Connect with us

Ongoing News

മത്സരഫലം അട്ടിമറിച്ചു ! ഇടിക്കൂട്ടില്‍ ഇന്ത്യന്‍ കണ്ണീര്‍

Published

|

Last Updated

mericom

മത്സരഫലം അട്ടിമറിച്ചതിന്റെ നിരാശയില്‍ കരയുന്ന സരിത ദേവിയെ ഭര്‍ത്താവ് തോയ്ബ സിംഗ് ആശ്വസിപ്പിക്കുന്നു

ഇഞ്ചോണ്‍: പതിനേഴാമത് ഏഷ്യാഡില്‍ ഇന്ത്യക്ക് ഇന്നലെ കറുത്ത ദിനമായിരുന്നു. വനിതാ ബോക്‌സിംഗില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച മണിപ്പൂരിന്റെ ലെയ്ഷറോം സരിത ദേവിയുടെ മുന്നേറ്റം റഫറിമാരുടെ ഒത്തുകളിയില്‍ അട്ടിമറിക്കപ്പെട്ടു. അറുപത് കി.ഗ്രാം വിഭാഗം സെമിഫൈനലില്‍ ദക്ഷിണകൊറിയന്‍ എതിരാളി ജിന പാര്‍ക്കിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും ഫലം വന്നപ്പോള്‍ സരിത പരാജിത ! മൂന്ന് വിധികര്‍ത്താക്കളും ഒരു പോലെ ആതിഥേയ രാഷ്ട്രത്തിന്റെ ഇംഗിതത്തിനനുസരിച്ച് നിന്നു. ഇടി കൊണ്ട് പരവശയായ കൊറിയന്‍ താരത്തില്‍ ജേതാവിന്റെ ശരീര ഭാഷ പോലുമില്ലായിരുന്നു എന്നതാണ് രസകരം. ഫലമറിഞ്ഞ് അമ്പരന്ന സരിത ദേവി തന്റെ അപ്രിയം കോര്‍ട്ടില്‍ വെച്ച് തന്നെ പ്രകടമാക്കി.
ഫൈനല്‍ ഉറപ്പിച്ചു നിന്ന സരിതക്ക് വലിയ ഷോക്കായിരുന്നു റിസള്‍ട്ട്. കരച്ചിലടക്കാന്‍ പ്രയാസപ്പെട്ടു കൊണ്ടാണ് സരിത വേദി വിട്ടത്. സരിതയുടെ ഭര്‍ത്താവ് തോയ്ബ സിംഗ് വിധിനിര്‍ണയിച്ചവരോട് തട്ടിക്കയറുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി കൊമ്പുകോര്‍ക്കുകയും ചെയ്തു. ഈ ഫലം അംഗീകരിക്കാന്‍ സാധിക്കില്ല. യാതൊരു നീതിയും ഇല്ലാത്ത വിധിന്യായം. തുടക്കം തൊട്ട് എല്ലാവരും കണ്ടതാണ് സരിതയുടെ ആധിപത്യം. കൊറിയക്കാര്‍ പോലും തരിച്ചു പോയി ഈ ഫലപ്രഖ്യാപനത്തില്‍. അവര്‍ക്ക് പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല – തോയ്ബ സിംഗ് പറഞ്ഞു.
ഇന്ത്യയുടെ ബോക്‌സിംഗ് ടീം മത്സരഫലം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയിയെങ്കിലും അത് തള്ളി. സെമിയില്‍ തോറ്റതോടെ സരിതക്ക് വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
500 ഡോളര്‍ അടച്ച് അപ്പീല്‍ പോയ ഇന്ത്യന്‍ സംഘം ബോക്‌സിംഗ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചതിനെതിരെ ശക്തമായി രംഗത്തുണ്ട്. ടീം അംഗങ്ങളെല്ലാം തന്നെ സരിത ദേവിക്ക് ആശ്വാസമേകി ഒപ്പമുണ്ട്. മത്സരത്തിലുടനീളം ജിന്‍ പാര്‍ക്കിനെ ആക്രമിച്ച സരിത ഒരിക്കല്‍പ്പോലും പ്രതിരോധത്തിലേക്ക് വലിഞ്ഞിരുന്നില്ല. എതിരാളിയുടെ മൂക്കിനിട്ട് കൊടുക്കാനും സരിത മറന്നില്ല. ഇതിന് ശേഷം ജിന്‍ പാര്‍ക്ക് മത്സരത്തിന്റെ വേഗം കുറച്ച് സരിതയുടെ അറ്റാക്കിംഗില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.
ജിന്‍ പാര്‍ക്കിനെതിരെ തുടരെ പഞ്ച് ചെയ്ത സരിത മൂന്നാം റൗണ്ടില്‍ കൊറിയന്‍ താരത്തിന് മുഖത്ത് മധ്യഭാഗത്തായി എല്ലാവരും കാണ്‍കെ തന്നെ കനത്ത പ്രഹരമേല്‍പ്പിച്ചു. ഇത് മാത്രം മതി ജേതാവിനെ നിശ്ചയിക്കാന്‍. സരിതയാണ് യഥാര്‍ഥ ജേതാവെന്ന് മത്സരം കണ്ട ആര്‍ക്കും മനസ്സിലാകും. കൊറിയന്‍ താരത്തെ ജയിപ്പിക്കുക എന്നത് തീരുമാനിച്ചുറപ്പിച്ചതാണ്. പണമാണ് ഫലത്തെ സ്വാധീനിച്ചത്. ജഡ്ജുമാറെ തൂക്കിയെറിയുകയാണ് വേണ്ടത്. 1988 സോള്‍ ഒളിമ്പിക്‌സിലും ഇത് സംഭവിച്ചതാണ്. ഇപ്പോഴിതാ ഇഞ്ചോണിലും ആവര്‍ത്തിച്ചിരിക്കുന്നു. പുതിയ നിയമങ്ങളൊന്നും ഇത്തരം അട്ടിമറിയെ തടയാന്‍ പര്യാപ്തമല്ല – ഇന്ത്യയുടെ ക്യൂബക്കാരനായ ബോക്‌സിംഗ് കോച്ച് ബി ഐ ഫെര്‍നാണ്ടസ് രോഷം കൊണ്ടു.
ഫ്‌ളൈവെയ്റ്റ് വിഭാഗത്തില്‍ ഫൈനലിലെത്തിയ എം സി മേരികോമും സരിതയുടെ വിധിയില്‍ ദു:ഖിതയാണ്. ഇതൊരിക്കലും സംഭവിക്കരുതായിരുന്നു. സരിതയാണ് യഥാര്‍ഥത്തില്‍ ജയിച്ചത് – മേരി പറഞ്ഞു.വനിത വിഭാഗം മിഡില്‍വെയ്റ്റില്‍ മത്സരിച്ച പൂജ റാണിയും മത്സരഫലത്തില്‍ തൃപ്തയല്ല. സെമിയില്‍ ചൈനീസ് താരം ലി ക്വാനെതിരെ വ്യക്തമായ അധിപത്യമുണ്ടായിട്ടും ജഡ്ജുമാര്‍ ഇന്ത്യന്‍ താരത്തിനെതിരെ വിധിയെഴുതി. സരിതയെ പോലെ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ട ഗതികേടിലായി പൂജ.

മേരി കോം
സ്വര്‍ണത്തിലേക്ക്
മേരി കോമിന്റെ ജീവിത കഥ വെള്ളിത്തിരയില്‍ നിറഞ്ഞ സദസ്സില്‍ ഓടുകയാണ്. പ്രിയങ്ക ചോപ്ര മേരി കോമായി തകര്‍ത്തഭിനയിച്ച പടം കണ്ടവര്‍ക്ക് മേരിയെ കുറിക്കൂടി അടുത്തറിയാന്‍ സാധിച്ചിട്ടുണ്ടാകും. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മേരിയിതാ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണത്തേരിലേറാന്‍ നില്‍ക്കുന്നു. ഫ്‌ളൈവെയ്റ്റ് കാറ്റഗറിയില്‍ മേരി ഫൈനലിലെത്തി. മുപ്പത്തൊന്നുകാരി സെമിഫൈനലില്‍ വിയറ്റ്‌നാമിന്റെ ലി തായ് ബാംഗിനെ 3-0ന് തറപറ്റിച്ചു. ബള്‍ഗേറിയന്‍ ജഡ്ജും മൊറോക്കന്‍ ജഡ്ജും മേരിക്ക് അനുകൂലമായി 40-36 പോയിന്റിട്ടപ്പോള്‍ നാലാം റൗണ്ടില്‍ ഇറ്റാലിയന്‍ റഫറി നല്‍കിയത് ലീക്ക് അനുകൂലമായിട്ട് (10-9). എങ്കിലും ഫൈനല്‍ റൗണ്ടില്‍ ആകെ പോയിന്റ് 39-37ന് മേരിക്കനുകൂലം.

വികാസും സതീഷും വെങ്കലം ഉറപ്പിച്ചു
പുരുഷ ബോക്‌സിംഗില്‍ 75 കി.ഗ്രാം വിഭാഗത്തില്‍ വികാസ് കൃഷനും 91 കി.ഗ്രാം വിഭാഗത്തില്‍ സതീഷ് കുമാറും സെമിഫൈനലില്‍. ഇതോടെ, ബോക്‌സിംഗില്‍ നിന്ന് രണ്ട് വെങ്കലം കൂടി ഉറച്ചു. ദേവേന്ദ്രോയും (49 കി.ഗ്രാം), ശിവ ഥാപയും (56 കി.ഗ്രാം) ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടു. ലോക റാങ്കിംഗില്‍ മൂന്നാമതും നിലവിലെ ഏഷ്യന്‍ ചാമ്പ്യനുമായ ശിവ ഥാപയുടെ പുറത്താകല്‍ അപ്രതീക്ഷിതം. ഫിലിപ്പൈന്‍സിന്റെ മരിയോ ഫെര്‍നാണ്ടസിന് അനുകൂലമായിട്ടുള്ള ജഡജ്‌മെന്റില്‍ ശിവ ഥാപക്കും അതൃപ്തിയുണ്ട്.