Connect with us

International

ഗാസയുടെ പുനര്‍നിര്‍മാണത്തിന് 212 മില്യന്‍ ഡോളറിന്റെ അമേരിക്കന്‍ സഹായം

Published

|

Last Updated

കൈറോ : ഗാസയുടെ പുനര്‍നിര്‍മാണത്തിനായി 212 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കുമെന്ന് ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ നടന്ന ഗാസ റീ കണ്‍സ്ട്രക്ഷന്‍ കോണ്‍ഫറന്‍സില്‍ അമേരിക്ക വാഗ്ദാനം ചെയ്തു. അമ്പത് ദിവസം നീണ്ടുനിന്ന ഇസ്‌റാഈല്‍ – ഹമാസ് സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ ഭാഗമായി മൊത്തം നാല് ബില്യണ്‍ ഡോളറിന്റെ സഹായമാണ് ഫലസ്തീന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചത്. യുദ്ധത്തെത്തുടര്‍ന്ന് ഒരു ലക്ഷത്തോളം ഗാസക്കാര്‍ക്ക് അവരുടെ വീടുകള്‍ നഷ്ടപ്പെടുകയും മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. അതേ സമയം ഫലസ്തീനും ഈജിപ്ത് പ്രസിഡന്റും ഇസ്‌റാഈലിനോട് ദീര്‍ഘകാല സമാധാന ഉടമ്പടിക്ക് മുന്‍കൈയെടുക്കാന്‍ ആവശ്യപ്പെട്ടു. 1967ല്‍ നടന്ന മധ്യപൗരസ്ത്യ യുദ്ധത്തിന്റെ ഭാഗമായി കൈയടക്കിയ ഭൂമി ഇസ്‌റാഈലിനോട് തിരികെ താരാന്‍ ആവശ്യപ്പെട്ട മഹ്മൂദ് അബ്ബാസും അബ്ദുല്‍ ഫത്ത അല്‍ സീസിയും ഫലസ്തീന്‍ അഭയാര്‍ഥികളെ കൈമാറുന്ന കാര്യത്തില്‍ അനുയോജ്യമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ഏഴ് ആഴ്ച നീണ്ടുനിന്ന ഗാസയിലെ സംഘര്‍ഷം ആഗസ്ത് 26നുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറോടെയാണ് അവസാനിച്ചത്. സംഘര്‍ഷത്തില്‍ 2,100ല്‍ അധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. സംഘര്‍ഷത്തില്‍ 67 ഇസ്‌റാഈല്‍ സൈനികരും അറ് സിവിലിയന്‍മാരും കൊല്ലപ്പെട്ടതായി യു എന്‍ വ്യക്തമാക്കിയിരുന്നു. ശൈത്യകാലം വരാനിരിക്കെ വീട് നഷ്ടപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനികള്‍ക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. അവര്‍ക്ക് സഹായം നാളെയോ അടുത്ത ആഴ്ചയോ അല്ല ഇപ്പോള്‍തന്നെ ലഭിക്കേണ്ടതുണ്ടെന്നും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഈജിപ്ത് പ്രസിഡന്റ് സീസി ആഥിത്യം വഹിച്ച കോണ്‍ഫറന്‍സില്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ഇ യു വിദേശകാര്യ നയതന്ത്ര മേധാവി കാതറിന്‍ ആഷ്‌ടോണ്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

Latest