Connect with us

National

രാജ്യ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശവാണിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. ജനങ്ങളുമായി ഉള്ളുതുറന്ന് സംസാരിക്കുന്നെന്ന സന്ദേശവുമായി “മന്‍ കിബാത്” എന്ന പേരിലുള്ള പരിപാടി രാവിലെ 11 മണിക്കാണ് ആകാശവാണി പ്രക്ഷേപണം ചെയതത്. വിജയദശമി ദിനമായ ഇന്ന് എല്ലാവര്‍ക്കും ആശംസ നേര്‍ന്ന മോദി തിന്‍മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തെ ആഘോഷിക്കേണ്ടതാണെന്ന് പറഞ്ഞു. മാസത്തില്‍ ഒന്നോ രണ്ടോ ഞായറാഴ്ചകളില്‍ ഇനി താന്‍ ആകാശവാണിയിലൂടെ ജനങ്ങളോട് സംസാരിക്കുമെന്നും മോദി പറഞ്ഞു.
ജനങ്ങളെല്ലാം ഖാദി ഉപയോഗിക്കണം. ഖാദി വസ്ത്രം ധരിക്കുന്നതിലൂടെ പാവപ്പെട്ടവന്റെ പുരോഗതിക്കായുള്ള ദീപമാണ് തെളിയിക്കുന്നത്. രാജ്യം ജനങ്ങളുടേതാണ് സര്‍ക്കാറിന്റേതല്ല. രാജ്യ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് നില്‍ക്കണം. എല്ലാവര്‍ക്കും അവരുടേതായ കഴിവുണ്ട്. അതെന്താണെന്ന് സ്വയം കണ്ടെത്തുകയാണ് വേണ്ടത്. ഓരോരുത്തരും ഓരോ ചുവട് മുന്നോട്ട് വച്ചാല്‍ രാജ്യം 125 കോടി ചുവട് മുന്നോട്ട് പോകുമെന്നും മോദി പറഞ്ഞു.
മംഗള്‍യാന്‍ പദ്ധതിയുടെ വിജയത്തിലൂടെ നമ്മുടെ ശാസ്ത്രജ്ഞര്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ്. ജനങ്ങളുടെ ആശയങ്ങളും ചിന്തകളും തന്നോട് പങ്കുവയ്ക്കാം. സ്വച്ഛ് ഭാരത് പദ്ധതിയുമായി എല്ലാവരും സഹകരിക്കണം. റേഡിയോയിലൂടെ രാജ്യത്തെ പാവങ്ങളുടെ പ്രത്യേകിച്ച് ഗ്രാമീണരുടെ അടുത്തെത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

Latest