Connect with us

Gulf

ഇത്തിസലാത്ത് ബ്രോഡ്ബാന്റിന്റെ വേഗം വര്‍ധിപ്പിച്ചു

Published

|

Last Updated

അബുദാബി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്ത് ബ്രോഡ്ബാന്റ് കണക്ഷനുകളുടെ വേഗം വര്‍ധിപ്പിച്ചു. നിലവിലുള്ളതിന്റെ രണ്ടര ഇരട്ടിയാണ് വേഗം വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവിലെ ബിസിനസ് ഉപഭോക്താക്കള്‍ക്കുള്ള കണക്ഷനുകളില്‍ ഇരട്ടിയായാണ് വേഗം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് ഇത്തിസലാത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഉടന്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കും. സെക്കന്റില്‍ നാല് എം ബി വേഗമുള്ള കണക്ഷനുള്ള ഉപഭോക്താക്കളുടെ വേഗം 10 എം ബിയായി സെക്കന്റില്‍ വര്‍ധിക്കും. മറ്റ് ബിസിനസ് പാക്കേജുകള്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കും അവരിപ്പോള്‍ ഉപയോഗിക്കുന്ന പാക്കേജിന് അനുയോജ്യമായ വേഗം ലഭിക്കും. എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായാണ് പുതിയ വേഗം ലഭിക്കുക.
രാജ്യാന്തര നിലവാരത്തിലുള്ള പ്രധാന ബിസിനസ് കേന്ദ്രമാക്കി രാജ്യത്തെ മാറ്റാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ചുവട് പിടിച്ചാണ് ഇത്തിസലാത്ത് ഇന്റര്‍നെറ്റിന്റെ വേഗം വര്‍ധിപ്പിച്ചിരിക്കുന്നത്. ബിസിനസ് രംഗത്ത് അത്യാധുനിക സാങ്കേതികവിദ്യ മേല്‍കൈ നേടുന്ന കാലമാണെന്ന തിരിച്ചറിവും ഇത്തരം ഒരു തീരുമാനത്തിന് പിന്നിലുണ്ട്.
നവ സാമൂഹിക മാധ്യമങ്ങളുടെ പ്രശസ്തി വര്‍ധിക്കുന്ന കാലത്ത് ഇന്റര്‍നെറ്റ് കണക്ഷനുകളുടെ വേഗം വര്‍ധിപ്പിക്കുന്നത് ബിസിനസ് ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ഇത്തിസലാത്ത് കരുതുന്നത്.

Latest