Connect with us

Gulf

ഐക്യ വിളംബരമായി അറഫാ സംഗമം

Published

|

Last Updated

അറഫ: മാനവികതയുടെ മഹത്തായ സന്ദേശം വിളംബരം ചെയ്ത് ഇരുപത് ലക്ഷത്തിലധികം വരുന്ന വിശ്വാസികള്‍ അറഫാ മൈതാനിയില്‍ ഒത്തുകൂടി. അല്ലാഹുവിന്റെ ആതിഥ്യം സ്വീകരിച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഒരേ ലക്ഷ്യത്തിലേക്ക് പരന്നൊഴുകിയ വിശ്വാസിവൃന്ദം സമത്വത്തിന്റേയും ഐക്യത്തിന്റേയും സമഭാവനയുടേയും സന്ദേശം വിളിച്ചറിയിച്ചു.

ദേശത്തിന്റേയും ഭാഷയുടേയും അതിര്‍വരമ്പുകള്‍ ഭേദിച്ച്, കറുത്തവനും വെളുത്തവനും കുബേരനും കുചേലനുമെല്ലാം തോളോടുതോള്‍ ചേര്‍ന്ന് സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഐക്യത്തിന്റേയും സന്ദേശം വിളംബരം ചെയ്തു. മനുഷ്യരെല്ലാം ഒന്നാണെന്ന മാനവികതയുടെയും സമത്വത്തിന്റേയും ഉദ്‌ഘോഷമായിരുന്നു അറഫയിലെ ഒത്തുകൂടല്‍. പകലസ്തമിക്കുവോളം പ്രാര്‍ഥനാ നിര്‍ഭരമായി അറഫയുടെ ആകാശത്തിനു കീഴെ കഴിച്ചുകൂട്ടിയ വിശ്വാസികള്‍ ജന്‍മം സഫലമായ നിര്‍വൃതിയിലാണ് അറഫയോട് വിടപറഞ്ഞത്.
മിനായില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ തുടങ്ങിയ തീര്‍ഥാടകപ്രവാഹം മധ്യാഹ്‌നം വരേ നീണ്ടു നിന്നു. ഉച്ചയോടെ മുഴുവന്‍ തീര്‍ഥാടകരും അറഫയുടെ അതിര്‍ത്തിക്കുള്ളിലെത്തി. പ്രാദേശിക സമയം 12.10 ന് നമിറാ പള്ളിയില്‍ നിന്ന് ബാങ്കൊലി മുഴങ്ങി. സഊദി ഗ്രാന്റ്മുഫ്തി അബ്ദുല്‍ അസീസ് ആലുശൈഖ് ഖുത്തുബ നിര്‍വ്വഹിച്ചു. മതത്തിന്റെ പേരില്‍ നടത്തുന്ന പേക്കൂത്തുകളില്‍ നിന്ന് ലോക ഇസ്‌ലാമിക സമൂഹം വിട്ടു നില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗം നിര്‍വ്വഹിച്ച “ജബലുര്‍റഹ്മ”യും പരിസരവും രാവിലെ മുതല്‍ തന്നെ വിശ്വാസികള്‍ കൈയടക്കിയിരുന്നു. ആദം നബി (അ) മുതല്‍ പരശ്ശതം നബിമാരുടെ പാദപതനമേറ്റ മണ്ണാണ് അറഫയുടെത്. ഹവ്വാ ബീവിയും ആദം നബിയും ഭൂമിയില്‍ ആദ്യമായി കണ്ടുമുട്ടിയത് അറഫയില്‍ വെച്ചാണ്.
ത്യാഗപൂര്‍ണമായ ഇന്നലെകളിലെ ചരിത്ര സ്മൃതികള്‍ അയവിറക്കിയ തീര്‍ഥാടകര്‍ അറഫയില്‍ ചെലവഴിച്ച ഓരോ നിമിഷങ്ങളും പ്രാര്‍ഥനയിലും ഖുര്‍ആന്‍ പാരായണത്തിലുമായി കഴിച്ചുകൂട്ടി. ജീവിതത്തില്‍ വന്നുപോയ തെറ്റുകളും കുറ്റങ്ങളും ഏറ്റുപറഞ്ഞ് ഉടമയായ തമ്പുരാന്റെ മുമ്പില്‍ കൊച്ചുകുട്ടികളെപോലെ വിതുമ്പിക്കരഞ്ഞ് പശ്ചാതപിച്ചു. മനസ്സും ശരീരവും സ്ഫുടം ചെയ്‌തെടുത്ത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായ നിര്‍വൃതിയിലാണ് ഹാജിമാര്‍ അറഫയോട് വിട ചൊല്ലിയത്. വൈകിട്ട് 6.07 ന് മഗ്‌രിബിന്റെ സമയമായതോടെ തീര്‍ഥാടകര്‍ മുസ്ദലിഫയിലേക്ക് തിരിച്ചു. അവിടെ വെച്ച് മഗ്‌രിബും ഇശായും ഒരുമിച്ചു നിസ്‌കരിച്ചു. മിനായിലെ ജംറകളിലെറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ വെച്ചു ശേഖരിച്ചു. രാത്രിയുടെ അല്‍പ്പഭാഗം അവിടെ ചെലവഴിച്ച ശേഷം മിനായിലേക്കു തന്നെ യാത്രയായി.
ഇന്ന് പെരുന്നാള്‍ ദിനത്തില്‍ മൂന്നാമത്തെ ജംറയായ ജംറത്തുല്‍ അഖബയിലാണ് കല്ലേറു കര്‍മം നടത്തുക. ശേഷം തലയില്‍ നിന്ന് മുടി നീക്കം ചെയ്ത് ഹജ്ജിന്റെ വേഷമായ ഇഹ്‌റാമില്‍ നിന്ന് മുക്തമാകുകയും സാധാരണ വസ്ത്രം ധരിക്കുകയും ചെയ്യും. തുടര്‍ന്ന് ബലികര്‍മം ചെയ്യേണ്ടവര്‍ അതിനു നിശ്ചയിച്ച സ്ഥലത്തേക്കു പോകും. അതുകഴിഞ്ഞ് ത്വവാഫ് നിര്‍വ്വഹിക്കുന്നതിനായി തീര്‍ഥാടകര്‍ വീണ്ടും മക്കയിലേക്കു തിരിക്കും. രാത്രിയോടെ വീണ്ടും മിനായിലെ തമ്പുകളിലേക്കു മടങ്ങിയെത്തും.