Connect with us

Ongoing News

യൂറോ യോഗ്യത: ഇംഗ്ലണ്ടിന് വന്‍ ജയം സ്‌പെയ്‌നിനെ അട്ടിമറിച്ച് സ്ലൊവാക്യ

Published

|

Last Updated

2016 യൂറോ യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ട് തുടരെ രണ്ടാം ജയം നേടിയപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ പരാജയമേറ്റുവാങ്ങി. ഉക്രൈന്‍, മാസിഡോണിയ, ലിത്വാനിയ, സ്ലൊവാനിയ, സ്ലൊവാക്യ, ആസ്ത്രിയ, ടീമുകള്‍ക്ക് ജയം. തുല്യശക്തികളുടെ പോരില്‍ റഷ്യയും സ്വീഡനും ഓരോ ഗോളടിച്ച് പിരിഞ്ഞു.

ഗ്രൂപ്പ് സി
സ്‌പെയ്‌നിനെ ഞെട്ടിച്ച് സ്ലൊവാക്യന്‍ കുതിപ്പ്

എട്ട് വര്‍ഷത്തിനിടെ സ്‌പെയിന്‍ ആദ്യമായി യൂറോ യോഗ്യതാ മത്സരത്തില്‍ പരാജയപ്പെട്ടു. സ്ലൊവാക്യയാണ് വിസെന്റ് ഡെല്‍ബൊസ്‌കിന്റെ സ്പാനിഷ് നിരയെ ഞെട്ടിച്ചത്. പതിനേഴാം മിനുട്ടില്‍ കുക്കയും എണ്‍പത്തേഴാം മിനുട്ടില്‍ സ്റ്റോചും സ്ലൊവാക്യക്കായി ഗോളടിച്ചു. എണ്‍പത്തിരണ്ടാം മിനുട്ടില്‍ അല്‍കാസിര്‍ ഗാര്‍സിയ സ്‌പെയ്‌നിന്റെ ആശ്വാസ ഗോളടിച്ചു.
2006 ഒക്‌ടോബറില്‍ 2008 യൂറോ യോഗ്യതാ റൗണ്ടില്‍ സ്വീഡനോട് തോറ്റതിന് ശേഷം സ്‌പെയിന്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. 2006 മുതല്‍ ലോകകപ്പ്, യൂറോ കപ്പ് യോഗ്യതാ റൗണ്ടുകളിലായി പരാജയമറിയാതെ 37 മത്സരങ്ങള്‍ പിന്നിട്ട ശേഷമുള്ള തോല്‍വി സ്‌പെയിന്‍ ഫുട്‌ബോള്‍ അധികൃതരെ ചിന്തിപ്പിക്കും.
ചെല്‍സിക്ക് വേണ്ടി ഏഴ് മത്സരങ്ങളില്‍ ഒമ്പത് ഗോളുകള്‍ നേടിയ ഡിയഗോ കോസ്റ്റ സ്‌പെയിനിന് വേണ്ടി ആറ് കളികളില്‍ ഗോളൊന്നും നേടിയിട്ടില്ല.
കോച്ച് വിസെന്റ് ഡെല്‍ ബൊസ്‌കിന്റെ തന്ത്രങ്ങള്‍ കോസ്റ്റക്ക് അനുയോജ്യമല്ലെന്ന വിമര്‍ശമാണുയരുന്നത്.
ഉക്രൈന്‍ 2-0ന് ബെലാറസിനെയും മാസിഡോണിയ 3-2ന് ലക്‌സംബര്‍ഗിനെയും തോല്‍പ്പിച്ചു. ആറ് പോയിന്റോടെ സ്ലൊവാക്യയാണ് മുന്നില്‍. മാസിഡോണിയ, സ്‌പെയിന്‍, ഉക്രൈന്‍ മൂന്ന് പോയിന്റുകള്‍ വീതം നേടി.

ഗ്രൂപ്പ് ഇ
ഇംഗ്ലണ്ടും ലിത്വാനിയയും കുതിക്കുന്നു

റോയ് ഹൊഗ്‌സന്റെ ഇംഗ്ലീഷ് പട ആക്രമണഫുട്‌ബോള്‍ അഴിച്ചു വിട്ടപ്പോള്‍ സാന്‍ മാരിനോ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ന്ന് തരിപ്പണം. ജാഗിയല്‍ക (24), വെയിന്‍ റൂണി (43), ഡാനി വെല്‍ബെക്ക് (49), ടൗണ്‍സെന്‍ഡ് (72) എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. എഴുപത്തേഴാം മിനുട്ടില്‍ അഞ്ചാം ഗോള്‍ സെല്‍ഫ് ആയിരുന്നു. ഡെല്ല വാലെയാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്.
ലോകകപ്പില്‍ ഗ്രൂപ്പ് റൗണ്ടിലേറ്റ മാനക്കേടില്‍ നിന്ന് തലയൂരാനുള്ള വേദിയായിട്ടാണ് ഇംഗ്ലണ്ട് യൂറോ യോഗ്യതയെ കാണുന്നത്. റോയ് ഹൊഗ്‌സന് പരിശീലക സ്ഥാനത്ത് തുടരാന്‍ പച്ചക്കൊടി കാണിച്ച ഇംഗ്ലീഷ് എഫ് എയുടെ തീരുമാനം ശരിവെക്കുന്നതാണ് തുടര്‍ ജയങ്ങള്‍. ടീമിനെ മുന്നില്‍ നിന്ന് നയിച്ച് റൂണി തിളങ്ങി.
ഹെഡര്‍ ഗോളിലൂടെ ജാഗിയല്‍ക നല്‍കിയ മുന്‍തൂക്കം നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ വെയിന്‍ റൂണിയുടെ പെനാല്‍റ്റി ഗോളില്‍ വര്‍ധിപ്പിച്ചു. റൂണി ദേശീയ ടീമിനായി നേടുന്ന നാല്‍പ്പത്തിരണ്ടാം ഗോള്‍.
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഇരട്ട ഗോളുകളോടെ തിളങ്ങിയ ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഡാനി വെല്‍ബെക്ക് ഫോം തുടര്‍ന്നു. തുടരെ രണ്ടാം മത്സരത്തിലും ഗോള്‍.
വെല്‍ബെക്കിന് പകരമെത്തിയ ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡും ഗോളടിച്ചതോടെ ഇംഗ്ലണ്ടിന് എതിരില്ലാതായി. അഞ്ചാം ഗോള്‍ റൂണിയുടെ ക്രോസില്‍ നിന്നായിരുന്നു. അലസാന്‍ഡ്രോ ഡെല്ല വാലെയുടെ ദേഹത്ത് തട്ടി പന്ത് വലയില്‍ കയറിയതോടെ സെല്‍ഫ് ഗോളായി മാറി.
ക്ലബ്ബിനും രാജ്യത്തിനുമായി കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടിയ ഡാനി വെല്‍ബെക്കിന്റെ ഫോം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ലൂയിസ് വാന്‍ ഗാലിനെ ചിന്തിപ്പിക്കുന്നുണ്ടാകും. റഡാമെല്‍ ഫാല്‍കോ ടീമിലെത്തിയപ്പോള്‍ ഡാനി വെല്‍ബെക്കിനെ ആഴ്‌സണലിന് വിട്ടുകൊടുത്താണ് വാന്‍ ഗാല്‍ യുനൈറ്റഡ് നിരയെ സന്തുലിതമാക്കിയത്. ഫാല്‍കോ ഉള്‍പ്പടെയുള്ള മുന്‍നിര ഇനിയും ഫോം കണ്ടെത്തിയിട്ടില്ല. വെല്‍ബെക്കാണെങ്കില്‍ തകര്‍പ്പന്‍ ഫോമിലും. എസ്‌തോണിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ലിത്വാനിയ ജൈത്രയാത്ര തുടര്‍ന്നത്.
എഴുപത്താറാം മിനുട്ടില്‍ മികോലുനാസാണ് വിജയഗോള്‍ നേടിയത്. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ സ്ലോവാനിയയുടെ വിജയഗോള്‍ എഴുപത്തൊമ്പതാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ നൊവാകോവിച് നേടി.
ഗ്രൂപ്പില്‍ ആറ് പോയിന്റോടെ ഇംഗ്ലണ്ടും ലിത്വാനിയയും മുന്നില്‍. എസ്‌തോണിയ, സ്ലൊവാനിയ മൂന്ന് പോയിന്റോടെ പിറകില്‍.

ഗ്രൂപ്പ് ജി
സ്വീഡന്‍ സമനില പൊരുതിയെടുത്തു
റഷ്യക്കെതിരെ പത്താം മിനുട്ടില്‍ പിറകിലായ സ്വീഡന്‍ നാട്ടുകാര്‍ക്ക് മുന്നില്‍ രണ്ടാം പകുതിയില്‍ സമനില പൊരുതിയെടുത്തു. നാല്‍പ്പത്തൊമ്പതാം മിനുട്ടില്‍ തൊയ്‌വോനെനാണ് സ്വീഡന് വേണ്ടി ലക്ഷ്യം കണ്ടത്. കൊകോറിന്‍ റഷ്യയെ മുന്നിലെത്തിച്ചു.
ആസ്ത്രിയയുടെ ജയം എവേ മത്സരത്തിലായിരുന്നു. മൊള്‍ഡോവക്കെതിരെ 2-1ന് ജയിച്ചതോടെ നാല് പോയിന്റോടെ ഗ്രൂപ്പില്‍ മുന്‍നിരയില്‍ ആസ്ത്രിയ സ്ഥാനം പിടിച്ചു. റഷ്യയും മോണ്ടെനെഗ്രോയുമാണ് നാല് പോയിന്റ് നേടിയ മറ്റ് ടീമുകള്‍.