Connect with us

National

ഹുദ് ഹുദ് ശക്തി കുറയുന്നു; ബുധനാഴ്ച്ച വരെ കനത്ത മഴ തുടരും

Published

|

Last Updated

വിശാഖപട്ടണം/ ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വിനാശകാരിയായ ഹുദ് ഹുദ് ചുഴലിക്കാറ്റ് ആന്ധ്രയിലെയും ഒഡീഷയിലെയും തീരദേശ ജില്ലകളില്‍ സംഹാര താണ്ഡവമാടി. തീരദേശ ജില്ലകളില്‍ സാരമായ നാശനഷ്ടങ്ങള്‍ വിതച്ചാണ് ചുഴലിക്കാറ്റ് കടന്നുപോയത്. ഇന്നലെ കാലത്ത് പതിനൊന്ന് മണിയോടെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ കൈലാഷ് ഗിരിയിലാണ് ഹുദ് ഹുദ് ആദ്യമെത്തിയത്. മണിക്കൂറില്‍ ഇരുനൂറ് കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് തീരപ്രദേശങ്ങളില്‍ വീശിയടിച്ചത്. ശക്തമായ കാറ്റും മഴയും കാരണമുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ആന്ധ്ര പ്രദേശില്‍ മൂന്ന് പേരും ഒഡീഷയില്‍ മൂന്ന് പേരുമാണ് മരിച്ചത്. ശ്രീകാകുളത്ത് ഒരാളും വിശാഖപട്ടണത്ത് രണ്ട് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. വിശാഖപട്ടണത്ത് മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. ഒഡീഷയിലെ കേന്ദ്രപാറയില്‍ രണ്ടും പുരിയില്‍ ഒരാളുമാണ് മരിച്ചത്.

ആന്ധ്രയിലെ വിശാഖപട്ടണം, ശ്രീകാകുളം, വിഴിനഗരം ജില്ലകളിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. വിശാഖപട്ടണത്തെ 320 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. ഇവിടെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ശക്തമായ തിരമാലകളാണ് ഉണ്ടായത്. ആന്ധ്രയിലെയും ഒഡീഷയിലെയും മിക്ക പ്രദേശങ്ങളിലും കനത്ത മഴയാണ്. പ്രദേശത്തെ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
മിക്ക പ്രദേശങ്ങളിലും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തടസ്സപ്പെട്ടു. കനത്ത കാറ്റില്‍ വൈദ്യുതി സംവിധാനം താറുമാറായി. തീരദേശ ജില്ലകളുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലായി. മൊബൈല്‍ ടവറുകളും മരങ്ങളും കടപുഴകി വീണു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഛത്തീസ്ഗഢ്. ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
ബുധനാഴ്ച ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിനടുത്തായിരുന്നപ്പോള്‍ മണിക്കൂറില്‍ പരമാവധി തൊണ്ണൂറ് കിലോമീറ്റര്‍ വേഗമുണ്ടായിരുന്ന ഹുദ് ഹുദിന് ശനിയാഴ്ച വൈകീട്ട് 130 കിലോമീറ്റര്‍ വേഗമായി. ഇരുനൂറ് കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റ് തീരത്തോടടുത്തത്. ഇന്നലെ രാത്രിയോടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 90 മുതല്‍ നൂറ് വരെ കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെയോടെ കാറ്റിന്റെ ശക്തി ഇനിയും കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
വിശാഖപ്പട്ടണത്ത് ദേശീയ പാതകള്‍ ഉള്‍പ്പെടെ പ്രധാന റോഡുകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. തകര്‍ന്ന ഗ്ലാസുകളും ആസ്ബസ്റ്റോസ് ഷീറ്റുകളും മരങ്ങളും വീണ് റോഡുകള്‍ നിറഞ്ഞിരിക്കുകയാണ്. ഇവ കാറ്റില്‍ ദേഹത്ത് വീണ് അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പ്രധാനന്ത്രി നരേന്ദ്ര മോദി ആന്ധ്രാപ്രദേശ്മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ഫോണില്‍ വിളിച്ച് സാധ്യമായ എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് ഉറപ്പ് നല്‍കി. ഒരോ മണിക്കൂറുകള്‍ ഇടവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആന്ധ്ര മുഖ്യമന്ത്രിയുമായും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായും ഫോണില്‍ ബന്ധപ്പെട്ടു. ഇരു സംസ്ഥാനങ്ങള്‍ക്കും എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും അറിയിച്ചു. ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു ആവശ്യപ്പെട്ടു.

ആന്ധ്ര മുഖ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാ ദൗത്യത്തിനായി ദേശീയ ദുരന്തനിവാരണ സേന (എന്‍ സി എ ആര്‍ എഫ്) 39 സംഘങ്ങളെയാണ് പ്രദേശങ്ങളില്‍ എത്തിച്ചിരിക്കുന്നത്. 1,680 രക്ഷാപ്രവര്‍ത്തകര്‍ ഈ ടീമുകളിലുണ്ട്. 199 റബ്ബര്‍ ബോട്ടുകളും ആറ് ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. കര, വ്യോമ, നാവിക സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. 155 മെഡിക്കല്‍ സംഘങ്ങളെയാണ് വിവിധ ജില്ലകളിലായി സേവനങ്ങള്‍ക്ക് നിയോഗിച്ചത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം ഉന്നതതല യോഗം ചേര്‍ന്നു.
ഹുദ് ഹുദ് തീരത്തോടടുത്തതിനെ തുടര്‍ന്ന് എട്ടര ലക്ഷത്തിലേറെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു. ആന്ധ്രാ പ്രദേശില്‍ മാത്രം മൂന്ന് ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 90,013 പേരെയാണ് ആന്ധ്രയിലെ ശ്രീകാകുളം, വിഴിനഗരം, വിശാഖപട്ടണം, ഈസ്റ്റ് ഗോദാവരി ജില്ലകളില്‍ നിന്നായി ഇന്നലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ഒഡീഷയിലെ തീരദേശ ജില്ലകളില്‍ നിന്ന് 68,000 പേരെയും മാറ്റിയിട്ടുണ്ട്. 62 ട്രെയിനുകള്‍ റദ്ദാക്കി. 51 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. ധന്‍ബാദ്- ആലപ്പുഴ എക്‌സ്പ്രസ്, തിരുവനന്തപുരം- ഷാലിമാര്‍ എക്‌സ്പ്രസ് എന്നിവയും വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ 8.45ന് പുറപ്പെടേണ്ട കോറമണ്ഡല്‍ എക്‌സ്പ്രസ് വൈകീട്ട് ആറ് മണിക്കേ ചെന്നൈയില്‍ നിന്ന് പുറപ്പെടുകയുള്ളൂ. നിരവധി വിമാന സര്‍വീസുകളും റദ്ദാക്കി. വിജയവാഡ- വിശാഖപ്പട്ടണം- തിരുപ്പതി, തിരുപ്പതി- വിശാഖപ്പട്ടണം- വിജയവാഡ സര്‍വീസുകളാണ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് റദ്ദാക്കിയത്. ബംഗളൂരു- ഹൈദരാബാദ് വിമാന സര്‍വീസുകള്‍ മുടക്കമില്ലാതെ നടന്നു. വിശാഖപട്ടണത്ത് നടക്കേണ്ടിയിരുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് മൂന്നാം ഏകദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു.