Connect with us

International

സിറിയയില്‍ ഇസിലിനെതിരെ ആക്രമണം ശക്തമാക്കി യു എസ്

Published

|

Last Updated

ദമസ്‌കസ്: ഇസിലിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ സിറിയയില്‍ ആക്രമണം ശക്തമാക്കി. അമേരിക്ക അഞ്ച് അറബ് രാഷ്ട്രങ്ങളുടെ കൂടി പിന്തുണയോടെയാണ് ഇസിലിനെതിരെ സിറിയയില്‍ ആക്രമണം ആരംഭിച്ചത്. യുദ്ധ വിമാനങ്ങള്‍, ഡ്രോണുകള്‍, തോമോഹൗക് മിസൈലുകള്‍ എന്നിവ യുദ്ധത്തിനായി ഉപയോഗിച്ചുവെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു. സിറിയയിലെ ഇസില്‍ ശക്തികേന്ദ്രമായ റഖയിലുള്‍പ്പെടെ നിരവധി കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു. ഇസിലിനെതിരെയുള്ള ആക്രമണത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭാ പ്രതിനിധി തങ്ങളെ നേരത്തെ അറിയിച്ചിരുന്നതായി സിറിയയിലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസിലിനെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് മുതല്‍ അമേരിക്ക ഇറാഖില്‍ 190ലധികം വ്യോമാക്രമണങ്ങള്‍ നടത്തിയിയിരുന്നു. ഇപ്പോള്‍ സിറിയയില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകള്‍ ഇസിലിനെതിരെയുള്ള സംയുക്ത പോരാട്ടം വ്യാപിക്കുന്നതിന്റെ ഭാഗമാണ്. അമേരിക്കന്‍ സൈന്യവും പങ്കാളികളായ മറ്റു രാഷ്ട്രങ്ങളും ചേര്‍ന്ന് സിറിയയില്‍ ആക്രമണം ആരംഭിച്ചതായി പെന്റഗണ്‍ വക്താവ് അഡ്മിറല്‍ ജോണ്‍ കിര്‍ബി സ്ഥിരീകരിച്ചു. അമേരിക്കക്ക് പുറമെ ബഹ്‌റൈന്‍, ജോര്‍ദാന്‍, ഖത്തര്‍, സഊദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളും ഇസിലിനെതിരെയുള്ള യുദ്ധത്തില്‍ സഹകരിക്കുന്നുണ്ട്.
അതിനിടെ അമേരിക്കയുടെ ഡ്രോണ്‍ വിമാനം സിറിയയിലെ ഇസില്‍ തീവ്രവാദികള്‍ വെടിവെച്ചിട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസില്‍ ശക്തികേന്ദ്രമായ റഖയിലാണ് സംഭവം. വിമാനം തകര്‍ന്നുവീണ ഷോപ്പിന്റെ ചിത്രവും വിമാനത്തിന്റെ ഭാഗങ്ങളും ഇന്റര്‍നെറ്റില്‍ വ്യാപിച്ചിട്ടുണ്ട്. റഖയിലെ കമ്യൂണിക്കേഷന്‍ ടവറില്‍ തട്ടിയാണ് ഡ്രോണ്‍ വിമാനം തകര്‍ന്നുവീണതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അമേരിക്ക നടത്തിയ 14 വ്യോമാക്രമണങ്ങളിലായി ഇസിലിന്റെ പരിശീലന ക്യാമ്പുകളും ഇവരുടെ വാഹനങ്ങളും ആയുധശേഖര കേന്ദ്രങ്ങളും നശിച്ചതായും വരുംദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നും അമേരിക്ക ചൂണ്ടിക്കാട്ടി.

Latest