിനായി ജീവിച്ച ശൈഖ് സായിദിന്റെ സന്ദേശങ്ങള്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ലോകക്രമത്തില്‍ സമാധാനത്തിനായുള്ള കൂടുതല്‍ ശബ്ദങ്ങളുയരേണ്ടതുണ്ട്. ആ കര്‍ത്തവ്യമാണ് പണ്ഡിതന്മാര്‍ നിര്‍വഹിക്കുന്നത്. മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ, മഅ്ദിന്‍ അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ മുന്നോട്ടുവെക്കുന്ന സന്ദേശവുമിതാണെന്ന് കാന്തപുരം വ്യക്തമാക്കി.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സംഗമം ഉദ്ഘാടനം ചെയ്തു. പ്രമുഖ കനേഡിയന്‍-ബ്രിട്ടീഷ് കവിയും എഴുത്തുകാരനുമായ പോള്‍ അബ്ദുല്‍ വദൂദ് സദര്‍ലന്റ്, ഇദ്‌രീസ് മേഴ്‌സ് (അസോസിയേഷന്‍ ഓഫ് മുസ്‌ലിം സ്‌കൂള്‍സ്-യു കെ), ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രസംഗിച്ചു. ഇ വി അബ്ദുല്‍ അസീസ് ആമുഖ പ്രഭാഷണം നടത്തി. അബ്ദുര്‍റഹ്മാന്‍ നൂറാനി സ്വാഗതവും മുനീര്‍ വയനാട് നന്ദിയും പറഞ്ഞു.
കേംബ്രിജ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ഇസ്‌ലാമിക് മാന്യുസ്‌ക്രിപ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിനെത്തിയ കാന്തപുരം വിവിധ പരിപാടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാവിലെ മുംബൈയിലെത്തും. സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍ യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി ജര്‍മനിയിലേക്ക് പുറപ്പെടും. നെതര്‍ലന്റ്‌സ്, ബെല്‍ജിയം, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 25ന് തിരിച്ചെത്തും.