Connect with us

Ongoing News

മേരി കോമിന് സ്വര്‍ണം

Published

|

Last Updated

 ഇഞ്ചോണ്‍: ഇന്ത്യയുടെ മരതകരത്‌നം ! എം സി മേരി കോം ഒളിമ്പിക് വെങ്കലം നേടിയ വേളയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നല്‍കിയ വിശേഷണം ഇതായിരുന്നു. അഞ്ച് തവണ ലോക ചാമ്പ്യന്‍, ഒളിമ്പിക് മെഡല്‍, ഏഷ്യന്‍ ഗെയിംസ് വെങ്കലം…ഇപ്പോഴിതാ ഏഷ്യന്‍ ഗെയിംസ് ബോക്‌സിംഗ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന വിശേഷണവും. ഇടിക്കൂട്ടിലെ ഉരുക്ക് വനിതയെന്നും മാഗ്നിഫിസെന്റ് മേരിയെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഈ മണിപ്പൂരി ചാട്ടൂളിയില്‍ എന്നോ നിക്ഷിപ്തം. വിശേഷണങ്ങള്‍ക്കതീതയായി നില്‍ക്കുകയാണിപ്പോള്‍ മേരി. മൂന്ന് കുഞ്ഞുങ്ങളുട അമ്മയായ ശേഷമാണ് മേരി തന്റെ രണ്ട് ലോക ചാമ്പ്യന്‍പട്ടവും ഒളിമ്പിക് നേട്ടവും ഏഷ്യാഡ് സ്വര്‍ണവുമൊക്കെ നേടുന്നതെന്നത് ചെറിയ കാര്യമല്ല.

മേരി കോം വരും തലമുറക്ക് മാതൃകയാക്കാവുന്ന പെണ്‍കരുത്താണ്. ബോളിവുഡില്‍ മേരിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി അടുത്തിടെ മേരി കോം എന്ന ചലച്ചിത്രവും ഇറങ്ങി. മേരിയായി അഭിനയിച്ചത് ദേശീയ അവാര്‍ഡ് ജേതാവായ പ്രിയങ്ക ചോപ്ര. ഇന്നലെ മേരി കോമിന്റെ വിജയവാര്‍ത്ത അ റിഞ്ഞയുടനെ പ്രിയങ്കക്ക് എന്തെന്നില്ലാത്ത ആവേശം. കണ്ടില്ലേ ഇതാണ് പെണ്‍കരുത്ത് എന്ന ട്വിറ്റര്‍ സന്ദേശവും പ്രിയങ്കയുടെ വക.
ഈ നേട്ടം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് മേരി. റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടുകയാണ് ലക്ഷ്യം, ഒളിമ്പിക്‌സ്വര്‍ണത്തോടെയെ തന്റെ കരിയറിന് പൂര്‍ണത കൈവരൂ എന്ന് വിശ്വസിക്കുന്നു മുപ്പത് പിന്നിട്ട ഈ പോരാളി. നവംബറിലെ ലോകചാമ്പ്യന്‍ഷിപ്പാണ് അടുത്ത ലക്ഷ്യം. അതുവഴി റിയോ ഒളിമ്പിക് യോഗ്യത. പറഞ്ഞറിയിക്കാനാത്ത സന്തോഷത്തിന് നടുവിലാണ് താന്‍. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായതിന് ശേഷമാണ് ഏഷ്യാഡ് സ്വര്‍ണം. എന്റെ കുടുംബത്തോട് നന്ദിയുണ്ട്. തനിക്ക് വേണ്ടി ത്യാഗം ചെയ്യുന്ന ഭര്‍ത്താവിനെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്ന് മേരി.സ്വര്‍ണച്ചിരി മുഖത്തുണ്ടെങ്കിലും സരിത ദേവിക്ക് ഫൈനല്‍ നഷ്ടമായത് വലിയ വേദനയായി നില്‍ക്കുന്നുവെന്ന് മേരി പറഞ്ഞു.

ഫൈനലില്‍ സംഭവിച്ചത്
വനിതകളുടെ ഫ്‌ലൈവെയ്റ്റ് ഫൈനലില്‍ കസാഖിസ്ഥാന്റെ ഷെകെര്‍ബെക്കോവയെ ആധികാരികമായി തന്നെ ഇടിച്ചുതോല്‍പിച്ചാണ് മുപ്പത്തിയൊന്നുകാരിയായ മേരി തന്റെ കന്നി ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം മാറിലണിഞ്ഞത് (2-0). 51 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയശേഷമുള്ള മേരിയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്.
ഉയരം കൂടുതലുള്ള ഷെകെര്‍ബെകോവ് ഉയര്‍ത്തിയ വെല്ലുവിളി അതിവേഗ ചലനത്തിലും കൗണ്ടര്‍ അറ്റാക്കിംഗിലെ മിടുക്കു കൊണ്ടുമാണ് മേരി മറികടന്നത്. ആദ്യ റൗണ്ടില്‍ ജഡ്ജിമാരുടെ വിലയിരുത്തലില്‍ മൂന്ന് പോയിന്റിന് പിറകില്‍ പോയശേഷമായിരുന്നു മേരിയുടെ ഉജ്വലമായ തിരിച്ചുവരവ്. രണ്ടാം റൗണ്ടില്‍ ലീഡ് രണ്ടാക്കി കുറച്ച മേരി തുടര്‍ പഞ്ചിലൂടെ ഒരു പോയിന്റിന്റെ അധികലീഡ് പിടിച്ചെടുത്തു. നാലാം റൗണ്ടിലും ഉജ്വല ഫോം ആവര്‍ത്തിച്ച മേരി മൊത്തം നാല് പോയിന്റ് അധികം നേടിയാണ് സ്വര്‍ണമുറപ്പിച്ചത്. 27-30,. 29-28, 30-27, 30-27 എന്നിങ്ങിനെയായിരുന്നു നാല് റൗണ്ടിലെയും പോയിന്റ്‌നില.
ആദ്യ റൗണ്ടില്‍ പ്രതിരോധത്തില്‍ നിന്ന മേരി കസാഖ് താരത്തിന് ആക്രമിക്കാന്‍ അവസരം നല്‍കി. ഈ റൗണ്ടില്‍ മൂന്ന് ജഡ്ജിമാരുടെയും വിധിയെഴുത്ത് കസാഖ് ബോക്‌സര്‍ക്ക് അനുകൂലമായിരുന്നു. പ്രതിസന്ധികളില്‍ നിന്ന് പൊടുന്ന തിരിച്ചുവരുന്ന ശൈലി മേരി ആവര്‍ത്തിച്ചു. ഇടം-വലം കൈകള്‍ കൊണ്ടുള്ള തുടര്‍ പഞ്ചുകളില്‍ കസാഖ് താരം വിറച്ചു. ആത്മവിശ്വാസം വീണ്ടെടുത്ത മേരി പിന്നീടുള്ള രണ്ട് റൗണ്ടുകളിലും കണിശമായ പഞ്ചുകള്‍ കൊണ്ടാണ് പോയിന്റുകള്‍ വാരിയെടുത്തത്. മൂന്നാം റൗണ്ടില്‍ ഇടം കൈകൊണ്ടുള്ള ഒരു ഘനഗംഭീരമായ പഞ്ചാണ് മേരിക്ക് പോയിന്റുകള്‍ വാരിക്കൊടുത്തത്. തിരിച്ചുവരാനുള്ള കാസാഖ് താരത്തിന്റെ ശ്രമങ്ങളെല്ലാം മേരിയുടെ ആത്മവിശ്വാസച്ചുവടുകളില്‍ തട്ടി ഇല്ലാതായി.

ഇത് സൂപ്പര്‍ മേരിയാണ്
ട്രാക്കിനെ പ്രണയിച്ച മേരിയെ ഇടിക്കൂട്ടിലെത്തിച്ചത് ഡിങ്കോ സിംഗ് എന്ന മുന്‍ ഇന്ത്യന്‍ ബോക്‌സിംഗ് താരം. ബാങ്കോക്ക് ഏഷ്യാഡില്‍ നിന്ന് ഡിങ്കോ മെഡലുമായി വന്നത് മേരിയെ കുറച്ചൊന്നുമല്ല ആവേശഭരിതയാക്കിയത്. ഡിങ്കോയെ പോലെയാവുക എന്നതായിരുന്നു മേരിയുടെ സ്വപ്‌നം.
ഇതത്ര എളുപ്പമായിരുന്നില്ല മേരിക്ക്. ബോക്‌സിംഗ് സ്ത്രീകള്‍ക്ക് പറ്റിയ ഇനമല്ല. പിതാവ് കണിശക്കാരനായിരുന്നു. എന്നാല്‍, പിതാവിനെ കബളിപ്പിച്ച് മേരി രഹസ്യമായി ബോക്‌സിംഗ് ക്ലാസില്‍ ചേര്‍ന്നു. ഗ്ലൗസും ബോക്‌സിംഗ് കിറ്റുമെല്ലാം വാങ്ങാന്‍ പാട്ടപ്പിരിവെടുക്കേണ്ടി വന്നു മേരിക്ക്. അപ്പോഴും കുടുംബംഗങ്ങള്‍ക്ക് മുന്നില്‍ ചെന്നില്ല. പിതാവിന്റെ എതിര്‍പ്പായിരുന്നു കാരണം.
രണ്ടു കൊല്ലത്തിനുശേഷം സംസ്ഥാന ചാമ്പ്യനായി ഫോട്ടോ പത്രത്തില്‍ അച്ചടിച്ചുവന്നപ്പോള്‍ രഹസ്യം പരസ്യമായി. പിതാവ് പൊട്ടിത്തെറിച്ചു. ഗ്ലൗസ് അടുപ്പിലിട്ട് കത്തിച്ചാണ് ദേഷ്യം തീര്‍ത്തത്. കെട്ടുപ്രായമെത്തിയ പെണ്ണ് ആണുങ്ങളെ പോലെ ഇടിക്കാന്‍ നടക്കുന്നുവെന്ന് ആക്രോശിച്ചായിരുന്നു ദേഷ്യം തീര്‍ക്കല്‍.
എതിര്‍പ്പുകള്‍ മേരിയെ കൂടുതല്‍ ശക്തയാക്കി. പഴിപറഞ്ഞവര്‍ക്ക് മുന്നില്‍ പലതും തെളിയിക്കാനുണ്ടെന്ന് മനസ്സില്‍ ഉറപ്പിച്ചു മേരി. മനസ്സില്‍ ലക്ഷ്യം ഉറച്ചതോടെ പരിശീലനത്തിന്റെ കാഠിന്യമേറി. സംസ്ഥാന ടീമിന്റെ പരിശീലകന്‍ നര്‍ജിത്‌സിങ്ങിന്റെ കീഴില്‍ അവള്‍ പുതിയ തന്ത്രങ്ങള്‍ പഠിച്ചതോടെ ഒരു മുഴുവന്‍സമയ ബോക്‌സറായി മാറി. ലോകചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം, ഗുവാഹട്ടി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെള്ളി. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റുവം മികച്ച വനിതാ ബോക്‌സറായി മേരി വളര്‍ന്നു.
ഇതിനിടെ നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഓണ്‍ലെര്‍ കോമിനെ വിവാഹം കഴിക്കുകയും ശസ്ത്രക്രിയയിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തതോടെ മേരിയുടെ പ്രൊഫഷണല്‍ കരിയറിന് അര്‍ധവിരാമമായി. പക്ഷേ, മുലകുടി മാറാത്ത കുഞ്ഞുങ്ങളെ വീട്ടിലിരുത്തി മേരി റിങ്ങില്‍ തിരിച്ചെത്തിയപ്പോള്‍ ഇന്ത്യന്‍ കായിക രംഗം ഞെട്ടി. ഒന്നും അവസാനിച്ചിട്ടില്ല, താന്‍ തുടങ്ങാന്‍ പോകുന്നേയുള്ളൂവെന്ന് മേരി ഉറക്കെ പ്രഖ്യാപിച്ചു.

 

---- facebook comment plugin here -----

Latest