Connect with us

Kerala

ബിവറേജ് തുറക്കാന്‍ കത്ത് നല്‍കിയ പാര്‍ട്ടി നേതാക്കളെ സ്ഥാനത്ത് നിന്ന് നീക്കി

Published

|

Last Updated

തൊടുപുഴ: വെള്ളത്തൂവലില്‍ അടച്ചു പൂട്ടിയ ബീവറേജ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാല തുറക്കാന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന് കത്തു നല്‍കിയ കോണ്‍ഗ്രസ്, സി പി എം, സി പി ഐ നേതാക്കളുടെ കസേര തെറിച്ചു. കോണ്‍ഗ്രസ് (ഐ) വെള്ളത്തൂവല്‍ മണ്ഡലം സെക്രട്ടറി റോയി ജോണ്‍, സി പി എം ലോക്കല്‍ സെക്രട്ടറി ഇ ജി സത്യന്‍, സി പി ഐ ലോക്കല്‍ സെക്രട്ടറി കെ ബി ജോണ്‍സണ്‍, വെള്ളത്തൂവല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ എന്‍ സജി എന്നിവരാണ് മന്ത്രിക്ക് കത്തയച്ചത്. ഇവരില്‍ സജിയൊഴികെ ഉള്ളവര്‍ക്കാണു പണികിട്ടിയത്.

സി പി എം വെള്ളത്തുവല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ ജി സത്യനെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ ലോക്കല്‍ കമ്മിറ്റിയും അടിമാലി ഏരിയ കമ്മിറ്റിയും തീരുമാനിച്ചു. സെക്രട്ടറി സത്യന്റെ നടപടി പാര്‍ട്ടി വിരുദ്ധമാണ്. ഇതു പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി പാര്‍ട്ടി വിലയിരുത്തി. ഈ സഹചര്യത്തിലാണ് നടപടി. കീഴ്ഘടകത്തിന്റെ തീരുമാനത്തിന് അംഗീകാരം നല്‍കിയതായി സെക്രട്ടറി എം എം മണി അറിയിച്ചു.
മണ്ഡലം സെക്രട്ടറി റോയി ജോണിനെ സ്ഥാനത്തു നിന്ന് നീക്കിയതായി ഇടുക്കി ഡി സി സി പ്രസിഡന്റ് റോയ് കെ പൗലോസ് അറിയിച്ചു. സി പി ഐ നേതാവ് ജോണ്‍സണെതിരെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയതായി പാര്‍ട്ടി ജില്ലാ നേതൃത്വം അറിയിച്ചു. വെള്ളത്തൂവലിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥയും ടൂറിസം, വികസന സാധ്യതകളും ചൂണ്ടി കാണിച്ച് മദ്യവില്‍പ്പനശാല തുറക്കണമെന്നാവശ്യപ്പെട്ടാണ് പ്രത്യേകം കത്തുകള്‍ നല്‍കിയത്. ഈ കത്തുകള്‍ മന്ത്രിയുടെ ഓഫീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയതോടെയാണ് നേതാക്കള്‍ കുടുക്കിലായത്.
ഇതിനിടെ പൂട്ടിയ വെള്ളത്തൂവല്‍ ബിവറേജസ് ഔട്ട്‌ലെറ്റ് വീണ്ടും തുറന്നാല്‍ സത്യഗ്രഹ സമരം നടത്തുമെന്ന് മനുഷ്യാവകാശ സംരക്ഷണ സമിതി മുന്നറിയിപ്പ് നല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനും കുടുംബ ബന്ധങ്ങള്‍ തകരുന്നതിനും മദ്യത്തിനും മയക്കുമരുന്നിനും വലിയ പങ്കുണ്ട്. ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ പൂട്ടിയ ബിവറേജ് ഔട്ട് ലെറ്റ് തുറക്കണമെന്ന് ആവശ്യപ്പെടുന്നത് സാമൂഹിക വിരുദ്ധനടപടിയാണെന്ന് സംസ്ഥാന പ്രസിഡന്റ് അശോകന്‍ എ കെ.നഗര്‍, ജില്ലാ പ്രസിഡന്റ് ദേവസ്യ ആല്‍പാറ ആരോപിച്ചു.