Connect with us

Ongoing News

സൗഹൃദ ഫുട്‌ബോള്‍: ബ്രസീല്‍ അര്‍ജന്റീനയെ 2-0ന് തകര്‍ത്തു

Published

|

Last Updated

ബീജിംഗ്: ലയണല്‍ മെസി പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ അര്‍ജന്റീന ബ്രസീലിന് മുന്നില്‍ തകര്‍ന്നു (2-0). ഡീഗോ ടാര്‍ഡേലിയുടെ ഇരട്ട ഗോളുകളാണ് ബ്രസീലിന് ജയമൊരുക്കിയത്. ആദ്യ പകുതിയില്‍ ആക്രമിച്ചു കളിച്ച അര്‍ജന്റീനയെ ഞെട്ടിച്ചു കൊണ്ട് മഞ്ഞപ്പട 31 ാം മിനിറ്റില്‍ ഗോള്‍ നേടി.
പെനാല്‍റ്റി ബോക്‌സിലേക്ക് ഉയര്‍ന്ന് വന്ന പന്ത് രണ്ട് അര്‍ജന്റീനക്കാര്‍ ചേര്‍ന്ന് ക്ലിയര്‍ ചെയ്തപ്പോള്‍ പന്ത് ഡീഗോ ടാര്‍ഡേലിയുടെ മുന്നില്‍. ഒട്ടും താമസിച്ചില്ല, പന്ത് നിലമിറങ്ങും മുമ്പെ ഗോളിലെത്തി.രാജ്യാന്തര ഫുട്‌ബോളില്‍ ടാര്‍ഡേലിയുടെ ആദ്യ ഗോളായിരുന്നു ഇത്. 10 മിനിറ്റിന് ശേഷം പെനാല്‍റ്റി ലഭിച്ചതോടെ അര്‍ജന്റീനക്ക് ആശ്വാസമായി. എന്നാല്‍, മെസ്സി വില്ലനാകുന്ന കാഴ്ച. മികച്ച ഫോമില്‍ കളിച്ച ഡിമരിയയെ പോസ്റ്റിനുള്ളില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയാണ് മെസ്സി പാഴാക്കിയത്.
ബാഴ്‌സയുടെ ലോകതാരത്തിന്റെ ഷോട്ട് ബ്രസീല്‍ ഗോളി അനായാസം തട്ടിയകറ്റി.രണ്ടാം പകുതിയില്‍ ഇരുടീമുകളും ഒറ്റപ്പെട്ട നീക്കങ്ങളുമായി മുന്നേറുന്നതിനിടെ ടാര്‍ഡേലി വീണ്ടും അര്‍ജന്റീനയെ ഞെട്ടിച്ചു. ഓസ്‌കറിന്റെ കോര്‍ണര്‍ ഡേവീഡ് ലൂയിസിന്റെ ഹെഡറില്‍ നിന്ന് ടാര്‍ഡേലിക്ക് മുന്നിലേക്ക്. മാര്‍ക്ക് ചെയ്യപ്പെടാതെ വലതുമൂലയില്‍ നിന്ന ടാര്‍ഡേലി പന്ത് ഹെഡ് ചെയ്ത് വലയിലേക്കിട്ടു. ബ്രസീല്‍ 2-0 ത്തിന് മുന്നില്‍. ബാഴ്‌സയുടെ സൂപ്പര്‍താരങ്ങള്‍ നിറംമങ്ങിയപ്പോള്‍ അര്‍ജന്റീനയ്‌ക്കെതിരെ രണ്ട് ഗോളുമായി ഡീഗോ ടാര്‍ഡേലി എന്ന ചെറുപ്പക്കാരന്‍ തന്റെ രാജ്യാന്തര തലത്തിലെ ഗോള്‍വേട്ട തുടങ്ങി. നെയ്മര്‍ ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്തെത്തിക്കുന്നതില്‍ പരാജയപ്പെട്ടത് ബ്രസീല്‍ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു.ലോകകപ്പ് ക്വാര്‍ട്ടറില്‍ ജര്‍മനിയോട് നാണംകെട്ട ബ്രസീലിനും പുതിയ കോച്ച് ദുംഗയ്ക്കും ഏറെ ആത്മവിശ്വാസം പകരുന്നതായി ഇന്നത്തെ വിജയം.
ലോകജേതാക്കളായ ജര്‍മനിയെ സൗഹൃദ മത്സരത്തില്‍ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലായിരുന്നു അര്‍ജന്റീന മഞ്ഞപ്പടയെ നേരിടാനിറങ്ങിയത്. കാല്‍പ്പന്ത് മൈതാനത്ത് ഒരു നൂറ്റാണ്ട് പിന്നിട്ട പകയുടെ അധ്യായത്തില്‍ ഇതോടെ ബ്രസീലും അര്‍ജന്റീനയും വിജയത്തില്‍ തുല്യരായി. ലാറ്റിനമേരിക്കന്‍ യുദ്ധം എന്ന് ഫുട്‌ബോള്‍ ലോകം വിശേഷിപ്പിക്കുന്ന അര്‍ജന്റീന-ബ്രസീല്‍ ആദ്യ പോരാട്ടം 1914 സപ്തംബര്‍ 20നാണ് അരങ്ങേറിയത്.
അവിടെത്തുടങ്ങിയ മൈതാനയുദ്ധത്തിന്റെ 96 എപ്പിസോഡുകളാണ് ഇക്കാലമത്രയും ആരാധകര്‍ക്ക് മുമ്പില്‍ അരങ്ങേറിയത്. 36 വട്ടം വീതം ഇരുടീമുകളും ജയിച്ച് ഇപ്പോള്‍ തുല്യരായി നില്‍ക്കുന്നു.

 

 

---- facebook comment plugin here -----

Latest