Connect with us

Kerala

കാരണം പറയണം; സ്ഥാനമൊഴിയാം: കാലിക്കറ്റ് വി സി

Published

|

Last Updated

മലപ്പുറം: വ്യക്തമായ കാരണം കാണിച്ചാല്‍ വൈസ് ചാന്‍സിലര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് കാലിക്കറ്റ് സര്‍വകലാശാല വി സി ഡോ. എം അബ്ദുസലാം. കാരണമില്ലാതെ ഒരിക്കലും പദവിയൊഴിയുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം സിറാജിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

കാലിക്കറ്റിലെ തുടര്‍ച്ചയായുണ്ടായ വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിസി. ഇരട്ട ശമ്പള വിവാദം എന്ന് പറയുന്നത് തന്നെ തെറ്റാണ്. കാര്‍ഷിക യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പ്രൊഫസറായി വിരമിച്ചതിനുള്ള പെന്‍ഷനും ഇപ്പോള്‍ വൈസ് ചാന്‍സിലറായിരിക്കുന്നതിനുള്ള ശമ്പളവുമാണ് താന്‍ സ്വീകരിക്കുന്നത്. നേരത്തെ മറ്റ് വൈസ് ചാന്‍സിലര്‍മാര്‍ക്കും ഇത് ലഭിച്ചിട്ടുണ്ട്. അപ്പോയിന്‍മെന്റ്, റീ എംപ്ലോയിമെന്റ് എന്നീ വാക്കുകളുടെ അര്‍ഥം അറിയാത്ത ചിലരാണ് ഇത് വിവാദമാക്കിയത്. ഇതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണ്.
യാഥാര്‍ഥ്യം ഗവര്‍ണറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മറ്റ് വൈസ് ചാന്‍സിലര്‍ക്ക് ശരിയായിരുന്നത് തനിക്ക് ശരിയാകാതിരിക്കുന്നത് എങ്ങിനെയാണെന്നും അദ്ദേഹം ചോദിച്ചു. യാതൊരു കഴിവും ഇല്ലാത്തവരെ സിന്‍ഡിക്കേറ്റില്‍ പിടിച്ചിരുത്തിയിരിക്കുകയാണ്. ഇവിടെ എന്താണ് വേണ്ടത് എന്ന കാര്യത്തില്‍ അവര്‍ക്കാര്‍ക്കും നിശ്ചയമില്ല.
കൃത്യമായ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരെയാണ് സര്‍വകലാശാലക്ക് ആവശ്യം. കഴിവുളള ടീം വേണം. താന്‍ “വട്ട”നായതുകൊണ്ടായിരിക്കാം കാലിക്കറ്റ് സര്‍വകലാശാല എപ്പോഴും വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. പത്താമത്തെ വൈസ് ചാന്‍സിലറായാണ് താന്‍ കാലിക്കറ്റിലെത്തുന്നത്. മറ്റ് ഒമ്പത് പേര്‍ ചിന്തിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി താന്‍ ചിന്തിക്കുന്നതുകൊണ്ടാണ് വട്ടന്‍ എന്ന് വിശേഷിപ്പിക്കുന്നത്. സ്റ്റാഫിന്റെ യൂനിവേഴ്‌സിറ്റിയായിരുന്നു ഇതുവരെ സര്‍വകലാശാല. അതു മാറ്റി കുട്ടികളുടെ സര്‍വകലാശാലയാണിതെന്ന് ആദ്യമായി പറയാന്‍ തയ്യാറായത് താനാണ്.
വിദ്യാര്‍ഥികളെ പഠിപ്പിക്കുകയാണ് അധ്യാപകരുടെ ജോലി. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് വേണ്ടത് കൊടുത്തില്ലെങ്കില്‍ അവര്‍ ആ കസേരയിലിരിക്കാന്‍ അര്‍ഹരല്ല. ശരിയായ കാര്യം പറയുന്നത് പലര്‍ക്കും ദഹിക്കാത്തതാണ് പ്രശ്‌നത്തിന് കാരണം. ഒരു രീതിയിലും നിയമലംഘനം നടത്തുകയോ അര്‍ഹിക്കാത്തതിന് പോവുകയോ ചെയ്തിട്ടില്ല. ഉള്ളതു കൊണ്ട് ജീവിക്കാനറിയാം. സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളാണ് ഉപഭോക്താക്കള്‍.
സമരം ചെയ്യുന്നതിന് പകരം ഇവര്‍ക്ക് ആവശ്യമായത് നല്‍കുകയാണ് അധ്യാപകര്‍ ചെയ്യേണ്ടത്. ഇത്തരം നിലപാടുകളെടുക്കുമ്പോള്‍ സമ്മര്‍ദങ്ങള്‍ ഏറെയുണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിതലത്തില്‍ തനിക്ക് സമ്മര്‍ദങ്ങളൊന്നുമില്ല, താഴെക്കിടയിലെ രാഷ്ട്രീയക്കാരാണ് കുഴപ്പമുണ്ടാക്കുന്നത്. അവര്‍ക്ക് ആളുകളെ പ്രീതിപ്പെടുത്തേണ്ട ആവശ്യമുണ്ടാകും. എന്നാല്‍ നിയമം നോക്കി മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുളളു. സര്‍വകലാശാലയില്‍ യൂനിയനുകള്‍ക്കും നേതാക്കള്‍ക്കും പ്രസക്തിയില്ലാതായതോടെ തങ്ങള്‍ക്ക് വിലയില്ലാതാകുന്നുവെന്ന തോന്നലുള്ളതു കൊണ്ടാണ് യൂനിയന്‍ നേതാക്കള്‍ തനിക്കെതിരെ തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ക്വിലാബ് വിളിച്ച് നടന്നവരുടെ കൂടെ ആളില്ലാതാകുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണിത്. എന്നാല്‍ യൂനിയനുകളോട് ഗുസ്തി പിടിക്കാന്‍ താനില്ല. സമരം ചെയ്യാന്‍ യൂനിവേഴ്‌സിറ്റികളില്‍ ആരെയും കയറ്റരുത്. തല്ലിപ്പൊളി യൂനിവേഴ്‌സിറ്റികളില്‍ മാത്രമാണ് സമരം നടക്കുന്നത്.
സമരക്കാരെ സര്‍വകലാശാലകളില്‍ കയറ്റാനേ പാടില്ല. ആശ്യമുള്ളവര്‍ പുറത്ത് പോയി സമരം ചെയ്യട്ടെ. ഇത്തരത്തില്‍ ചിന്തിക്കുന്നവരെയാണ് സര്‍വകലാശാലക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ശരിയെന്ന് തോന്നുന്നത് ഇനിയും ചെയ്യും. ഇക്കാര്യം നടപ്പാക്കുന്നതില്‍ കാര്‍ക്കശക്കാരനായതിനാലാണ് തന്നോട് എതിര്‍പ്പുള്ളത്. സര്‍വകലാശാലയില്‍ താന്‍ വരുത്തിയ മാറ്റത്തിന്റെ ഫലമായി വിദ്യാര്‍ഥികളുടെ പരാതികളുടെ എണ്ണം ആയിരത്തില്‍ നിന്ന് അഞ്ചായി കുറഞ്ഞുവെന്നും വിസി പറഞ്ഞു.

 

Latest