Connect with us

Kerala

കേരളത്തിന്റെ സൗഹൃദ പാരമ്പര്യത്തിന് വത്തിക്കാന്‍ മത സൗഹൃദ ചര്‍ച്ചയില്‍ പ്രശംസ

Published

|

Last Updated

മാര്‍പ്പാപ്പക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊന്തിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ റലിജിയസ് ഡയലോഗ് ആസ്ഥാനത്ത് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയെ സ്വീകരിച്ചപ്പോള്‍

മലപ്പുറം : മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദവും സഹകരണവും പ്രോത്സാഹിപ്പിക്കാന്‍ മാര്‍പ്പാപ്പക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊന്തിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ റലിജിയസ് ഡയലോഗ് ആസ്ഥാനത്തു നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ മത സൗഹാര്‍ദ്ദ പാരമ്പര്യത്തിന് പ്രശംസ. ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി കേരളത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പാരസ്പര്യത്തെപ്പറ്റിയും പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തിന്റെ നിലപാടുകളെപ്പറ്റിയും വിശദീകരിച്ചു. ഇന്നലെയാണ് (ബുധന്‍) പരിപാടി നടന്നത്.

പരസ്പരം അറിയുന്നതിലൂടെ മതങ്ങളും വിവിധ സമൂഹങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാവുമെന്നും മതങ്ങളുടെ സൗഹൃദ പാരമ്പര്യത്തില്‍ ഊന്നിക്കൊണ്ടുള്ള വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ചര്‍ച്ചക്കു നേതൃത്വം നല്‍കിയ പൊന്തിഫിക്കല്‍ സെന്ററില്‍ ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ കൃസ്ത്യന്‍ -മുസ്‌ലിം ചുമതലയുള്ള റവ. ഡോ. മാര്‍ക്കസ് സോളോ പറഞ്ഞു. വിശ്വാസവും മത ചിഹ്നങ്ങളും അസ്ഥിരതയുണ്ടാക്കാനുള്ള ആയുധങ്ങളായി ഉപയോഗിക്കപ്പെടുന്ന ഇന്നത്തെ ചുറ്റുപാടില്‍ സ്‌കൂള്‍ തലം തൊട്ട് തന്നെ മതങ്ങളിലെ മാനവികതയെപ്പറ്റി പഠിപ്പിക്കാന്‍ അവസരമുണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സമൂഹത്തിലെ വിവിധ വിഭാഗങ്ങളോടുള്ള മുസ്‌ലിം സമൂഹത്തിന്റെ നിലപാടുകള്‍ ഇസ്‌ലാമിക പാഠങ്ങളിലും പ്രവാചക സന്ദേശത്തിലും തെളിഞ്ഞു നില്‍ക്കുന്നുണ്ടെന്നും അവയാണ് ലോകത്തലെ ബഹു ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളും മാതൃകയാക്കുന്നതെന്നും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ചൂണ്ടിക്കാട്ടി. കാലങ്ങളായി പണ്ഡിതന്മാരും ആത്മീയ വ്യക്തിത്വങ്ങളും കാണിച്ചു തന്ന വഴിയും ഇതാണ്. ഇതിനപ്പുറമുള്ള കാഴ്ചപ്പാടുകളെ മുസ്‌ലിം സമൂഹം എന്നും തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇറാഖിലെ ഇസ്‌ലാമിക് സ്റ്റേറ്റിനോടുള്ള മുസ്‌ലിംകളുടെ നിലപാടുകള്‍ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

വിവിധ മത-ജാതി വിഭാഗങ്ങള്‍ ഒരുമിച്ചു നിന്നതു കൊണ്ടാണ് വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളില്‍ കേരളത്തിന് ഏറെ മുന്നേറാനായത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഭാരതം നല്‍കുന്ന സുരക്ഷിതത്വവും അവസര സമത്വവും മഹത്തരമാണെന്നും മുസ്‌ലിം ന്യൂനപക്ഷത്തെ രാജ്യ ദ്രോഹികളാക്കാനാവില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയെ ഈ പശ്ചാതലത്തില്‍ കാണണമെന്നും അദ്ദേഹം ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ വിനിമയ പദ്ധതിയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ വത്തിക്കാന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പോന്തിഫിക്കല്‍ സെന്റര്‍ ഈ പരിപാടി സംഘടിപ്പിച്ചത്. വത്തിക്കാനു കീഴിലുള്ള പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറബ് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസും സയ്യിദ് ബുഖാരി സന്ദര്‍ശിച്ചു. റെക്ടര്‍ പ്രഫ. വലന്റിനോ കൊറ്റിനി, ഡയറക്ടര്‍ ഡീഗോ സറിയോ ചുക്കറലെ, ഫാദര്‍ മൈക്കള്‍ സാന്റിയാഗോ, അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Latest