Connect with us

International

വാടക ഗര്‍ഭധാരണത്തിലൂടെ ലഭിച്ച ഇന്ത്യന്‍ കുഞ്ഞിനെ ആസ്‌ത്രേലിയന്‍ ദമ്പതികള്‍ ഉപേക്ഷിച്ചു

Published

|

Last Updated

കാന്‍ബറ: ആഗ്രഹിച്ച ലിംഗത്തിലുള്ള കുഞ്ഞിനെ ലഭിക്കാത്തതിനാല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച ഇന്ത്യന്‍ കുഞ്ഞിനെ ആസ്‌ത്രേലിയന്‍ ദമ്പതികള്‍ ഉപേക്ഷിച്ചു. വാടക ഗര്‍ഭധാരണത്തിലൂടെ ദമ്പതികള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങളെയാണ് ലഭിച്ചത്. ഒരാണും ഒരു പെണ്ണും. ഇതില്‍ തങ്ങള്‍ ആഗ്രഹിച്ച ലിംഗത്തിലുള്ള ഒരു കുഞ്ഞിനെ മാത്രം ഏറ്റെടുത്ത് ഒരു കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
കുഞ്ഞിന്റെ ലിംഗമനുസരിച്ച് മാത്രമേ ഗര്‍ഭം ധരിക്കുന്ന സ്ത്രീക്ക് പണം നല്‍കൂ എന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നതാണെന്ന് ആസ്‌ത്രേലിയന്‍ കുടുംബ കോടതിയിലെ ചീഫ് ജസ്റ്റീസ് ഡയാനാ ബ്രയന്ത് ന്യൂഡല്‍ഹിയിലെ ആസ്‌ത്രേലിയന്‍ എംബസിയെ അറിയിച്ചു. ഇവര്‍ക്ക് നേരത്തെ ഒരു കുട്ടിയുണ്ടെന്നും അതിനാല്‍ മറ്റ് ലിംഗത്തിലുള്ള ഒരു കുഞ്ഞിനെ വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഏത് ലിംഗത്തിലുള്ള കുട്ടിയെയായിരുന്നു അവര്‍ക്ക് ആവശ്യമെന്ന് തനിക്കറിയില്ലെന്നും ഡയാനാ പറഞ്ഞു.
രണ്ട് കുട്ടികളെയും ഏറ്റെടുക്കാന്‍ ദമ്പതികളോട് ആവശ്യപ്പെടുന്നുണ്ടെന്നും ഡയാന വ്യക്തമാക്കി. ഉപേക്ഷിച്ച കുഞ്ഞിനെ, ദമ്പതികളുടെ സുഹൃത്തെന്ന് പറയപ്പെടുന്ന ഒരാള്‍ ഏറ്റെടുക്കാന്‍ തയ്യാറായി വന്നെങ്കിലും എംബസി അധികൃതര്‍ നല്‍കിയില്ല. മാതാപിതാക്കള്‍ ഒരു കുട്ടിയെ മതിയെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ആ കുട്ടിക്ക് മാത്രമേ ആസ്‌ത്രേലിയന്‍ പൗരത്വം ലഭിക്കുകയുള്ളു. നിയമനടപടികളനുസരിച്ച് ഇരട്ട സഹോദരങ്ങളില്‍ ഒരാളുടെ മേല്‍നോട്ടം ഇന്ത്യ വഹിക്കും.