Connect with us

National

തമിഴ്‌നാട്ടിലെ ക്രമസമാധാന നില; രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ കക്ഷികള്‍

Published

|

Last Updated

ചെന്നൈ: സംസ്ഥാനത്തെ ക്രമസമാധാന നില സംരക്ഷിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് പ്രതിപക്ഷ കക്ഷികള്‍. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം ക്രമസമാധാന നില സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ വേണ്ടതെന്ന് ഡി എം ഡി കെ സ്ഥാപകനും പ്രതിപക്ഷ നേതാവുമായ വിജയകാന്ത് പറഞ്ഞു. സര്‍ക്കാറിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് പ്രതിപക്ഷ കക്ഷികളുടെ ശ്രമമെന്ന പനീര്‍ശെല്‍വത്തിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരു കോടതി ജയലളിതയെ ശിക്ഷിച്ചത് തമിഴ്- കന്നഡ പ്രശ്‌നമാക്കാനുള്ള ശ്രമം അപകടമാണെന്നും അത് തടയണമെന്നും വിജയകാന്ത് പറഞ്ഞു. ജയലളിതയെ ശിക്ഷിച്ചതിനെ തുടര്‍ന്നുണ്ടായ ക്രമസമാധാന നില പരിശോധിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഡി എം കെ ആരോപിച്ചു. ജനങ്ങള്‍ക്ക് നേരെ നടക്കുന്ന പൈശാചികത അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും ഡി എം കെ നേതാക്കളുടെ യോഗത്തില്‍ എം കരുണാനിധി പറഞ്ഞു. എ ഐ എ ഡി എം കെ പ്രവര്‍ത്തകരുടെ ആക്രമണത്തിനെതിരെ ജനാധിപത്യപരവും സമാധാനപരവുമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
സംസ്ഥാനത്ത് ഭരണഘടനാ അനുച്ഛേദം 355 ഏര്‍പ്പെടുത്തണമെന്ന് പി എം കെ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന് ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണെന്നും അതിനാല്‍ ഗവര്‍ണര്‍ ഭരിക്കട്ടെയെന്നും പാര്‍ട്ടി നേതാവ് എസ് രാംദോസ് പറഞ്ഞു. കോടതിയെ പരിഹസിച്ച സംസ്ഥാന മന്ത്രിമാരായ സമ്പത്തിനെയും വളര്‍മതിയെയും പുറത്താക്കണം. മന്ത്രിമാരും എം പിമാരും എം എല്‍ എമാരും കര്‍ണാടക ജഡ്ജിമാരെ പരിഹസിക്കുന്നത് അവസാനിപ്പിക്കണം. ആയിരം കോടി രൂപയുടെ പൊതുസ്വത്തുക്കളാണ് എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ നശിപ്പിച്ചതെന്നും ഇത് പാര്‍ട്ടിയില്‍ നിന്ന് ഈടാക്കണമെന്നും രാംദോസ് ആവശ്യപ്പെട്ടു.

Latest