Connect with us

Gulf

ലോകത്തെ സ്വാധീനിച്ച മുസ്‌ലിം വ്യക്തിത്വങ്ങളില്‍ കാന്തപുരവും

Published

|

Last Updated

ദുബൈ: ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിം വ്യക്തിത്വങ്ങളില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരിയും ഈ വര്‍ഷവും ഇടം നേടി. ജോര്‍ദാനിലെ അമ്മാന്‍ ദി റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്ററാണ് ഇസ്‌ലാമിക ലോകത്തെ സ്വാധീനിച്ച വ്യക്തിത്വങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആറാമത് വാര്‍ഷിക പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. പതിമൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പ്രതിഭാധനരായ വ്യക്തിത്വങ്ങളെ കണ്ടെത്തിയിരിക്കുന്നത്. തുടര്‍ച്ചയായ നാലാം തവണയാണ് കാന്തപുരം പട്ടികയില്‍ ഇടം നേടുന്നത്. ഖലീല്‍ അല്‍ ബുഖാരി മൂന്നാം തവണയും.
“ദി മുസ്‌ലിം 500” എന്ന പേരില്‍ പ്രസിദ്ധദീകരിച്ചിരിക്കുന്ന പട്ടികയില്‍ സഊദി ഭരണാധികാരി അബ്ദുല്ല രാജാവാണ് ഏറ്റവും സ്വാധീനമേറിയ വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഊജിപ്ത് ഗ്രാന്റ് മുഫ്തിയും അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി മുഖ്യ ശൈഖുമായ ഡോ. ശൈഖ് അഹ്മദ് മുഹമ്മദ് അല്‍ ത്വയ്യിബ്, ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖുമേനി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ എന്നിവര്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.യു എ ഇ സായുധ സേന ഉപമേധാവിയും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഒമ്പതാം സ്ഥാനത്തുണ്ട്. ഇസ്‌ലാമിനെ കുറിച്ചുള്ള ശ്രദ്ധേയമായ 100 പുസ്തകങ്ങള്‍, സോഷ്യല്‍ മീഡിയ സ്ഥിതി വിവര കണക്ക് തുടങ്ങിയവ ഈ വര്‍ഷത്തെ പ്രസിദ്ധീകരണത്തിലെ പ്രത്യേകതയാണ്.