Connect with us

National

ഹനുമാനും കിട്ടി ആധാര്‍ കാര്‍ഡ്!

Published

|

Last Updated

ജയ്പൂര്‍: ഹിന്ദു ദൈവമായ ഹനുമാനും കിട്ടി ആധാര്‍ കാര്‍ഡ്.20947-519541 ആണ് ഹനുമാന്റെ ആധാര്‍ നമ്പര്‍. ചിത്രത്തിന്റെ സ്ഥാനത്ത് ഹനുമാന്റെ ചിത്രവും പേരിന്റെ സ്ഥാനത്ത് ഹനുമാന്‍ജി എന്നുമാണ് ഉള്ളത്. പക്ഷേ ഇത് ഏറ്റു വാങ്ങാന്‍ ആളില്ല. സണ്‍ ഓഫ് പവന്‍ അഥവാ വായുവിന്റെ പുത്രന്‍ എന്നാണ് അച്ഛന്റെ പേര് നല്‍കിയിരിക്കുന്നത്. ഒരു മൊബൈല്‍ നമ്പറും വിരലടയാളവും നല്‍കിയിട്ടുണ്ട്. 1959 ജനുവരി ഒന്നാണ് കാര്‍ഡിലെ ജനനത്തീയതി.
സികാര്‍ ജില്ലയിലെ ദന്താ രാംഗഡ് പോസ്റ്റ് ഓഫീസില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബാംഗ്ലൂരില്‍ നിന്ന് ഹനുമാന്റെ പേരിലുള്ള ആധാര്‍ കാര്‍ഡ് കിട്ടിയത്. വാര്‍ഡ് നമ്പര്‍ 6, ദന്താ രാംഗഡ്,പഞ്ചായത്ത സമിതി, സികാര്‍ ജില്ല എന്ന വിലാസത്തിലായിരുന്നു കവര്‍ എത്തിയത്. വിലാസം അപൂര്‍ണമായതിനാല്‍ വട്ടംകറങ്ങിയ പോസ്റ്റ്മാന്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കവര്‍ തുറന്നുനോക്കിയത്. ആധാര്‍ കാര്‍ഡിലെ ഫോട്ടോയും പേരും കണ്ട പോസ്റ്റ് മാന്‍ ഞെട്ടിപ്പോയി. അബദ്ധത്തില്‍ ഫോട്ടോ മാറിപ്പോയതാണോ എന്നറിയാന്‍ പോസ്റ്റമാന്‍ സ്ഥലത്തെ പലരോടും അന്വേഷിച്ചു. പലരും അറിയില്ലെന്ന മറുപടിയും നല്‍കി. അങ്കിത് എന്ന യുവാവിന്റെ പേരിലുള്ള മൊബൈല്‍ നമ്പറാണ് രജിസ്‌ട്രേഷനു വേണ്ടി കൊടുത്തിരുന്നത്. എന്നാല്‍ അങ്കിതുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു സംഭവം അദ്ദേഹം അറിഞ്ഞിട്ടേയില്ല. ഒടുവില്‍ ആധാര്‍ കാര്‍ഡ് ബാംഗ്ലൂരിലേക്ക് തന്നെ തിരിച്ചയച്ചു.