Connect with us

National

സല്യൂട്ടിന് 'ജയ് ഹിന്ദ്' ഉപയോഗിക്കുന്നത് വിലക്കുന്നുവെന്ന് സൈന്യത്തിലെ മൗലവി

Published

|

Last Updated

ചാണ്ഡിഗഢ്: “ജയ് ഹിന്ദ്” (ഇന്ത്യ നീണാള്‍ വാഴട്ടെ) എന്ന മുദ്രാവാക്യം വിളിച്ച് സല്യൂട്ട് ചെയ്യുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി സൈന്യത്തിലെ മൗലവി രംഗത്ത്. രാഷ്ട്രപതി, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ക്ക് പരാതിയുമായി സൈന്യത്തിലെ മൗലവി സുബേദാര്‍ ഇശ്‌റത് അലിയാണ് രംഗത്തെത്തിയത്. സുഭാഷ് ചന്ദ്ര ബോസ് ഉപയോഗിച്ച ജയ് ഹിന്ദ് വിളി മതവിദ്വേഷവും തീവ്രവാദ സന്ദേശവും നല്‍കുന്നുവെന്നും “റാം റാം”, “ജയ് മാതാ ദി” തുടങ്ങിയവയാണ് ഉപയോഗിക്കേണ്ടതെന്നും സങ്കുചിത മനഃസ്ഥിതി ഉപേക്ഷിക്കണമെന്നും കാണിച്ച് അലിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇവ ഹിന്ദു മത പ്രകാരമുള്ള മന്ത്രങ്ങളാണെന്നും താന്‍ മുസ്‌ലിം പണ്ഡിതനാണെന്നും ഇശ്‌റത് അലി ചൂണ്ടിക്കാട്ടുന്നു.
മാനസിക പീഡനമുണ്ടെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അലിയുടെ ഭാര്യ ശഹനാസ് ബാനു രാഷ്ട്രപതിക്കും ന്യൂനപക്ഷ കമ്മീഷനും യു പി മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. അലിക്ക് നല്‍കിയ നോട്ടീസ് ഗുരുതര സ്വഭാവമുള്ളതാണെന്ന് ബി എസ് എഫ് അസി. കമാന്‍ഡന്റ് ആയിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ആനന്ദ് ചൂണ്ടിക്കാട്ടുന്നു. അത് മുഴുവന്‍ തെറ്റാണ്. അഭിവാദന വചനങ്ങള്‍ രാജ്യത്തിന്റെ പേരിലാണ്, അല്ലാതെ മതത്തിന്റെ പേരിലല്ല. എല്ലാവരും ഇന്ത്യയുടെ സൈനികരാണ്. ഇത്തരം നിര്‍ദേശങ്ങള്‍ ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആസാദ് ഹിന്ദ് ഫൗജിലെ മേജറായിരുന്ന ആബിദ് ഹുസൈന്‍ സഫ്‌റാനി സംഭാവന ചെയ്ത ജയ് ഹിന്ദ് മുദ്രാവാക്യം പിന്നീട് നേതാജി സുഭാഷ് ചന്ദ്ര ബോസ് ഉപയോഗിക്കുകയായിരുന്നു.
കഴിഞ്ഞ 22 വര്‍ഷത്തെ സൈനിക സേവനത്തിനിടെ, കഴിഞ്ഞ ജൂലൈയിലാണ് ജയ് ഹിന്ദ് ഉപയോഗിക്കരുതെന്ന് ഇശ്‌റത് അലിക്ക് മുന്നറിയിപ്പ് നല്‍കിയത്. ജനറല്‍ വി കെ സിംഗിനടക്കമുള്ള പല മേധാവിമാര്‍ക്കും ഈ രീതിയില്‍ സല്യൂട്ട് നല്‍കിയിട്ടുണ്ടെന്നും അവരൊന്നും എതിര്‍ത്തിട്ടില്ലെന്നും അലി ചൂണ്ടിക്കാട്ടുന്നു. തന്റെ ജൂനിയറെ സുഡാനിലേക്ക് പറഞ്ഞയക്കുന്നതിനെതിരെ രംഗത്ത് വന്നതിനാണ് തന്നെ വേട്ടയാടുന്നതെന്നും തുടര്‍ന്ന് തന്നെ സുഡാനിലേക്ക് പറഞ്ഞയച്ചെന്നും അലി പറയുന്നു. സുഡാനില്‍ എത്തിയയുടനെ തിരിച്ച് വിളിപ്പിച്ച് സേവനമനുഷ്ഠിച്ചിരുന്ന ഡല്‍ഹിയിലെ രജപുത്‌ന റൈഫിള്‍സില്‍ നിന്ന് ബീക്കാനീറിലേക്ക് മാറ്റി. ഇതിനെതിരെ അദ്ദേഹം ഡല്‍ഹി കോടതിയെ സമീപിച്ചിട്ടുണ്ട്.