Connect with us

Sports

വടക്കും കിഴക്കും ഒന്നാണ്

Published

|

Last Updated

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മ. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി (എന്‍ ഇ യു എഫ് സി) പ്രതിനിധാനം ചെയ്യുന്നത് ഈ കൂട്ടായ്മയെയാണ്. അതു കൊണ്ടു തന്നെ ഞങ്ങള്‍ എട്ട് പേര്‍ എന്നതാണ് ക്ലബ്ബിന്റെ ഔദ്യോഗിക ഗാനം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കലാ സാംസ്‌കാരികതയെ എല്ലാം തന്നെ ഉയര്‍ത്തിക്കാണിക്കുന്നതാണ് ഗാനം.
ക്ലബ്ബ് ഉടമകളിലൊരാളായ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം എന്‍ ഇ യു എഫ സിയുടെ ഏറ്റവും വലിയ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നത് എട്ട് സംസ്ഥാനങ്ങളുടെ വൈവിധ്യങ്ങളുടെ കരുത്താണ്. മറ്റ് ടീമുകളെല്ലാം തന്നെ ഏതെങ്കിലുമൊരു നഗരത്തെ കേന്ദ്രീകരിച്ച് വരുമ്പോള്‍ എന്‍ ഇ യു എഫ് സി ഇന്ത്യയുടെ ഒരു പ്രകൃതിയെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. എട്ട് സംസ്ഥാനങ്ങളില്‍ ഫാന്‍ ബേസ് ഉള്ള ഏക ഐ എസ് എല്‍ ടീമും ഇതുതന്നെ.
അത്‌ലറ്റിക്കൊ ഡി കൊല്‍ക്കത്തയെ പോലെ വിദേശ പണമല്ല എന്‍ ഇ യു എഫ് സിയുടെ കരുത്ത്. ഐ ലീഗില്‍ കളിക്കുന്ന ഷില്ലോംഗ് കേന്ദ്രീകരിച്ചുള്ള ലജോംഗ് എഫ് സിയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്നു. എഫ് സി ഗോവയെ പോലെ തന്നെ ഐ ലീഗ് ബന്ധമുള്ള ടീം.
ഐ എസ് എല്ലിലെ യുവനിരയും ഇതു തന്നെ. ശരാശരി പ്രായം 21-22 ആണ്.
സ്‌പെയ്‌നിനൊപ്പം ലോകകപ്പ് ജയിച്ച ജുവാന്‍ കാപ്‌ഡെവിയയാണ് മാര്‍ക്വൂ താരം. എയ്ബര്‍ ഖോംജി, പ്രിതം കുമാര്‍ സിംഗ്, റോബിന്‍ ഗുരുംഗ് എന്നീ യുവതാരങ്ങള്‍ക്ക് പ്രതിരോധത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കാപ്‌ഡെവിയയുടെ പരിചയ സമ്പത്ത് ധാരാളം.
മധ്യനിരയില്‍ ദക്ഷിണകൊറിയന്‍ താരം ഡോ ഡോംഗ്-ഹ്യുനാണ് താരം. ഷില്ലോംഗ് ലജോംഗിന്റെ ചുറുചുറുക്കുള്ള മിലന്‍ സിംഗും ജിബോന്‍ സിംഗും ബെയ്‌തോംഗ് ഹോകിപും ചേരുന്നതോടെ മധ്യനിര ചടുലമാകും. ഐ ലീഗില്‍ ഒരുമിച്ചു കളിച്ച മൂവര്‍ സംഘത്തിന് ഡോംഗിന്റെ കുതിപ്പിനൊപ്പം എത്താന്‍ സാധിക്കും.
പരിചയ സമ്പന്നനായ ന്യൂസിലാന്‍ഡ് കോച്ച് റിക്കി ഹെര്‍ബെര്‍ട് തന്ത്രമൊരുക്കുന്നതാണ് എന്‍ ഇ യു എഫ് സിയുടെ മറ്റൊരു സവിശേഷത.
ഈസ്റ്റ്ബംഗാളില്‍ ചേര്‍ന്ന ന്യൂസിലാന്‍ഡിന്റെ മുന്‍ ലോകകപ്പ് താരം ലിയോ ബെര്‍ടോസ് ഐ എസ് എല്ലില്‍ എന്‍ ഇ യു എഫ് സിക്ക് കളിക്കാന്‍ ധാരണയായതും പ്ലസ് പോയിന്റാണ്.
നിലവാരമുള്ള ഗോള്‍കീപ്പര്‍ ഏതൊരു ടീമിന്റെയും അടിത്തറയാണ്. അലെക്‌സാന്‍ഡ്രോസ് സോര്‍വാസ് എന്ന ഗ്രീക്ക് ഗോളി വടക്ക് കിഴക്കന്‍ ടീമിന്റെ തുറുപ്പ് ചീട്ടാണ്. 2010 ലോകകപ്പില്‍ ഗ്രീസ് ടീമിലുണ്ടായിരുന്നു സോര്‍വാസ്.
വിംഗുകളിലൂടെ തുളച്ച് കയറാന്‍ ഇരുപത്തിമൂന്നുകാരനായ ബൊയ്‌തോംഗ് ഹോകിപുണ്ട്. വിംഗുകളില്‍ നിന്ന് കൃത്യമായ ക്രോസിംഗുകള്‍ ഹോകിപിനെ അപകടകാരിയാക്കുന്നു.
2012 ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് നേടിയ സാംബിയയുടെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ഇസാക് ചാന്‍സ ടീമിന് മുതല്‍ക്കൂട്ടാണ്. മുപ്പതുകാരന്റെ പരിചയ സമ്പന്നതക്ക് എതിരാളികള്‍ വില നല്‍കേണ്ടി വരും. ട്രിനിഡാഡ്-ടൊബാഗോ സ്‌ട്രൈക്കര്‍ കോര്‍നെല്‍ ഗ്ലെനിന് പ്രായം 33 ആയി. 2006 ലോകകപ്പ് കളിച്ച താരത്തിന് ഇന്നും ബോക്‌സിനുള്ളില്‍ തലവേദന സൃഷ്ടിക്കാനാകും.
ഇംഗ്ലീഷ് ക്ലബ്ബ് പോര്‍ട്‌സ്മൗതിന്റെ അക്കാദമി താരം ജെയിംസ് കീനിന്റെ കായിക ക്ഷമത അപാരമാണ്. ഓട്ടത്തിനിടെ തൊടുക്കുന്ന വെടിയുണ്ടകള്‍ മാരകവും.

ടീമില്‍ ഇവര്‍:

ഇന്ത്യന്‍ താരങ്ങള്‍: കുസാംഗ് ബൂട്ടിയ, റെഹനേഷ് ടി പി, എയ്‌ബോര്‍ ഖോംജി, ജിബോന്‍ സിംഗ്, പി കെ സിംഗ്, റോബിന്‍ ഗുരുംഗ്, അലെന്‍ ഡിയോറിര, ബോയ്‌തോംഗ് ഹോകിപ്, ഡേവിഡ് ഗെയ്‌തെ, മിലന്‍ സിംഗ്, സോദിന്‍ഗ്ലിയാന, ദുര്‍ഗ ബൊറോ, റെഡിം ലാംഗ്, സിമിന്‍ലെന്‍ ദൗഗെല്‍.

വിദേശ താരങ്ങള്‍: അലക്‌സാന്‍ഡ്രൊസ് സോര്‍വാസ് (ഗ്രീസ്) ജോന്‍ കോപ്‌ഡെവിയ (സ്‌പെയിന്‍), മസാംബ ലോ സാബോ (സെനെഗല്‍), മിഗ്വേല്‍ ഗാര്‍സിയ (പോര്‍ച്ചുഗല്‍), തോമസ് ജോല്‍ (ചെക് റിപബ്ലിക്), ഡു ഡോംഗ് ഹ്യുന്‍ (ദ.കൊറിയ), ഗുല്‍ഹെര്‍മെ ഫിലിപ് കാസ്‌ട്രോ (ബ്രസീല്‍), ഇസാക് ചന്‍സ, കോഡ്‌വാനി തോംഗ (ഇരുവരും സാംബിയ), കോര്‍നെല്‍ ഗ്ലെന്‍ (ട്രിനിഡാഡ്-ടൊബാഗോ), ജെയിംസ് കീന്‍ (ഇംഗ്ലണ്ട്), ലൂയിസ് പാഡിയ (കൊളംബിയ), സെര്‍ജിയോ പര്‍ഡോ (സ്‌പെയിന്‍).

Latest